ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കെ–റെയിൽ. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ–റെയിൽ വ്യക്തമാക്കി.

സിൽവർലൈൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിനു ഹഡ്കോ (ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപറേഷൻ) നൽകാമെന്നേറ്റ 3000 കോടി രൂപയുടെ അംഗീകാരപത്രത്തിന്റെ കാലാവധി രണ്ടാഴ്ച മുൻപ് അവസാനിച്ചു. പുതുക്കാനുള്ള അപേക്ഷ കെ റെയിൽ നൽകിയിരുന്നില്ല. ഇതിനെ തുടർന്നാണ് പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നെന്നു റിപ്പോർട്ടു വന്നത്.

റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് കെ–റെയിൽ വ്യക്തമാക്കി. അന്തിമാനുമതിക്കു മുന്നോടിയായി, ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക്് സമര്‍പ്പിച്ചിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരികയാണ്. സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടെയും നിലിവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടെയും റെയില്‍വേ ക്രോസുകളുടെയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്.

2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡിപിആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരത്തേതന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വേ ഭൂമിയുടെയും ലെവല്‍ ക്രോസുകളുടെയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും ദക്ഷിണ റെയില്‍വേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ലൈനിനു ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്. പദ്ധതി കടന്നുപോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും കെ–റെയിൽ വ്യക്തമാക്കി.

English Summary: Silverline Project Has Not Been Abandoned, Says K- Rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com