ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് ബിജെപിയില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം. സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന ചേരിയായി തിരിഞ്ഞാണു തര്‍ക്കം. ആഭ്യന്തര പ്രശ്നങ്ങൾ പുറത്തുവന്നു തുടങ്ങിയതോടെ അസ്വസ്ഥമായ നേതൃത്വം നേതാക്കൾക്കെതിരെ നടപടി തുടങ്ങി. സംസ്ഥാന കമ്മിറ്റിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ നേതാക്കൾ യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കരുതെന്നു കാണിച്ച് പ്രസിഡന്റ് സർക്കുലർ ഇറക്കി.

ബിജെപി തമിഴ് വികസന വിഭാഗം നേതാവായ നടി ഗായത്രി രഘുറാമിനെതിരെയും, ന്യൂനപക്ഷ വിഭാഗം നേതാവും അടുത്തിടെ ഡിഎംകെ വിട്ടു പാര്‍ട്ടിയിലെത്തിയ തിരുച്ചി സൂര്യ ശിവയ്ക്കെതിരെയും സംസ്ഥാന നേതൃത്വം അച്ചടക്കവാളെടുത്തു. പാർട്ടിവിരുദ്ധ നടപടികളുടെ പേരിൽ ഗായത്രി രഘുറാമിനെ ആറു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. സൂര്യശിവയെ അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ പാര്‍ട്ടി പരിപാടികളില്‍നിന്നു വിലക്കി.

നേതാക്കള്‍ തമ്മിൽ തെറിവിളി 

പാർട്ടി അംഗങ്ങള്‍ ഗായത്രി രഘുറാമുമായി യാതൊരു ബന്ധവും പുലര്‍ത്താന്‍ പാടില്ലെന്നും അണ്ണാമലൈയുടെ സര്‍ക്കുലറിലുണ്ട്. നിലവിൽ ഉത്തര്‍പ്രദേശിലെ കാശിയിൽ നടക്കുന്ന തമിഴ് സംഗമം പരിപാടിക്കു പല നേതാക്കളും പോയിരുന്നെങ്കിലും ഗായത്രിയെ ക്ഷണിച്ചിരുന്നില്ല. ഇതിനു പിന്നാലെ, പാർട്ടി നേതൃത്വത്തിന് എതിരായി ഗായത്രി ട്വിറ്ററില്‍ പോസ്റ്റിട്ടു. ചില യൂട്യൂബ് ചാനലുകളുടെ അഭിമുഖത്തിൽ പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിക്കുകയും ചെയ്തു.

തമിഴ്‌നാട് ബിജെപിയിലെ ആഭ്യന്തര സംഘർഷം വലിയ പ്രശ്‌നമായി മാറിയെന്നും മുതിർന്നവരെ മാറ്റിനിർത്തുകയും മുതിർന്ന നേതാക്കൾ പാർട്ടിയിൽ അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നും ഗായത്രി തുറന്നടിച്ചു. ഇതിനുപിന്നാലെയാണ് നടിക്കെതിരെ നടപടിയെടുത്തത്. അച്ചടക്ക നടപടി അംഗീകരിക്കുന്നുവെന്നും സ്ഥാനമാനങ്ങള്‍ കണ്ടല്ല പാര്‍ട്ടിയിലെത്തിയതെന്നും ജനങ്ങളെ സേവിക്കുന്നതു തുടരുമെന്നും ഗായത്രി പറഞ്ഞു.

സൂര്യയ്ക്കു വിനയായി ഫോണ്‍വിളിയിലെ അശ്ലീലം

ബിജെപി വനിതാ നേതാവിനോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിന്റെ പേരിലാണു ന്യൂനപക്ഷ വിഭാഗം നേതാവ് തിരുച്ചി സൂര്യശിവയെ പാർട്ടി പരിപാടികളിൽനിന്നു വിലക്കിയത്. ബിജെപി വനിതാ അംഗം ഡെയ്‌സി ശരണും സൂര്യ ശിവയും തമ്മിലുള്ള ടെലിഫോൺ സംഭാഷണം നിലവില്‍ തമിഴകത്ത് വൈറലാണ്. ഇതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ കനകസഭാപതിയോട് അണ്ണാമലൈ നിര്‍ദേശിച്ചു.

റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണു സൂര്യശിവയ്ക്കു നല്‍കിയ നിർദേശം. ആരും ഇയാളെ പരിപാടിക്കു വിളിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഏതാനും മാസം മുൻപ് ഡിഎംകെ നേതൃത്വത്തെ ഞെട്ടിച്ച് ബിജെപി അംഗത്വം സ്വീകരിച്ച സൂര്യശിവ, ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകനാണ്. പിതാവുമായി പിണങ്ങിയാണു സൂര്യ താമരക്കൂടാരം കയറിയതെന്നാണു ഡിഎംകെ അവകാശപ്പെട്ടിരുന്നത്.

English Summary: Tamilnadu BJP Clash updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com