ADVERTISEMENT

കോയമ്പത്തൂര്‍∙ മംഗളൂരു പ്രഷര്‍ കുക്കര്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാരിഖും സംഘവും സ്ഫോടനത്തിനു മുമ്പ് ശിവമോഗയിൽ ട്രയൽ നടത്തിയതായി കർണാടക പൊലീസ്. വനമേഖലയിലാണ് പ്രഷർ കുക്കർ ബോംബിന്റെ ട്രയൽ നടത്തിയതെന്നും സിഎഎ, ഹിജാബ് പ്രതിഷേധങ്ങൾ ആളിക്കത്താൻ ഇവർ വിഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചെന്നും ഇതിന്റെ മുഖ്യ ആസൂത്രകൻ എന്ന് കരുതുന്നയാൾ ഇപ്പോൾ യുഎഇയിലേക്ക് കടന്നതായി വിവരം ലഭിച്ചെന്നും അന്വേഷണ സംഘം സൂചന നൽകി.

കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദുപേരുകളിലാണ് ഷാരിഖ് താമസിച്ചതെന്നും തിരിച്ചറിയാതിരിക്കാൻ താടി ഉപേക്ഷിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. കർണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ ഷാരിഖിന്റെ ബന്ധുവീടുകളിൽ അടക്കം 18 ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. മംഗളൂരുവിലും മൈസൂരുവിലുമുള്ള വീടുകളിലാണ് ഇന്നു പരിശോധന നടന്നത്.

ശിവമോഗയിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. ഷാരിഖ് സന്ദര്‍ശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ ഇയാളുടെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങി. കോയമ്പത്തൂരില്‍ ഷാരിഖിനു സിം കാര്‍ഡ് എടുത്തു നല്‍കിയ ഊട്ടിയിലെ സ്വകാര്യ സ്കൂള്‍ അധ്യാപകന്‍ സുരേന്ദ്രനെ തുടര്‍ച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു. സ്ഫോടനത്തിൽ പരുക്കേറ്റ ഷാരിഖ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അതിനിടെ, കാര്‍ സ്ഫോടനക്കേസിലെ പ്രതികളെ മംഗളുരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ എന്‍ഐഎ നീക്കം തുടങ്ങി. കാര്‍ സ്ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമേഷ മുബിനും മംഗളൂരു പ്രഷര്‍ കുക്കര്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാരിഖും കൂടിക്കാഴ്ച നടത്തിയെന്നു സ്ഥിരീകരിച്ചതിനു പിറകെയാണു നീക്കം. സ്ഫോടനത്തിനു സാമ്പത്തിക സഹായം ചെയ്തുവെന്നു കരുതുന്ന ശിവമോഗ സ്വദേശിക്കായി എന്‍ഐഎ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

കോയമ്പത്തൂരിലെ ശിരിങ്കനെല്ലൂരില്‍ വച്ചാണ് കൊല്ലപ്പെട്ട ജമേഷ മുബിനും മുഹമ്മദ് ഷാരിഖും കണ്ടുമുട്ടിയതെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. സെപ്റ്റംബറിലും ഒക്ടോബറിലും കോയമ്പത്തൂരിലെത്തിയ ഷാരിഖ് ഗാന്ധിനഗറിലെ ഡോര്‍മിറ്ററിയില്‍ മൂന്നുദിവസം താമസിച്ചിരുന്നു. ഈ ഡോര്‍മിറ്ററി പൊലീസ് പൂട്ടി സീല്‍ ചെയ്തു.

English Summary: Coimbatore car blast updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com