ADVERTISEMENT

തിരുവനന്തപുരം∙ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ് കേരള പൊലീസ് അന്വേഷിക്കും. കേസ് തമിഴ്നാടിനു കൈമാറില്ല. കേസ് ഇവിടെ അന്വേഷിക്കുന്നതിനു തടസ്സമില്ലെന്നു പൊലീസിനു നിയമോപദേശം ലഭിച്ചിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടറിൽനിന്നും എജിയിൽനിന്നും നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് കേരളത്തിൽ അന്വേഷിച്ച് കുറ്റപത്രം നൽകാൻ തീരുമാനിച്ചത്.

കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ 90 ദിവസത്തിനകം ലഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗ്രീഷ്മയുടെ ശബ്ദ സാംപിളടക്കം ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറിയിരിക്കുകയാണ്.

ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവർമൻ ചിറ തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഷാരോൺ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽവച്ചാണ് കഷായം നൽകിയത്. ഷാരോണിന്റെ വീട്ടുകാരുടെ പരാതിയിൽ പാറശാല പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ കേസ് തമിഴ്നാട് പൊലീസിനു കൈമാറണോ എന്ന് ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

ഒന്നാം പ്രതി ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർ റിമാൻഡിലാണ്. സിന്ധുവും നിർമൽകുമാറും ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബർ 14ന് ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽനിന്നു പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയെന്നാണു ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്.

English Summary: Parassala Sharon Raj's murder will be investigated by Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com