ADVERTISEMENT

പെരുമ്പാവൂർ ബവ്റിജസ് ഔട്ട്‍ലെറ്റിനു മുന്നിൽ ലക്കുകെട്ട് അർധ നഗ്നനായിക്കിടക്കുന്ന മധ്യവയസ്കനെ കണ്ടാൽ സർക്കാരിന്റെ കോടികൾ തട്ടിച്ച ജിഎസ്ടി വെട്ടിപ്പു വീരനാണെന്നു പറയുമോ? സ്കൂളിന്റെ പടി പോലും കയറിയിട്ടില്ലാത്ത അയാൾ ഇൻപുട്ട് ടാക്സിൽനിന്നു നാലു കോടിയിലേറെ രൂപ വെട്ടിച്ച കേസിലെ പ്രതിയാണ്! കോഴിയെ വെട്ടുന്നയാൾ, മരക്കടയിൽ തടി എടുത്തു കൊടുക്കുന്നയാൾ, പച്ചക്കറിക്കടയിലെ ബംഗാളി, എന്തിനധികം, ബൈക്കിൽ ചെത്തി നടക്കുന്ന ചുള്ളൻ പയ്യൻമാർ വരെ ജിഎസ്ടി വെട്ടിച്ച കേസുകളിൽ പ്രതികളാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ഒഴുകിയിട്ടുള്ളതോ, കോടികളും!

ഇവരാരും പക്ഷേ ഈ നികുതി വെട്ടിപ്പിനെക്കുറിച്ചോ സ്വന്തം അക്കൗണ്ടിലൂടെ പണം കൈമറിഞ്ഞതോ അറിഞ്ഞിട്ടേയില്ല. ബിസിനസിൽ പങ്കാളികളാക്കാം, മാസം തോറും പണം കിട്ടുന്ന മണി ചെയിനിൽ ചേർക്കാം എന്നെല്ലാം പറഞ്ഞ് ചിലർ ആധാറും പാൻകാർഡും വാങ്ങിയതു മാത്രം ഇവർക്ക് ഓർമയുണ്ട്. പല പ്രാവശ്യമായി അയ്യായിരമോ പതിനായിരമോ കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാൽ എന്തു ബിസിനസ് നടന്നെന്നോ എങ്ങനെ തട്ടിപ്പു നടന്നെന്നോ ഇവർക്കറിയില്ല. പക്ഷേ സർക്കാരിന്റെ കണക്കിൽ ഇവരെല്ലാം തട്ടിപ്പുകാരാണ്. 

∙ തട്ടിപ്പിനു വേണ്ടി ജനിച്ചവർ

‘ജിഎസ്ടി തട്ടിപ്പിനു വേണ്ടി ജനിച്ചവൻമാർ’ – കഴിഞ്ഞ ദിവസം നികുതി ഇനത്തിൽ 12 കോടി രൂപ തട്ടിച്ചതിനു സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായ രണ്ടു പേരെക്കുറിച്ച് അന്വേഷണ സംഘത്തിലെ ഒരാളുടെ പ്രതികരണം. പെരുമ്പാവൂർ സ്വദേശികളായ പുലവത്ത് അസർ അലി (27), മാടവന സ്വദേശി റിൻഷാദ് (28) എന്നിവരാണ് ഇടപ്പള്ളിയിൽ മാളിനു സമീപം ഉദ്യോഗസ്ഥരുടെ പിടിയിലായത്. ജിഎസ്ടി അന്വേഷണ സംഘം ഇവരുടെ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ മുങ്ങിയ അസറും റിൻഷാദും പലയിടത്തും ഒളിവിൽ കഴിഞ്ഞെങ്കിലും അപ്രതീക്ഷിതമായി അന്വേഷണ സംഘത്തിനു മുന്നിൽ വന്നു പെടുകയായിരുന്നു. 

azar-ali
നികുതി ഇനത്തിൽ 12 കോടി രൂപ തട്ടിച്ചതിനു സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായ . പെരുമ്പാവൂർ സ്വദേശികളായ പുലവത്ത് അസർ അലി, മാടവന സ്വദേശി റിൻഷാദ്

ഏതാനും മാസങ്ങളായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഇവർക്കു പിന്നാലെയുണ്ടായിരുന്നതാണ് പ്രതികളെ വലയിലാക്കിയത്. പൊലീസ് വരുംപോലെ ജിഎസ്ടിക്കാർ പിന്നാലെ വന്നു പിടികൂടില്ലെന്ന അമിത ആത്മവിശ്വാസമാണ് ഇവരെ കുടുക്കിയത്. ജിഎസ്ടി എറണാകുളം ഡപ്യൂട്ടി കമ്മിഷണർ ഐബി ജോൺസൺ ചാക്കോയുടെ നേതൃത്വത്തിൽ സംസ്ഥാന നികുതി ഓഫിസർ സി.ജി. അരവിന്ദ്, സംസ്ഥാന അസിസ്റ്റന്റ് നികുതി ഓഫിസർമാരായ ടി.ജെ. വിനോദ്, ടി.എസ്‌. അഭിലാഷ്, അനീഷ്, മഹേഷ്‌ കുമാർ, രഹന കെ. മജീദ്‌, സിന്ധു ആർ. നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

∙ തട്ടിപ്പുകൾക്കു പിന്നിലെ മാസ്റ്റർമൈൻഡ്

ഇത്രയും വലിയ തട്ടിപ്പിന് ഇവർക്കു മുകളിൽ ഒരു മാസ്റ്റർ മൈൻഡ് ഉണ്ടെന്ന് ഉറപ്പിച്ചു പറയുകയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. പ്രതികളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ ആരൊക്കെയാണ് ഈ തട്ടിപ്പിനു പിന്നിലെന്നതിന്റെ ചുരുളഴിയും. അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകുമെന്നും അന്വേഷണ സംഘം പറയുന്നു. ഇത്തരത്തിൽ‌ അടയ്ക്ക വ്യാപാരത്തിൽ മാത്രം 200 കോടിയുടെ തട്ടിപ്പ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

പ്ലൈവുഡ്, ആക്രി മേഖലയിലാണ് പിന്നെ ഏറ്റവുമധികം തട്ടിപ്പ്. മലപ്പുറം സ്വദേശി ബനീഷ് ബാവ എന്നയാളായിരുന്നു അടയ്ക്കാ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടു പിടിയിലായത്. കൊക്കോ, കുരുമുളക്, കശുവണ്ടി വ്യാപാരങ്ങളുടെ മറവിലും നികുതി തട്ടിപ്പു കണ്ടെത്തി. ഇടപ്പള്ളിയിൽ പിടിയിലായ സംഘം 250 കോടി രൂപയിലേറെ വിലവരുന്ന ആക്രി സാധനങ്ങൾ കൈമാറിയെന്നു കാണിച്ച് ഇൻപുട്ട് ക്രഡിറ്റ് സ്വരൂപിച്ചായിരുന്നു തട്ടിപ്പു നടത്തിയത്. 

∙ തട്ടിപ്പിന്റെ വഴി

മറ്റൊരു സംസ്ഥാനത്തുനിന്ന് സാധനം വാങ്ങുമ്പോൾ ഐജിഎസ്ടിയാണ്(ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്) അടയ്ക്കേണ്ടത്. അവിടെ അടയ്ക്കുന്ന ഐജിഎസ്‍ടി തുക ഇവിടെ ക്രെഡിറ്റായി എടുക്കാം. ഐജിഎസ്ടി അടച്ചശേഷം വേണം ഇതെന്നു കൃത്യമായ നിബന്ധനയുണ്ട്. ഒപ്പം ചരക്കു വന്നിരിക്കണം, ബില്ല് ഇഷ്യു ചെയ്തിരിക്കണം തുടങ്ങിയ  മാനദണ്ഡങ്ങളും.

ഇതേ സാധനങ്ങൾ കേരളത്തിൽത്തന്നെ രണ്ടു ബിസിനസ് നടത്തുകയാണെങ്കിൽ സിജിഎസ്ടിയും എസ്ജിഎസ്ടിയും അടയ്ക്കണം. ഐജിഎസ്ടിയായി വരുന്ന ക്രെഡിറ്റ് ഇൻപുട്ടായി എടുത്ത് മറ്റു കച്ചവടങ്ങളിൽ സെറ്റ് ഓഫ് ചെയ്താണ് ഇവരുടെ തട്ടിപ്പ്. 

ഇതിനായി പ്രതികൾ നാലു പേരിൽനിന്ന് അവരുടെ പാൻകാർഡ്, ആധാർ കാർഡ് എന്നിവ ശേഖരിക്കുന്നു. ഇതുപയോഗിച്ചു സിംകാർഡ്, ബാങ്ക് അക്കൗണ്ട്, ചെക്ക് ലീഫ് എന്നിവ കൈക്കലാക്കും. കള്ളത്തരങ്ങൾ പറഞ്ഞാണ് ഇവരിൽനിന്നു രേഖകൾ വാങ്ങുന്നത്. ബിസിനസിൽ പങ്കാളികളാക്കാം എന്നതാവും പലപ്പോഴും വാഗ്ദാനം. നിങ്ങൾ ബിസിനസിന്റെ നിശബ്ദ പങ്കാളിയാണെന്നും കൃത്യമായി പണം ലഭിക്കുമെന്നും പറയുമ്പോൾ സാധാരണക്കാർ വിശ്വസിക്കും. ആദ്യത്തെ കുറച്ചു തവണ അതു ലഭിക്കുകയും ചെയ്യുന്നതോടെ ഇവർ തൃപ്തരാകും. 

ബിസിനസ് തുടങ്ങുന്നതിന് ഒരു സ്ഥലം വേണം. ഓഫിസ് വാടകയ്ക്കെന്ന പരസ്യങ്ങൾ ഒഎൽഎക്സിലൊ വഴിയരികിലോ നൽകുന്നവരാണ് ഇക്കാര്യത്തിൽ ഇരകളാക്കപ്പെടുക. മുറി ഉടമയെ കണ്ട് അഡ്വാൻസും രണ്ടു മാസത്തെ വാടകയും കൂടി കൊടുക്കുന്നതോടെ വിശ്വാസം ആർജിക്കും. വാടകക്കരാറിനായി ഇവരുടെ നികുതിച്ചീട്ട് ഉൾപ്പെടെയുള്ള രേഖകൾ വാങ്ങി വാടകച്ചീട്ട് ഉണ്ടാക്കി ഇവർതന്നെ ഒപ്പിട്ട് ജിഎസ്ടിക്ക് അപേക്ഷിക്കുന്നതാണ് പതിവ്. 

INDIA-CURRENCY-STOCKS

ഈ രേഖകൾ ഉപയോഗിച്ച് ജിഎസ്ടി റജിസ്ട്രേഷന് ഓൺലൈനിൽ അപേക്ഷിക്കുന്നതാണ് അടുത്ത പടി. ഇതിനു കാര്യമായ പണച്ചെലവുമില്ല. ജിഎസ്ടിക്ക് ആധാർ വെരിഫിക്കേഷൻ ചെയ്താണ് അപേക്ഷിക്കുന്നതെങ്കിൽ മൂന്നാം ദിവസം നമ്പർ ലഭിക്കും. ആധാറില്ലാത്ത പക്ഷം ഓഫിസർമാർ സ്ഥലം സന്ദർശിച്ചു വേണം റജിസ്ട്രേഷൻ നൽകാൻ. ഇനി അവിടെച്ചെന്നാലും മുറി ഉടമയ്ക്ക് വാടകക്കാരനെക്കുറിച്ചു നല്ല അഭിപ്രായം മാത്രമാകും ഉണ്ടാകുക. കാരണം ആദ്യ ഘട്ടത്തിൽ തട്ടിപ്പു സംഘത്തിന് ഉടമകളുമായി നല്ല ബന്ധമായിരിക്കും എന്നതുതന്നെ. 

∙ ബിൽ ട്രേഡിങ്; തട്ടിപ്പിന്റെ ‘കാർട്ടലു’കൾ

ഇത്തരത്തിൽ നാലു റജിസ്ട്രേഷനുകൾ പലരുടെ പേരിൽ എടുത്ത് ഒരു കാർട്ടൽ രൂപീകരിക്കും. (ഇവയെ എ, ബി, സി, ഡി എന്നിങ്ങനെ വിശേഷിപ്പിക്കാം). ഇതിന്റെ ഭാഗമായി കേരളത്തിനു പുറത്തും റജിസ്ട്രേഷൻ എടുക്കും. ഓൺലൈനിൽ തന്നെയായിരിക്കും അതും. ആ റജിസ്ട്രേഷനിൽ നിന്ന് (എ), രണ്ടു കോടി രൂപയുടെ ഇൻവോയ്സ് ബി എന്ന ബിസിനസിലേക്കു കൊടുക്കും. ഇവിടെ ജിഎസ്ടിആർ വൺ എന്ന ഒരു സംഗതിയുണ്ട്. ഇവിടെയാണ് പുറത്തേക്കുള്ള വിതരണം ഡിക്ലയർ ചെയ്യുന്നത്. 

എല്ലാ മാസവും പത്താം തീയതിക്കു മുമ്പ് ആ മാസത്തെ ജിഎസ്ടി‍ആർ വൺ ഫയൽ ചെയ്യണമെന്നാണ്. എ എന്ന കമ്പനി ജിഎസ്ടി‍ആർ വൺ ഫയൽ ചെയ്തു കഴിയുമ്പോൾ അതിന്റെ ക്രെഡിറ്റ് കേരളത്തിലുള്ള ബി എന്ന കമ്പനിയിലേക്കാണ് ബിൽ ഇഷ്യു ചെയ്യുന്നത്. അതിന്റെ നികുതി ബിയിലേക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി വരും. സാങ്കേതികമായി പറഞ്ഞാൽ ജിഎസ്ടിആർ 1 ഫയൽ ചെയ്യുമ്പോൾ ബി എന്ന കമ്പനിയുടെ ജിഎസ്ടിആർ ടുവിൽ ഇതു പ്രതിഫലിക്കും. ഇതാണ് ക്രെഡിറ്റ്. എ അവിടെ നികുതി അടച്ചാൽ മാത്രമേ ബിക്ക് ഇൻപുട്ട് എടുക്കാൻ സാധിക്കൂ. എന്നാൽ എ ഇത് ‘നിൽ’ ആയി ചെയ്യും. ബി നികുതി അടച്ചതിന്റെ വ്യാജ രേഖകളുണ്ടാക്കി ക്ലെയിം ചെയ്തെടുക്കും. 

ബി കമ്പനിക്ക് ക്രെഡിറ്റായിട്ടു ലഭിച്ചത് ഇൻപുട്ട് ആയി അവകാശപ്പെടും. അവർ അത് സി എന്ന കമ്പനിയിലേക്കു സമാനമായി ട്രാൻസ്ഫർ ചെയ്യും. എയിൽ നിന്നു വന്ന ഇൻപുട്ട് ബി സിയെ സെറ്റ് ഓഫ് ചെയ്യും, സി ഇതുവച്ച് ഡിയെ സെറ്റ് ഓഫ് ചെയ്യും. ഇനിയാണ് ശരിക്കും തട്ടിപ്പു നടക്കുന്നത്. ഡി എന്ന കമ്പനിയിൽ നിന്നായിരിക്കും വൻകിട നിർമാണ കമ്പനികൾക്ക് സ്ക്രാപ്പും മറ്റും പോകുന്നത്. ഇവർ ഔട്ട്പുട്ട് ടാക്സ് സെറ്റ് ഓഫ് ചെയ്യുന്നതിന് വന്ന ഇൻപുട്ട് ഇവിടെ ഉപയോഗിക്കും. ഇവിടെ എ നികുതി അടച്ചിട്ടില്ല. എയും ബിയും സിയും ഡിയും ഇവർ നിയന്ത്രിക്കുന്നതിനാൽ സർക്കാരിലേക്കു വരുന്ന തുക ഡിയിൽ വച്ചു വെട്ടിക്കുന്നു. ഈ ഇൻപുട്ടുകളൊന്നും യഥാർഥ ഫ്ലോ അല്ല. പകരം സാങ്കൽപികമായി ഉണ്ടാക്കി എടുക്കുന്നതാണ് എന്നതാണ് തട്ടിപ്പിന് ആധാരം.

സത്യത്തിൽ, സാധനം കൊടുക്കുന്ന ഡി കമ്പനി 18 ശതമാനം നികുതിയായി സർക്കാരിലേക്ക് അടയ്ക്കണം. ആ തുക അടയ്ക്കാതിരിക്കാനാണ് സാങ്കൽപികമായ ക്രെഡിറ്റ് ഉണ്ടാക്കിയെടുക്കുന്നത്. ഈ സാങ്കൽപിക കമ്പനി പലയിടത്തു നിന്നായി ശേഖരിച്ച ആക്രി സാധനങ്ങൾ ഉൽപാദന കമ്പനികൾക്ക് കുറഞ്ഞ വിലയിൽ നൽകാം എന്നു വാഗ്ദാനം ചെയ്യുന്നു. റജിസ്റ്റേഡ് ബില്ലു തരാമെന്നു പറഞ്ഞാണ് പണം വാങ്ങുന്നതെങ്കിലും കൊടുക്കുന്നത് ഈ വ്യാജ കമ്പനികളുടേതാണ്. വ്യാജ കമ്പനികളുടെ ബില്ലിൽ സാധനങ്ങൾ കയറ്റി വിടും. ഇതിന്റെ നികുതി അടയ്ക്കേണ്ടതിനു പകരം ക്രെഡിറ്റ് ചെയിനുണ്ടാക്കി ഉപയോഗപ്പെടുത്തുകയാണ് സംഘങ്ങൾ ചെയ്യുന്നത്. 

∙ ടോൾ പ്ലാസ കടക്കാനും തട്ടിപ്പ് 

ഇൻപുട്ട് ക്ലെയിം ചെയ്യുന്നതിന് ബിൽ ട്രേഡിങ് മാത്രമാണ് ഈ കമ്പനികൾ ചെയ്തിരിക്കുന്നത്. ഒരു ചരക്കു പോലും എവിടേക്കും മാറിയിട്ടുണ്ടാവില്ല എന്നു മാത്രമല്ല, പലപ്പോഴും വാഹനങ്ങൾ കടന്നു പോയിട്ടുണ്ടെന്നു വരുത്തി തീർക്കാൻ തട്ടിപ്പു നടത്തുന്നതും സംഘത്തിന്റെ പതിവാണ്. ജിഎസ്ടിക്കു മുമ്പു ചരക്കുനീക്കം ഉറപ്പു വരുത്താൻ ചെക് പോസ്റ്റ് സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അതു സാധ്യമല്ലാതായിരിക്കുന്നു.

സംസ്ഥാനങ്ങൾക്കിടയിലെ ചരക്കുനീക്കം പിന്തുടരാൻ ടോൾ പ്ലാസകളാണ് ഒരു ആശ്രയം. ഇതിനെ കടത്തി വെട്ടാൻ ചരക്കു നീക്കുന്നതായി ഇവർ കാണിക്കുന്നത് ശരിക്കും ചരക്കുമായി പോകുന്ന മറ്റേതെങ്കിലും വാഹനത്തിന്റെ നമ്പരായിരിക്കും. ഇതും അന്വേഷണ സംഘത്തെ വെട്ടിലാക്കും. സംസ്ഥാനത്തിന് അകത്താണെങ്കിൽ പാലിയേക്കര ടോൾ പ്ലാസ മാത്രമാണ് ആശ്രയം. അതിന് ഇപ്പുറത്തോ അപ്പുറത്തോ ആണെങ്കിൽ അതും സാധ്യമല്ലാതെയാകും. 

∙ ഒരു റജിസ്ട്രേഷൻ പോലുമില്ലാത്ത ഇടപാടുകാർ

പെരുമ്പാവൂരിൽ തട്ടിപ്പു നടത്തി പിടിയിലായ അസർ അലിക്കും റിൻഷാദിനും ഒരു ജിഎസ്ടി റജിസ്ട്രേഷൻ പോലുമില്ല എന്നറിയുമ്പോഴാണ് എത്രത്തോളം മുൻകൂട്ടി തയാറാക്കിയ തിരക്കഥയിലാണ് കാര്യങ്ങൾ നടക്കുന്നത് എന്നു വ്യക്തമാകുക. ജിഎസ്ടി അടവ് മുടങ്ങുന്നതു ശ്രദ്ധയിൽ പെടുന്നതോടെ അന്വേഷണവുമായി ഉദ്യോഗസ്ഥർ എത്തുമ്പോഴാണ് മുറി വാടകയ്ക്കു നൽകിയവരും ബിസിനസ് പങ്കാളികളെന്ന് അഭിമാനിച്ചു പണം വാങ്ങിയവരും വിവരം അറിയുക. മുറി നൽകി ആറു മാസം കഴിഞ്ഞും വാടക കിട്ടാതെ വരുമ്പോഴായിരിക്കും മിക്ക ഉടമകളും അന്വേഷിക്കുക. ഈ സമയത്തിനകം അവർ ഒരു കാർട്ടൽ ഉപയോഗിച്ചുള്ള തട്ടിപ്പു പൂർത്തിയാക്കി മറ്റൊരു ഇടം ഇതിനായി കണ്ടെത്തിയിട്ടുണ്ടാകും.

gst-tax
പ്രതീകാത്മക ചിത്രം: Photo Credit: Dmitry Demidovich/Shutterstock

അഡ്വാൻസ് വാടകയിൽ കിഴിച്ചു കണക്കാക്കി അവർ മറ്റാർക്കെങ്കിലും വാടകയ്ക്കു കൊടുക്കാൻ ഒരുങ്ങുമ്പോഴാണ് അന്വേഷണവുമായി ഉദ്യോഗസ്ഥരെത്തുക. ജിഎസ്ടി നമ്പർ ഉടമകളോടും കെട്ടിട ഉടമകളോടും സംസാരിച്ചതിൽ 90 ശതമാനം കേസിലും ഇവർ ഒപ്പിട്ടു നൽകിയതല്ല രേഖകൾ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും ഇവർക്കെതിരെയും കേസ് നിലനിൽക്കും. ജിഎസ്ടി അക്കൗണ്ട് ഉടമകൾക്കും പുറമേ സാങ്കൽപിക ക്രെഡിറ്റ് വാങ്ങിയ കമ്പനിയും നികുതി അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും. നിയമപ്രകാരം അഞ്ചു കോടി രൂപയിലേറെ നികുതി വെട്ടിപ്പു നടത്തിയവർ ജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റവാളികളാണ്. പലപ്പോഴും അതിനു താഴെയാണ് തുക എന്നതിനാലാണ് പലരും പുറത്തു തുടരുന്നത്. എന്നാൽ ഇതിൽ പങ്കാളികളായ എല്ലാവരും നിയമപ്രകാരം വിചാരണ നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

∙ അറിയാതെ അക്കൗണ്ടിൽ ഒഴുകുന്ന കോടികൾ

നികുതി അടയ്ക്കാത്ത കോടികൾ അക്കൗണ്ടുകളിലൂടെ കയറിയിറങ്ങിപ്പോകുന്നത് പല അക്കൗണ്ട് ഉടമകളും അറിഞ്ഞിട്ടേ ഉണ്ടാവില്ല. ഇവരുടെ രേഖകൾ ഉപയോഗിച്ച് എടുത്ത ബാങ്ക് അക്കൗണ്ടുകളിലൂടെയായിരിക്കും നിർമാണ കമ്പനികളിൽനിന്നു ലഭിച്ച ചെക്ക് ഇവർ മാറിയെടുത്തിട്ടുണ്ടാകുക. ഉദ്യോഗസ്ഥർ ഇക്കാര്യം ചോദിക്കുമ്പോൾ പലരും കൈ മലർത്തും. ‘‘ഞാനിവിടെ കോഴി വെട്ടിയാൽ എവിടുന്നാണു സാറേ കോടികൾ വരിക’’ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്കും മറുപടിയുണ്ടാവില്ല.

പെരുമ്പാവൂരിലും പരിസരത്തും തട്ടിപ്പിന് ഇരയായവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, മുഖ്യ പ്രതികൾ പിടിയിലുള്ള അസർ അലിയും റിൻഷാദുമാണ്. അതുകൊണ്ടുതന്നെ ഇവർക്കായി നേരത്തെ വീടുകളിൽ അന്വേഷണം നടത്തിയെങ്കിലും ഇവർ സംസ്ഥാനം വിട്ടിരുന്നു. പിന്നീട്, ഇവർ ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങളിൽ പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം തിരച്ചിൽ നടത്തി. ഇതിനിടെ, അന്വേഷണം ഒതുങ്ങിയെന്നു തെറ്റിദ്ധരിച്ച് പ്രതികൾ തിരിച്ചെത്തി കൊച്ചിയിൽ കറങ്ങുന്നതിനിടെയിലാണ് പിടിയിലായത്.

∙ കേന്ദ്ര എക്സൈസിലും പിടികൂടിയത് കോടികളുടെ തട്ടിപ്പുകൾ

സംസ്ഥാനത്ത് സെൻട്രൽ എക്സൈസിന്റെ പിടിയിലായ വ്യവസായ പ്രമുഖൻ 50ൽ അധികം ദിവസം ജയിലിൽ കിടന്നത് സമാന തട്ടിപ്പിന്റെ പേരിലായിരുന്നു. വ്യാജ ഇൻപുട്ട് റജിസ്ട്രേഷൻ എടുത്ത് നടത്തിയ ഇടപാടുകളാണ് ഇദ്ദേഹത്തെ ഇരുമ്പഴികളിലാക്കിയത്. അടുത്തിടെ കേന്ദ്ര എക്സൈസ് പുറത്തുവിട്ട കണക്കു പ്രകാരം, 55,000 കോടിരൂപയിലേറെ തട്ടിച്ചതിന് 700ൽ അധികം പേർ ഇതിനകം  അറസ്റ്റിലായിട്ടുണ്ട്. 

∙ ബാറിൽ പരിചയപ്പെട്ടവർ മുതൽ ബന്ധുക്കൾ വരെ ഇരകൾ

ജിഎസ്ടി റജിസ്റ്റർ ചെയ്തു കാർട്ടലുകൾ രൂപീകരിക്കാൻ അസറും റിൻഷാദും ഉപയോഗിച്ചത് ബന്ധുക്കൾ അടക്കമുള്ളവരുടെ തിരിച്ചറിയൽ രേഖകളാണ്. അടുപ്പമുള്ള ഒരാൾ ആധാർ കാർഡും പാൻകാർഡും ബിസിനസ് ആവശ്യത്തിനു ചോദിച്ചാൽ എങ്ങനെ കൊടുക്കാതിരിക്കും എന്നു കരുതി മാത്രം കൊടുത്തവർ. ഇപ്പോൾ സർക്കാരിനു വൻ തുകയുടെ ജിഎസ്ടി നികുതി അടയ്ക്കാൻ ബാധ്യസ്ഥർ. അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥരെ അദ്ഭുതപ്പെടുത്തിയത് പ്രതികൾ ബാറിൽ നിന്നുണ്ടാക്കിയ ബന്ധങ്ങളാണ്.

സ്ഥിരമായി മദ്യപിക്കാൻ പണം ലഭിക്കാൻ തിരിച്ചറിയൽ രേഖകൾ നൽകിയാൽ മതിയെന്നു പറഞ്ഞത് വിശ്വസിച്ചാണ് പലരും കാർഡ് നൽകിയത്. ഇയാൾ പരിചയപ്പെടുത്തി അടുത്തയാൾ, അയാൾ പരിചയപ്പെടുത്തി അടുത്തയാൾ... അങ്ങനെ ശൃംഖല വലുതാക്കിയാണ് തട്ടിപ്പു നടത്തിയത്. പെരുമ്പാവൂരിലെത്തിയ ഇതര സംസ്ഥാനക്കാരനെ വരെ ഇവർ വലയിലാക്കി. കോഴിക്കടയിൽ ജോലിക്കു നിന്നയാൾക്ക് അയ്യായിരം രൂപയുടെ ഫോൺ വാങ്ങി നൽകിയായിരുന്നു പ്രലോഭിപ്പിച്ച് ആധാർ, പാൻ കാർഡുകൾ സംഘടിപ്പിച്ചത്. രേഖകൾ തട്ടിയെടുത്തു നൽകുന്നതിനു പണം നൽകി ആളുകളെ വരെ ഇവർ നിയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

(Photo - Shutterstock / Denis.Vostrikov)
(Photo - Shutterstock / Denis.Vostrikov)

കൂട്ടുകാർ അടിച്ചു പൊളിച്ചു ജീവിക്കുന്നതു കാണുമ്പോൾ അവൻ എങ്ങനെ പൈസക്കാരനായി എന്നറിയാൻ സുഹൃത്തുക്കൾക്കു താൽപര്യമുണ്ടാകും. മണി ചെയിൻ പോലെ എന്തോ ബിസിനസ്. അതിൽനിന്നു പണമൊഴുകുന്നു എന്നു മാത്രമാണ് അവർക്കും അറിയുക. ആഡംബര വാഹനങ്ങളിലെ കറക്കവും ഉയർന്ന ഹോട്ടലുകളിലെ ഭക്ഷണവും പോക്കറ്റു നിറയെ പണവും കാണുമ്പോൾ കൂട്ടുകാരും പ്രലോഭിപ്പിക്കപ്പെടുക സ്വാഭാവികം. ഇത്തരത്തിലും ഇരകളെ കണ്ടെത്തുന്നതും സംഘത്തിന്റെ രീതിയാണ്. 

∙ ഡീലർ ഫ്രണ്ട്‍ലി പോർട്ടൽ; കൈകാര്യം ചെയ്യാനും എളുപ്പം

ജിഎസ്ടി ഫയലിങ് ഏതോ ബാലികേറാമലയായി പറഞ്ഞു വച്ചിരിക്കുന്നത് കുറെ കൺസൽറ്റന്റുമാരാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പ്രതിമാസ റിട്ടേൺ ഫയലിങ് വളരെ എളുപ്പം ചെയ്യാവുന്നതാണ്. ഒരു പ്ലസ്ടുക്കാരന് വളരെ എളുപ്പം ചെയ്യാവുന്ന കാര്യം മാത്രമെന്ന് ജിഎസ്ടി മേഖലയിലുള്ളവർ പറയുന്നു. നേരത്തേ സെൻട്രൽ എക്സൈസ് പിടികൂടിയ ഒരു കേസിൽ, ബിരുദം പോലുമില്ലാത്ത ഒരാൾ ഒറ്റമുറിയിൽ 200 അക്കൗണ്ടുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് കണക്‌ഷനും ഉപയോഗിച്ചാണ് വിവിധ സംസ്ഥാനങ്ങളുടെ ജിഎസ്ടി കൈകാര്യം ചെയ്തിരുന്നത്. അത്രയേറെ യൂസർ ഫ്രണ്ട്‍ലിയാണ് ജിഎസ്ടി പോർട്ടർ. സ്വന്തമായി ചെയ്യാൻ മനസ്സുള്ള ഒരു ഡീലർക്ക് യുട്യൂബിൽ വിഡിയോ നോക്കി പഠിച്ച് ചെയ്യാനുള്ളതു മാത്രമേ ഉള്ളൂ ജിഎസ്ടി ഫയലിങ് എന്നും അദ്ദേഹം പറയുന്നു.

∙ ബോധവൽക്കരണം അനിവാര്യം

സ്വന്തം രേഖകൾ ആർക്കും എപ്പോഴും എടുത്തു കൊടുക്കുന്ന ‘വിശാല മനസ്സ്’ ആർക്കും ഉണ്ടാകരുതെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ഇത്തരത്തിലുള്ള തട്ടിപ്പുകളെ കുറിച്ചു ജനങ്ങൾ ബോധവാൻമാരാകേണ്ടതിന്റെ ആവശ്യമാണു പുറത്തു വരുന്നത്. ഏറ്റവും അടുത്ത ബന്ധുക്കൾക്കു പോലും സ്വകാര്യ രേഖകൾ കൈമാറുന്നത് വലിയ അബദ്ധത്തിലേക്കു കൊണ്ടെത്തിക്കും. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും വ്യാപക പ്രചാരണം ആവശ്യമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary: The network of GST evasion companies - Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com