‘ഗൽവാൻ ഹായ് പറയുന്നു’; സേനയെ അപമാനിച്ചെന്ന് വിമർശനം, വിവാദം: മാപ്പ് പറഞ്ഞ് നടി റിച്ച

Richa Chadha Photo: @RichaChadha / Twitter
നടി റിച്ച ഛദ്ദയുടെ വിവാദ പോസ്റ്റ്. ഇതു പിന്നീട് ഡിലീറ്റ് ചെയ്തു. Photo: @RichaChadha / Twitter
SHARE

ന്യൂഡൽഹി ∙ ഗൽവാൻ സംഘർഷത്തെ മോശമായി പരാമർശിച്ചതിലൂടെ ഇന്ത്യൻ സൈന്യത്തെ അപമാനിച്ചെന്ന വിവാദത്തിൽ മാപ്പ് പറഞ്ഞ് ബോളിവുഡ് നടി റിച്ച ഛദ്ദ. വിവാദമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത നടി, ട്വിറ്ററിലൂടെ പരസ്യമായി മാപ്പു ചോദിക്കുകയായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മനപ്പൂർവം സംഭവിച്ചതല്ലെന്നും നടി വിശദീകരിച്ചു.

പാക്ക് അധിനിവേശ കശ്മീരുമായി ബന്ധപ്പെട്ടായിരുന്നു റിച്ചയുടെ വിവാദ പ്രതികരണം. നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവന പങ്കുവച്ചായിരുന്നു റിച്ചയുടെ വിമർശനം. പാക്കിസ്ഥാൻ അധിനിവേശം നടത്തിയ ഇന്ത്യൻ മണ്ണ് (പിഒകെ) തിരിച്ചുപിടിക്കുമ്പോൾ മാത്രമെ ജമ്മു കശ്മീരിന്റെ വികസനലക്ഷ്യം പൂർത്തിയാകൂവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ഉപേന്ദ്ര ദ്വിവേദിയുടെ പ്രതികരണം.

‘‘പാക്കിസ്ഥാനിൽനിന്നും പിഒകെ തിരിച്ചുപിടിക്കാൻ ഞങ്ങൾ പൂർണ സജ്ജരാണ്. സർക്കാരിൽനിന്നും ഉത്തരവ് കിട്ടാൻ ഞങ്ങൾ കാത്തിരിക്കുന്നു. വളരെ വേഗം ഓപ്പറേഷൻ പൂർത്തിയാക്കും. അതിനു മുൻപു പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ മറുപടി വ്യത്യസ്തമാകും. അവർക്കു ഭാവന ചെയ്യാൻ പോലുമാകില്ല അത്’’– എന്നായിരുന്നു നോർത്തേൺ ആർമി കമാൻഡറുടെ ട്വീറ്റ്. ഈ പ്രസ്താവന പങ്കുവച്ച റിച്ച, ‘ഗൽവാൻ ഹായ് പറയുന്നു’ എന്നു കുറിച്ചു.

2020ൽ ഇന്ത്യ–ചൈന സേനകൾ തമ്മിലുണ്ടായ സംഘർഷത്തെ സൂചിപ്പിച്ചായിരുന്നു റിച്ചയുടെ പരാമർശം. ഇന്ത്യൻ സൈന്യത്തെ അപമാനിച്ചെന്ന തരത്തിൽ റിച്ചയുടെ ട്വീറ്റിനെതിരെ വ്യാപക വിമർശനമുയർന്നു. ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടും ആക്രമണം തുടർന്നു. തുടർന്നാണ് നടി മാപ്പു പറഞ്ഞത്. ‘‘ആ മൂന്നു വാക്കുകൾ വിവാദമാകുമെന്നോ ആരെയെങ്കിലും വേദനിപ്പിക്കുമെന്നോ കരുതിയില്ല. അങ്ങനെ എനിക്ക് ഉദ്ദേശ്യവുമില്ലായിരുന്നു. സംഭവിച്ചു പോയതിൽ മാപ്പ് ചോദിക്കുന്നു. അറിയാതെയാണെങ്കിലും സൈനിക സഹോദരങ്ങളെ വേദനിപ്പിച്ചതിൽ ദുഃഖമുണ്ട്.

എന്റെ മുത്തച്ഛൻ സൈന്യത്തിൽ ലഫ്. കേണൽ ആയിരുന്നു. ഇന്തോ–ചൈന യുദ്ധത്തിൽ അദ്ദേഹത്തിനു കാലിൽ വെടിയേറ്റിട്ടുണ്ട്. രാജ്യസേവനത്തിനിടെ പരുക്കേൽക്കുന്നതും വീരമൃത്യു വരിക്കുന്നതും കുടുംബത്തെയാകും സാരമായി ബാധിക്കുമെന്ന് എനിക്കറിയാം. വൈകാരികമായ വിഷയമാണിത്.’’– മാപ്പു ചോദിച്ചുള്ള പോസ്റ്റിൽ റിച്ച വ്യക്തമാക്കി. ‘‘ഇന്ത്യയും ഇന്ത്യക്കാരും സൈന്യത്തെ ബഹുമാനിക്കുന്നു. സേനാത്തലവൻ എന്തെങ്കിലും പറഞ്ഞാൽ അതിനോടു നമ്മൾ ബഹുമാനം കാണിക്കണം. സേനയെ പരിഹസിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിടുന്നത് നിർഭാഗ്യകരവും അപലപനീയവുമാണ്’’– ബിജെപി വക്താവ് നളിൻ കോലി ചൂണ്ടിക്കാട്ടി.

English Summary: Actor Richa Chadha Apologises Amid Backlash Over "Galwan Says Hi" Tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA