ഹയാത്ത് റീജന്‍സി ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു; ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി

hyatt-regency-trivandrum-1
ഹയാത്ത് റീജന്‍സി ഹോട്ടല്‍
SHARE

തിരുവനന്തപുരം∙ ലുലു ഗ്രൂപ്പും ഹയാത്തും ചേര്‍ന്ന് തിരുവനന്തപുരത്ത് ആരംഭിച്ച ഹയാത്ത് റീജന്‍സി ഹോട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായി ഹയാത്ത് റീജന്‍സി മാറി. നവംബര്‍ 27 മുതല്‍ ഹോട്ടല്‍ അതിഥികള്‍ക്കായി തുറന്ന് കൊടുക്കും.

ടൂറിസം മേഖലയ്ക്കു വലിയ നേട്ടമെന്ന് പറഞ്ഞ മുഖ്യമന്ത്രി, നാടിന്‍റെ നിക്ഷേപ സൗഹൃദ രീതികള്‍ക്ക് ഉത്തേജനം പകരുന്ന ചുവടുവയ്പ്പ് ആണിതെന്നും കൂട്ടിച്ചേർത്തു. തലസ്ഥാന നഗരത്തിലെ പ്രധാന കുറവുകളിലൊന്ന് ഇതോടെ പരിഹരിക്കപ്പെട്ടെന്നും വിനോദ സഞ്ചാരമേഖല തഴച്ച് വളരുന്ന ഘട്ടത്തിലാണ് ഹയാത്തിന്‍റെ വരവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്‍റെ വികസനത്തിനും മുന്നോട്ടുള്ള പോക്കിനും ഇത്തരം പ്രസ്ഥാനങ്ങള്‍ ഏറ്റവും നിര്‍ണായകമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പദ്ധതി തിരുവനന്തപുരത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക നാഴികകല്ലാകുമെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു.

സ്വാഗത പ്രസംഗം നടത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, കോഴിക്കോട് 500 കോടി നിക്ഷേപത്തിൽ ഹയാത്ത് ഹോട്ടല്‍ ആരംഭിക്കുമെന്ന് അറിയിച്ചു. ഹോട്ടലിലെ ഗ്രേറ്റ് ഹാള്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, ആന്‍റണി രാജു, ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, ശശി തരൂര്‍ എംപി, എംഎല്‍എമാരായ പി.കെ.കുഞ്ഞാലക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുത്തു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി, സിഇഒ സൈഫി രൂപാവാല, സിഒഒ വി.ഐ.സലിം, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലിം, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് സിഇഒ അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ.നിഷാദ്, ലുലു തിരുവനന്തപുരം റീജിയനൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ എന്നിവരും പങ്കെടുത്തു.

600 കോടി രൂപ നിക്ഷേപത്തിലാണ് തിരുവനന്തപുരം ഹയാത്ത് റീജൻസി പൂര്‍ത്തിയാക്കിയത്. നഗരത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്‍റര്‍, ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, ഡിപ്ലോമാറ്റിക് സ്യൂട്ട് ഉള്‍പ്പെടെ നിരവധി പ്രത്യേകതകളുള്ളതാണ് ഹയാത്ത് റീജന്‍സി. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതും വിശാലമായതുമായ സ്യൂട്ട് റൂമുകളടക്കം 132 മുറികള്‍, വൈവിധ്യം നിറഞ്ഞ അഞ്ച് ഡൈനിങ് ഡെസ്റ്റിനേഷനുകള്‍ എന്നിവയാണ് മറ്റു സവിശേഷതകൾ. മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹോട്ടലില്‍ ഒരേസമയം 400 കാറുകളും 250 ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാം. ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പറേഷനും ചേര്‍ന്ന് കേരളത്തിലാരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണിത്. കൊച്ചിയിലും തൃശൂരുമാണ് മറ്റു ഹോട്ടലുകൾ.

English Summary: CM Pinarayi Vijayan inaugurated Hyatt Regency Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA