തിരുവനന്തപുരം∙ റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ പൂര്‍ണമായി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനില്‍. ശനിയാഴ്ച മുതല്‍ റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം. ഒക്ടോബറിലെ കമ്മിഷന്‍ ഭാഗികമായി നല്‍കുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. യൂണിയന്‍ നേതാക്കളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണു ധാരണയായത്.
സംസ്ഥാനത്തെ 14,000 ത്തോളം റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള നീക്കത്തെ തുടർന്നാണു യൂണിയൻ നേതാക്കളുമായി മന്ത്രി ചർച്ച നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒക്ടോബര്‍ മാസത്തെ കമ്മിഷന്‍ പകുതിയായി വെട്ടിക്കുറച്ചതിനെതിരെയായിരുന്നു പ്രതിഷേധം.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേക്ക് 120 കോടി രൂപ ധനവകുപ്പിനോടു ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ധനവകുപ്പ് 44 കോടി രൂപയാണ് അനുവദിച്ചത്. റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ കൊടുക്കാന്‍ 28 കോടി രൂപ വേണ്ടിടത്ത് ഭക്ഷ്യവകുപ്പ് നീക്കിവച്ചത് 14.5 കോടി രൂപയാണ്. ഇതോടെയാണ് കമ്മിഷന്‍ 49 ശതമാനമായി വെട്ടിച്ചുരുക്കിയത്.
English Summary: Minister GR Anil on Ration Dealers Commission