പട്ന ∙ ബൃഹന്‍ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ ശിവസേന (യുബിടി)യ്ക്കു വേണ്ടി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രചരണത്തിനിറങ്ങും. കഴിഞ്ഞ ദിവസം പട്നയിൽ തേജസ്വി യാദവും ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.
മുംബൈ നഗരത്തിൽ ബിഹാർ, യുപി സംസ്ഥാനങ്ങളിൽനിന്നുള്ള വോട്ടർമാർ പ്രബലശക്തിയാണ്. ആർജെഡി നേതാവ് തേജസ്വി യാദവിനു ബിഹാർ – യുപി വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആദിത്യ താക്കറെ.
ശിവസേന (യുബിടി) അധികാരത്തിലിരിക്കുന്ന ബിഎംസിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാണ്. ശിവസേനയിലുണ്ടായ പിളർപ്പിനുശേഷം ഇരുവിഭാഗങ്ങളും ശക്തി തെളിയിക്കാനുള്ള മത്സരത്തിലാണ്.
English Summary: Mumbai civic body poll: Bihar deputy CM Tejashwi Yadav likely to campaign for Uddhav Sena