ADVERTISEMENT

തിരുവനന്തപുരം ∙ രാഷ്ട്രീയരംഗത്ത് വലിയ ചർച്ചയായി മാറിയ മലബാർ പര്യടനം വിജയകരമായി പൂർത്തിയാക്കിയ ശശി തരൂരിന്‍റെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പാണെന്നു വ്യക്തമായതോടെ, കോണ്‍ഗ്രസിലെ പോര് മുറുകുമെന്ന് ഉറപ്പായി. തരൂരിനെ പിടിച്ചുനിർത്താൻ അദ്ദേഹത്തിന്റെ ‘കോൺഗ്രസ് വിരുദ്ധ’ സമീപനങ്ങൾ ചർച്ചയാക്കാനാണ് പാർട്ടിക്കുള്ളിലെ എതിർപക്ഷം. ഇതിന്റെ ഭാഗമായി തരൂര്‍ മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രകീർത്തിച്ചതും, അദാനിയോടുള്ള സമീപനവുമൊക്കെ അവർ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താൻ ഇനി ലോക്സഭയിലേക്കില്ലെന്ന സൂചനകളാണ് തരൂർ നൽകുന്നത്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള തരൂരിന്റെ നീക്കങ്ങൾക്കെതിരെ ഇതുവരെ നടത്തിയ നീക്കങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് എതിർപക്ഷം അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടുള്ളത്.

തരൂരിന്റെ നിലപാടുകളുടെയും പ്രസ്താവനകളുടെയും ഉള്ളു ചികയുകയാണ് ഗ്രൂപ്പ് മാനേജർമാർ. ഇതിന്റെ ഭാഗമായി മോദി സ്തുതിയും പിണറായിയെ പ്രകീർത്തിക്കലും അദാനിയോടുള്ള സമീപനവുമൊക്കെ താഴെത്തട്ടിൽ ചർച്ചയാക്കുകയാണ് തരൂർ വിരുദ്ധർ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്നെ ഇതിനു കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു.

അതേസമയം, ഇത്തരം വിമർശനങ്ങൾക്കു മറുപടി നൽകാൻ കോർപറേഷന് മുൻപിൽ ഡിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചികാല സത്യാഗ്രഹ സമരത്തിൽ തരൂർ പങ്കെടുക്കും. ഇവിടെ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തരൂർ കടന്നാക്രമിച്ചേക്കുമെന്നാണ് സൂചന.

English Summary: Shashi Tharoor aiming for 'Chief' position kerala politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com