‘24 മണിക്കൂർ പോലുമെടുത്തില്ല; എന്തിനാണ് ഇത്ര ധൃതി?’: കേന്ദ്രത്തോട് സുപ്രീം കോടതി

Arun Goel Photo: @ECISVEEP / Twitter
അരുൺ ഗോയൽ. Photo: @ECISVEEP / Twitter
SHARE

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷണറായി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ നിയമിച്ചതിലെ തിടുക്കം ചോദ്യം ചെയ്ത് സുപ്രീംകോടതി. നാലുപേരിൽനിന്ന് ഈ പേരിലേക്ക് എങ്ങനെയാണ് എത്തിയത്? ഒഴിവുവന്നത് മേയ് 15ന്, അന്നുമുതൽ നവംബർ 18 വരെ എന്തു ചെയ്തുവെന്നു പറയാമോ എന്നും കോടതി ചോദിച്ചു.

അരുൺ ഗോയലിനെ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ച കേന്ദ്ര സർക്കാർ നടപടി പരിശോധിക്കവേയാണു ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർണായക ചോദ്യങ്ങൾ ചോദിച്ചത്. ‘‘നിയമ മന്ത്രാലയം നാലു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി, ഫയൽ നീക്കിയത് നവംബർ 18ന്. അന്നുതന്നെയാണ് പ്രധാനമന്ത്രിയും പേര് നിർദേശിച്ചത്. ഇതിൽ ഏറ്റുമുട്ടലിനല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. നടപടി തുടങ്ങിയതും പൂർത്തിയായതും ഒരേ ദിവസം. 24 മണിക്കൂർ പോലും വേണ്ടിവന്നില്ല. എന്തിനായിരുന്നു ഇത്ര ധൃതി?’’– കോടതി ചോദിച്ചു.

അരുൺ ഗോയലിന്റെ യോഗ്യതകളെപ്പറ്റിയല്ല, നിയമന നടപടിയെയാണു ചോദ്യം ചെയ്യുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗോയലിന്റെ നിയമന രേഖകൾ ഹാജരാക്കണമെന്ന നിർദേശത്തെ കഴിഞ്ഞദിവസം കേന്ദ്രം ശക്തമായി എതിർത്തിരുന്നു. ‘എല്ലാം ശരിയായാണ്’ നടന്നത് എന്നുറപ്പാക്കാനാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നു കോടതി വിശദീകരിച്ചു. തിരഞ്ഞെടുപ്പു കമ്മിഷണർ നിയമന കാര്യത്തിൽ പരിഷ്കാരം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേ, ഹർജിക്കാർക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണാണു വിഷയം ഉന്നയിച്ചത്.

Supreme Court | (Photo - iMetal21/Shutterstock)
(Photo - iMetal21/Shutterstock)

സർവീസിൽനിന്നു സ്വയം വിരമിച്ച് (വിആർഎസ്) 2 ദിവസത്തിനകമാണ് അരുൺ ഗോയലിനു തിര‍ഞ്ഞെടുപ്പു കമ്മിഷണറായി നിയമനം ലഭിച്ചത്. സാധാരണ സർവീസിൽ നിന്നു വിരമിച്ചവരാണ് കമ്മിഷണർമാരാകുന്നത്. എന്നാൽ, അരുൺ ഗോയൽ സർക്കാർ സെക്രട്ടറിയായിരുന്നു തന്നെയാണ് ഈ പദവിയിലേക്കു തിര‍ഞ്ഞെടുക്കപ്പെട്ടതെന്നും പെട്ടെന്നു വിആർഎസ് എടുത്തു പദവി നേടുകയാണു ചെയ്തതെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു. സാധാരണഗതിയിൽ വിആർഎസ് എടുക്കുന്നവർ 3 മാസ നോട്ടിസ് നൽകുമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 20നാണ് അരുൺ ഗോയലിന്റെ നിയമനം. 2027 ഡിസംബർ വരെ കമ്മിഷനിൽ തുടരും. നിയമനത്തിനു തൊട്ടുമുൻപുവരെ കേന്ദ്ര ഘനവ്യവസായ സെക്രട്ടറിയായിരുന്നു. അധികാരത്തിലിരിക്കുന്ന പാർട്ടിയോട് ‘യെസ്’ പറയുന്ന ആളെയാണ് എല്ലാ സർക്കാരുകളും തിരഞ്ഞെടുപ്പു കമ്മിഷൻ അധ്യക്ഷനാക്കുന്നതെന്നതാണ് ഹർജിക്കാരുടെ വാദം.

English Summary: "Why The Haste, Tearing Hurry?": Supreme Court On Election Body Appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA