വീട്ടമ്മയെ കൊന്നതെന്ന് നിഗമനം; കൊലയ്ക്കു ശേഷം ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തി
Mail This Article
തൊടുപുഴ∙ ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് നിഗമനം. കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മയുടെ (66) മൃതദേഹമാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കൊലയ്ക്കു ശേഷം ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തിയതെന്നാണ് സൂചന. അന്വേഷണത്തിനായി കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.
ഇന്നലെ വൈകിട്ടാണ് വീട്ടിലെ അടുക്കളയില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല. സ്കൂളിൽ പോയിരുന്ന കൊച്ചു മകൾ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂർണമായും കത്തിയിരുന്നു. സംഭവത്തിൽ ബന്ധുക്കളും ദുരൂഹത സംശയിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ആരാണ് കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമല്ല. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
English Summary: Woman found dead in home, suspected murder in Idukki