കണ്ണൂർ∙ തലശ്ശേരി വീനസ് കോർണറിൽ ബന്ധുക്കളായ രണ്ടു സിപിഎം പ്രവർത്തകരെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പാറായി ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി ഉപേക്ഷിച്ച കമ്പോണ്ടർ മുക്കിലും കൊലപാതകം നടന്ന കോ-ഓപറേറ്റീവ് ഹോസ്പിറ്റൽ പരിസരത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
രണ്ടുപേരെയും കൊല്ലാൻ ഉപയോഗിച്ച കത്തി കേസിലെ അഞ്ചാം പ്രതി സന്ദീപിന്റെ കമ്പോണ്ടർ മുക്കിലെ വീടിന് സമീപത്തുനിന്നും പൊലീസ് കണ്ടെത്തി. കൊലപാതകം നടത്താനായി പ്രതികൾ എത്തിയ ഓട്ടോറിക്ഷയും ഇവിടെയുണ്ടായിരുന്നു. കേസിലെ ഏഴ് പ്രതികളെയും തലശ്ശേരി കോടതിയിൽ ഹാജരാക്കും.
സിപിഎം പ്രവർത്തകരായ നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരാണ് െകാല്ലപ്പെട്ടത്. പാറായി ബാബു എന്ന സുരേഷ്ബാബു (47), വടക്കുമ്പാട് പാറക്കെട്ട് തേരേക്കാട്ടിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ.സന്ദീപ് (38), പിണറായി പടന്നക്കര വാഴയിൽ ഹൗസിൽ സുജിത്ത്കുമാർ (45), വടക്കുമ്പാട് പാറക്കെട്ട് സാറാസിൽ മുഹമ്മദ് ഫർഹാൻ (21), നിട്ടൂർ മുട്ടങ്ങൽ ഹൗസിൽ ജാക്സൺ വിൻസൺ (28), വണ്ണത്താൻ വീട്ടിൽ കെ.നവീൻ (32) എന്നിവരാണു കേസിൽ അറസ്റ്റിലായത്.
English Summary: Evidence Collection in Thalassery Twin Murder Case