ADVERTISEMENT

കൊച്ചി ∙ സാങ്കേതിക സർവകലാശാല (കെടിയു) താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച വിഷയത്തിൽ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയുടെ ചോദ്യശരങ്ങൾ. നിയമനത്തിനായി സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്നു കോടതി ചോദിച്ചു. സിസ തോമസിന്റെ പേര് ആരാണു നിർദേശിച്ചത്? മറ്റു വിസിമാർ ഇല്ലായിരുന്നോ? പ്രോ വൈസ് ചാൻസലർ ലഭ്യമായിരുന്നോ? എങ്ങനെ സിസയുടെ പേരിലേയ്ക്ക് എത്തി തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രോ വിസിയെ ശുപാർശ ചെയ്യുക മാത്രമാണ് ചാൻസലർ ചെയ്യുന്നത്. താൽക്കാലിക വിസി നിയമനത്തിനു യുജിസി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ഇല്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു. താൽക്കാലിക വിസിയാണെങ്കിലും സ്ഥിര വിസിക്കു തുല്യമല്ലേ എന്നു ചോദിച്ച കോടതി, കാലയളവ് താൽക്കാലികമാണ് എന്ന വ്യത്യാസമല്ലേ ഉള്ളൂ എന്നും ആരാഞ്ഞു.

വിസിയെ തിരഞ്ഞെടുക്കേണ്ടത് സൂഷ്മതയോടെയാണ് എന്നു വ്യക്തമാക്കിയ കോടതി, സെലക്‌ഷൻ കമ്മിറ്റിയും സേർച്ച് കമ്മിറ്റിയും ചേർന്നു പരിശോധന നടത്തിയ ശേഷം വേണം തിരഞ്ഞെടുക്കാനെന്നും വ്യക്തമാക്കി. വിസി എന്നത് കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും കോടതി കൂട്ടിച്ചേർത്തു.

സർക്കാർ ശുപാർശ ചെയ്തവർ വിസി ചുമതല നൽകാൻ അയോഗ്യരായിരുന്നു എന്ന നിലപാടാണ് ഗവർണർ കോടതിയിൽ സ്വീകരിച്ചത്. സുപ്രീം കോടതിയുടെ വിധിയെ തുടർന്നു ഡിജിറ്റൽ സർവകലാശാല വിസിയുടെ നിയമനവും സംശയത്തിലായിരുന്നു. ഇതിനാലാണ് ഡിജിറ്റൽ സർവകലാശാല വിസിയുടെ പേരു തള്ളിയതെന്നും ഗവർണർ വ്യക്തമാക്കി.

കെടിയു ആക്ട് പ്രകാരം വിസിയുടെ ഒഴിവു വന്നാൽ മറ്റേതെങ്കിലും വിസിക്കോ കെടിയു പ്രോ വിസിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണം എന്നിരിക്കെ സിസ തോമസിന്റെ നിയമനം നിയമവിരുദ്ധമാണെന്നും, സിസ തോമസിനു ചുമതല നൽകിയത് നിയമവിരുദ്ധമെന്നും ഗവർണറുടെ ഉത്തരവു റദ്ദാക്കണം എന്നുമാണ് സർക്കാരിന്റെ ആവശ്യം. എൻജിനീയറിങ്‌ കോളജുകളിൽ 10 വർഷത്തിലേറെ അധ്യാപന പരിചയമുള്ള പ്രഫസർമാരുടെ പട്ടിക ശേഖരിച്ചാണ് നിയമനം നടത്തിയതെന്നു ഗവർണർ നേരത്തേ വിശദീകരിച്ചിരുന്നു.

English Summary: High Court on Ciza Thomas Appointment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com