ADVERTISEMENT

മലപ്പുറം∙ കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി വിദ്യാർഥിനികളുടെ മിന്നൽ സമരം. വ്യാഴാഴ്ച വൈകിട്ട് കോളജ് കവാടത്തിന് മുന്നിൽ തുടങ്ങിയ പ്രതിഷേധം രാത്രി വൈകിയും തുടർന്നു.

പെൺകുട്ടികളുടെ ഹോസ്റ്റലിൽ പുറത്തു പോകുന്നവർ വൈകിട്ട് 6 ന് മുൻപ് തിരിച്ചെത്തണമെന്നാണ് നിബന്ധന. നിമിഷങ്ങൾ വൈകിയാൽ പോലും 250 രൂപവരെ ഒരു ദിവസം പിഴ ഈടാക്കുന്നതായും വിദ്യാർഥികൾ പറയുന്നു. ശനി, ഞായർ ദിവസങ്ങളിൽ പോലും ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ പുറത്തുവിടാറില്ല. മൊബൈൽ ഫോണിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചതായി ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ കവാടത്തിന് മുന്നിൽ സമരം ആരംഭിച്ചത്. രാത്രി മൊബൈൽ ഫോൺ ഉപയോഗിച്ചാൽ മൊബൈൽ ജാമർ സ്ഥാപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും വിദ്യാർഥികൾ പറഞ്ഞു. 

ഇരുനൂറോളം വിദ്യാർഥിനികളാണ് വൈകിട്ട് കോളജ് പ്രവേശന കവാടത്തിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചത്. പെൺകുട്ടികൾക്ക് പിന്തുണയുമായി ആൺകുട്ടികളും എത്തിയതോടെ സമരം കനത്തു. രാത്രി ഒൻപതര വരെ ഹോസ്റ്റലിൽ പ്രവേശനം അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. വിദ്യാർഥികൾ പ്രതിഷേധിക്കുന്ന പ്രവേശന കവാടത്തിന് സമീപത്തേക്ക് പ്രിൻസിപ്പൽ എത്തി ചർച്ച നടത്തിയാൽ മാത്രമേ സമരം അവസാനിപ്പിക്കു എന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ. പൊലീസിന്റെ സാന്നിധ്യത്തിൽ പ്രിൻസിപ്പലും വിദ്യാർഥി പ്രതിനിധികളും രാത്രി വൈകിയും ചർച്ച തുടർന്നു. സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഹോസ്റ്റൽ അനുവദിക്കുന്നില്ലെന്നും ആക്ഷേപമുയർന്നു.

 

English Summary: Kuttippuram MES Engineering College students strike against Ladies hostel restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com