ADVERTISEMENT

ഷിംല∙ ഭാരത് ജോഡോ യാത്രയെ മധ്യപ്രദേശിലേക്കു സ്വാഗതം ചെയ്ത കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന ചൂടേറിയ ചർച്ചകൾക്കു വഴിവയ്ക്കുന്നു. സിന്ധ്യ പാർട്ടിയിലേക്കു തിരിച്ചുവരുമെന്ന തരത്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ചർച്ച നടക്കുകയാണ്. യാത്രയെ സ്വാഗതം ചെയ്ത സിന്ധ്യയുടെ നീക്കം ‘വീട്ടിലേക്കു തിരിച്ചുവരുന്നതിന്റെ’ സൂചനയായിരിക്കാമെന്ന് എഐസിസി വക്താവ് പ്രതികരിച്ചു. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിൽനിന്ന് മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ ബോഡർലി ഗ്രാമത്തിൽ യാത്ര പ്രവേശിച്ചിരുന്നു.

∙ സിന്ധ്യ പറഞ്ഞതെന്ത്?

‘മധ്യപ്രദേശിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു’ എന്നാണ് നവംബർ 23ന് അദ്ദേഹം പറഞ്ഞത്. ഈ വാചകം ‘ഘർ വാപസി’യുടെ സൂചനയാണെന്നു ഹിമാചൽ പ്രദേശ് പിസിസി അധ്യക്ഷൻ കുൽദീപ് സിങ് റാത്തോഡ് പറയുന്നു. മുൻ കോൺഗ്രസ് നേതാവായിരുന്ന സിന്ധ്യ 2020 മാർച്ചിൽ ബിജെപിയിലേക്കു കളംമാറ്റിയിരുന്നു.

∙ സിന്ധ്യയെ കടന്നാക്രമിച്ച് ജയറാം രമേശ്

യാത്രയെ എതിർക്കാൻ ബിജെപി നേതാക്കൾ സ്വന്തം പരിപാടികൾ ഉണ്ടാക്കുന്നുവെന്നത് ഭാരത് ജോഡോ യാത്രയുടെ ഗുണമാണെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് പറഞ്ഞു. യാത്ര ആരംഭിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തി. ഒരു ശിലാസ്ഥാപനം നടത്തി ഫോട്ടോ എടുത്തു തിരികെപ്പോന്നു.

ഭാരത് ജോഡോ യാത്ര തിരഞ്ഞെടുപ്പ് യാത്രയല്ലെന്നും തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള രാഷ്ട്രീയക്കളിയല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അതിനു മുൻപും യാത്രയുടെ ഗുണഫലം ഉണ്ടായേക്കാം. സംഘടന ഐക്യത്തോടെനിന്നാൽ അതിന്റെ ഫലം ഉറപ്പായും ഉണ്ടാകും. എന്നുകരുതി അതു തിരഞ്ഞെടുപ്പ് ജയിക്കാനുള്ളതാണെന്നു കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിന്ധ്യയെക്കുറിച്ചു ചോദിച്ചപ്പോൾ ഖണ്ഡ്‌വയിലെ കവയത്രി സുഭദ്രകുമാരി ചൗഹാന്റെ കവിതയെക്കുറിച്ചാണ് ജയറാം രമേശ് പറഞ്ഞത്. അതിൽ സിന്ധ്യയെക്കുറിച്ചു പറയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സിന്ധ്യയെ ചതിയനെന്നു വിശേഷിപ്പിക്കുകയായിരുന്നു ജയറാം രമേശ് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച മധ്യപ്രദേശിലെ ഖണ്ഡ്‌വ ജില്ലയിൽ ‌രാഹുലിന്റെ നേതൃത്വത്തിലുള്ള യാത്ര എത്തിയിരുന്നു.

English Summary: Jyotiraditya Scindia's Remark On Rahul Gandhi Yatra May Indicate Homecoming: Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com