ADVERTISEMENT

കൊച്ചി∙ സാങ്കേതിക സർവകലാശാലയിൽ (കെടിയു) സർട്ടിഫിക്കറ്റിനായി നാലായിരത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി സിസ തോമസ് ഹൈക്കോടതിയിൽ. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് തനിക്കെതിരായ പ്രതിഷേധങ്ങളും സർവകലാശാലയിലെ പ്രശ്നങ്ങളും അവർ കോടതിയെ അറിയിച്ചത്. ഇപ്പോഴും ഒരു വിഭാഗം വിദ്യാർഥികളും ജീവനക്കാരും തനിക്ക് നേരെ പ്രതിഷേധമുയർത്തുകയാണ്. ദൈനംദിന ചുമതലകൾ നിർവഹിക്കുന്നതിലും തടസ്സമുണ്ടാകുന്നുവെന്നും അവർ പറഞ്ഞു.

സ്ഥിര വിസി നിയമന നടപടികൾ എവിടെ വരെയായി എന്ന് കോടതി ആരാഞ്ഞു. നടപടികൾ ആരംഭിച്ചതായി ചാൻസലർ കൂടിയായ ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഏറ്റവും മികച്ച വൈസ് ചാൻസലറെയാണ് വിദ്യാർഥികൾക്കു വേണ്ടത്. വിദ്യാർഥികളെ കുറിച്ചാണ് ആശങ്ക. സിസ തോമസിന്റെ യോഗ്യതയല്ല പരിഗണിക്കുന്നത്. മറിച്ചു സീനിയോറിറ്റിയാണു പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഹർജി വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നു പരിഗണിക്കാനായി മാറ്റിവച്ചു.

കേസ് പരിഗണിക്കുമ്പോൾ ചാൻസലറോടു ഹൈക്കോടതി തുടർച്ചയായി ചോദ്യങ്ങൾ ആരാഞ്ഞിരുന്നു. നിയമനത്തിനായി സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയായിരുന്നു? സിസ തോമസിന്റെ പേര് ആരാണു നിർദേശിച്ചത്? മറ്റു വിസിമാർ ഇല്ലായിരുന്നോ? പ്രോ വൈസ് ചാൻസലർ ലഭ്യമായിരുന്നോ? എങ്ങനെ സിസയുടെ പേരിലേയ്ക്ക് എത്തി തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. പ്രോ വിസിയെ ശുപാർശ ചെയ്യുക മാത്രമാണ് ചാൻസലർ ചെയ്യുന്നതെന്നും താൽക്കാലിക വിസി നിയമനത്തിനു യുജിസി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ഇല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. താൽക്കാലിക വിസിയാണെങ്കിലും സ്ഥിര വിസിക്കു തുല്യമല്ലേ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം. കാലയളവ് താൽക്കാലികമാണ് എന്ന വ്യത്യാസമല്ലേ ഉള്ളൂ എന്നും കോടതി ചോദിച്ചു.

Content Highlights: KTU Vice Chancellor Ciza Thomas, High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com