ബെംഗളൂരു∙ ജെപി നഗറില്‍ അറുപത്തിയേഴുകാരനായ ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതില്‍ ട്വിസ്റ്റ്. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്ന് ബെംഗളൂരു പൊലീസ് പറയുന്നു. ജെപി നഗറിലെ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരിച്ചത്.
ബാല സുബ്രഹ്മണ്യവും 35 വയസ്സുകാരിയായ വീട്ടുജോലിക്കാരിയും തമ്മില്‍ ഏറെനാളായി ബന്ധമുണ്ടായിരുന്നു. നവംബര്‍ 16ന് ഇയാൾ യുവതിയുടെ വീട്ടിലെത്തി. ജോലിക്കാരിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയും ജീവൻ നഷ്ടമാകുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ബാലയ്ക്ക് ആന്‍ജിയോപ്ലാസ്റ്റി സര്‍ജറി നടത്തിയിരുന്നു.
മരണത്തിൽ ഭയന്ന വീട്ടുജോലിക്കാരി ഭര്‍ത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് മൃതദേഹം കണ്ടെത്തി. ചോദ്യം ചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തി. തനിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തപ്പെടുമെന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസിനു മൊഴി നൽകി. യുവതി പറഞ്ഞതിന്റെ സത്യാവസ്ഥ പൊലീസ് പരിശോധിച്ചുവരികയാണ്.
English Summary: 67-year-old Bengaluru man dies during sex, girlfriend's husband helps dump body