ADVERTISEMENT

മലപ്പുറം∙ ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ലെന്നും ഫുട്ബോൾ ഒരു ലഹരിയാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ. ഫുട്ബോൾ ഒരു കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമല്ലെങ്കിലും കളിയോടും കളിക്കാരോടുമുള്ള ആരാധന അരുതെന്നും കളിക്കാരുടെ കട്ടൗട്ടുകളും മറ്റും ദുർവ്യയമാണെന്നും ഇന്ത്യയിൽ അധിനിവേശം നടത്തിയ പോർച്ചുഗൽ‌ അടക്കമുള്ള രാജ്യങ്ങളോടും മറ്റും പ്രതിബദ്ധത വേണ്ടെന്നും ജുമുഅ പ്രസംഗവിഷയമായി ഖത്തീബുമാർക്കു നൽകിയ സന്ദേശത്തിൽ ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.

പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ:

ഫുട്ബോൾ ഒരു കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ്. തിരുനബി(സ) കുട്ടികളെ ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു.

വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. കായികാഭ്യാസങ്ങളിൽ റസൂൽ ഏർപ്പെട്ടതും പത്‌നി ആഇശ(റ)യുമായി തിരുനബി മത്സരിച്ചതും എത്യോപ്യക്കാർ പള്ളിയിൽ നടത്തിയ കായികാഭ്യാസങ്ങൾ നോക്കിക്കാണുവാൻ പ്രവാചകൻ പത്‌നി ആഇശ(റ)ക്ക് അവസരമൊരുക്കിയതും ചരിത്രത്തിൽ പ്രസിദ്ധമാണ്. എന്നാൽ നിയമങ്ങൾ പാലിച്ചുകൊണ്ട് വേണം കളിയും. നമസ്‌കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽനിന്നും തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം.

ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ല. കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം. കാരണം അവൻ ചെലവിടുന്ന സമയവും പണവും അവന്റെ നാഥൻ നൽകിയതാണ്. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. പല ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറപ്പിക്കുകയും എല്ലാം മറന്ന് അവയിൽ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്.

കളി കാണുന്നവർ ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്.
ഫുട്ബോൾ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താൽപര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ആ താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും അവരുടെ ഫാൻസുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല.
സകലതെരുവുകളിലും കുഗ്രാമങ്ങളിൽ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നു. ഇത് കാൽപന്തിനോടുള്ള സ്‌നേഹമല്ല, മറിച്ച് വീരാരാധനയുടെ ബഹിർസ്ഫുരണം മാത്രമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. അതുപോലെ ദുർവ്യയം പാടില്ല

കളിയെ സ്പോർട്സ് മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്‌ലാമിക വിരുദ്ധ രാജ്യങ്ങളെയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല.

English Summary: Samastha against World cup football mania

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com