തമിഴ്‌നാട്ടില്‍ ബിജെപിയെ പിടിച്ചുകുലുക്കി ‘അശ്ലീല സംസാരം’; തലവേദനയായി സൂര്യ

Trichy Surya Siva (Photo: Facebook, @TrichySuriyaSivaArmy), Gayathri Raguramm (Photo: Facebook, @GayathriRaguramm88)
തിരുച്ചി സൂര്യശിവ (Photo: Facebook, @TrichySuriyaSivaArmy), ഗായത്രി രഘുറാം (Photo: Facebook, @GayathriRaguramm88)
SHARE

ചെന്നൈ∙ തമിഴ്‌നാട് ബിജെപിയെ പിടിച്ചുകുലുക്കി തിരുച്ചി സൂര്യശിവയുടെ അശ്ലീലച്ചുവയുള്ള സംസാരം. ഏതാനും മാസം മുന്‍പ് ഡിഎംകെ നേതൃത്വത്തെ ഞെട്ടിച്ച് ബിജെപി അംഗത്വം സ്വീകരിച്ച സൂര്യശിവ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകനാണ്. പിതാവുമായി പിണങ്ങിയാണു സൂര്യ, ‘താമര കൂടാരം’ കയറിയതെന്നാണു ഡി.എം.കെ അവകാശപ്പെട്ടിരുന്നത്.

ബിജെപി വനിതാ നേതാവായ ഡെയ്സി ശരണിനോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിന്റെ പേരില്‍ തിരുച്ചി സൂര്യശിവയെ പാര്‍ട്ടി ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഡെയ്‌സി ആക്രമിക്കാന്‍ ഗുണ്ടകളെ വിടുമെന്നും അവയവങ്ങള്‍ ഛേദിക്കുമെന്നും സൂര്യ പറയുന്നതിന്റെ ഓഡിയോ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ വൈറലാണ്. ഡെയ്‌സിയോട്  അശ്ലീലച്ചുവയോടെയും സൂര്യ സംസാരിക്കുന്നുണ്ട്. വ്യാഴാഴ്ച ഇരുനേതാക്കളും അച്ചടക്ക സമിതിക്കു മുന്നിലെത്തി വിശദീകരണം നല്‍കിയിരുന്നു. തുടര്‍ന്നാണ് സൂര്യയെ സസ്‌പെന്‍ഡ് ചെയ്തത്. 

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്തു വന്നുതുടങ്ങിയതോടെയാണ് അസ്വസ്ഥരായ ബിജെപി സംസ്ഥാന നേതൃത്വം നേതാക്കള്‍ക്കെതിരെ നടപടി തുടങ്ങിയത്. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് മുഖം നോക്കാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. ബിജെപി ന്യൂനപക്ഷ വിഭാഗം നേതാവ് തിരുച്ചി സൂര്യശിവയ്‌ക്കെതിരായ നടപടി സംബന്ധിച്ചാണു പ്രതികരണം. സൂര്യ ശിവയും ഡെയ്സി ശരണും ഉള്‍പ്പെടെ പാര്‍ട്ടി പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അച്ചടക്കത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ കടക്കാന്‍ അനുവദിക്കില്ല. ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ഉന്നത നേതൃത്വത്തിന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ നേതാക്കള്‍ യുട്യൂബ് ചാനലുകളുടെ അഭിമുഖത്തില്‍ പങ്കെടുക്കരുതെന്നു പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കി. ബിജെപി തമിഴ് വികസന വിഭാഗം നേതാവായിരുന്ന നടി ഗായത്രി രഘുറാമിനെയും പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചട്ടങ്ങള്‍ ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതും ചൂണ്ടിക്കാട്ടിയാണു ഗായത്രിയെ 6 മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്.  അതേസമയം, നടപടി അംഗീകരിക്കുന്നെന്നും  ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും ഗായത്രി പ്രതികരിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയും ഗായത്രിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് നടപടിക്ക് കാരണമെന്നും സൂചനയുണ്ട്. നേരത്തേ കലാവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ ഈ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

ഉത്തര്‍പ്രദേശിലെ കാശിയില്‍ നടക്കുന്ന തമിഴ് സംഗമം പരിപാടിക്കു പല നേതാക്കളും പോയിരുന്നെങ്കിലും തമിഴ് വികസന വിഭാഗം നേതാവ് ഗായത്രി രഘുറാമിനെ ക്ഷണിച്ചിരുന്നില്ല. ഇതിനു പിന്നാലെ, പാര്‍ട്ടി നേതൃത്വത്തിന് എതിരായി ഗായത്രി ട്വിറ്ററില്‍ പോസ്റ്റിട്ടു. ചില യൂട്യൂബ് ചാനലുകളുടെ അഭിമുഖത്തില്‍ പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. തമിഴ്നാട് ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷം വലിയ പ്രശ്നമായി മാറിയെന്നും മുതിര്‍ന്നവരെ മാറ്റിനിര്‍ത്തുകയും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നുവെന്നും ഗായത്രി തുറന്നടിച്ചു. തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍, അച്ചടക്ക നടപടി അംഗീകരിക്കുന്നു. സ്ഥാനമാനങ്ങള്‍ കണ്ടല്ല പാര്‍ട്ടിയിലെത്തിയതെന്നും ജനങ്ങളെ സേവിക്കുന്നതു തുടരുമെന്നും ഗായത്രി വാര്‍ത്താസമ്മേളനം വിളിച്ചു തിരിച്ചടിച്ചു.

English Summary: Tamil Nadu BJP chief suspends OBC wing leader Surya Siva from party posts 6 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA