ADVERTISEMENT

ന്യൂഡൽഹി∙ കാമുകി ശ്രദ്ധ വാൽക്കറിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അഫ്താബ് അമീൻ വീട്ടിലേക്കു കൊണ്ടുവന്ന യുവതി ഒരു ഡോക്ടർ ആണെന്ന് ഡൽഹി പൊലീസ്. ശ്രദ്ധയെ പരിചയപ്പെട്ട ഡേറ്റിങ് ആപ്പായ ബംബിൾ വഴിയാണ് മനശാസ്ത്രജ്ഞയായ പെൺകുട്ടിയെയും അഫ്താബ് പരിചയപ്പെട്ടത്. കേസിന്റെ ഭാഗമായി വനിതാ ഡോക്ടറെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡേറ്റിങ് ആപ്പ് വഴി നിരവധി സ്ത്രീകളെ അഫ്താബ് പരിചയപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം, കഴിഞ്ഞദിവസം അഫ്താബിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി. മൂന്നാം തവണയാണ് പ്രതിയെ രോഹിണിയിലുള്ള ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് കൊണ്ടുവരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം, ശ്രദ്ധയുമായുള്ള ബന്ധം, ശരീരഭാഗങ്ങൾ വലിച്ചെറിഞ്ഞ സ്ഥലം, ഉപയോഗിച്ച ആയുധം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അഫ്താബിനോട് ചോദിച്ചത്. അഫ്താബിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ കണ്ടെത്തുക എന്നതാണ് ഉദ്ദേശ്യമെന്നും രണ്ട് ദിവസത്തിനകം ഫലം അന്വേഷണസംഘത്തിനു കൈമാറുമെന്നും ഫൊറൻസിക് ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച അംബേദ്കർ ഹോസ്പിറ്റലിൽ വെച്ച് അഫ്താബിനെ നർക്കോ അനാലിസ് പരിശോധന നടത്തും.

ആറു മാസം മുൻപാണ് ഒപ്പം താമസിച്ചിരുന്ന ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തുകയും മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചശേഷം ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തത്. ശ്രദ്ധയെ കൊലപ്പെടുത്തി, 15–20 ദിവസങ്ങൾക്കുശേഷമാണ് ഡോക്ടറെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. യുവതിയെ അപ്പാർട്മെന്റിലേക്കു കൊണ്ടുവന്നപ്പോഴൊക്കെ ശ്രദ്ധയുടെ 35 കഷണമാക്കിയ മൃതദേഹഭാഗങ്ങൾ ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു. മൃതദേഹം സൂക്ഷിക്കാൻ 300 ലീറ്ററിന്റെ പുതിയ റഫ്രിജറേറ്റർ അഫ്താബ് വാങ്ങിയിരുന്നു. ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു.

മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ ഇരുവരും തർക്കം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മേയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായ ദിവസമാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്.

English Summary: Aftab Poonawala Allegedly Dated Doctor After Murder. How Cops Traced Her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com