ADVERTISEMENT

തൊടുപുഴ ∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ താനല്ലെന്ന് എം.എം. മണി എംഎൽഎ. നോട്ടിസിനു പിന്നിൽ ഞാനാണെന്നു പറയുന്നത് അസംബന്ധമാണ്. അത് എന്റെ പണിയല്ല. രാജേന്ദ്രന്‍ ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണെന്നും മണി പറഞ്ഞു. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്നു തീരുമാനിക്കേണ്ടതും റവന്യു വകുപ്പാണെന്ന് മണി കൂട്ടിച്ചേർത്തു.

മൂന്നാർ ഇക്കനഗറിലെ 8 സെന്റ് സ്ഥലത്താണു രാജേന്ദ്രൻ വീടുവച്ച് കുടുംബമായി താമസിക്കുന്നത്. വീട് പുറമ്പോക്കിൽ നിർമിച്ചതാണെന്നും സ്ഥലം ഒഴിയണമെന്നും വില്ലേജ് ഓഫിസറാണ് നോട്ടിസ് നൽകിയത്. ഏഴു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടിസ്. എന്നാൽ ഒഴിപ്പിക്കൽ ഉടൻ ഉണ്ടാവില്ലെന്ന് ദേവികുളം തഹസിൽദാർ അറിയിച്ചു.

ഒഴിപ്പിക്കൽ നോട്ടിസിനു പിന്നിൽ എം.എം.മണിയാണെന്ന് രാജേന്ദ്രൻ ആരോപിച്ചിരുന്നു. ‘‘എം.എം.മണിയുടെ നേതൃത്വത്തിൽ എന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കൽ നോട്ടിസ്. മൂന്നാറിൽനിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുൻപ് എം.എം.മണി പൊതുവേദിയിൽ ആഹ്വാനം ചെയ്തിരുന്നു. ഇക്കാനഗറിലെ 60 കുടുംബങ്ങൾക്ക് ഭൂരേഖകൾ ഹാജരാക്കാൻ റവന്യു വകുപ്പ് നോട്ടിസ് നൽകിയിരുന്നു. അതിൽ എന്റെ പേരുമുണ്ട്. 29നാണു ഹിയറിങ്. അതിനു മുൻപ് എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നൽകിയിരിക്കുന്നത്.’’ അതിനെ നിയമപരമായി നേരിടുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞിരുന്നു.

രാജേന്ദ്രനെയെന്നല്ല ആരെയും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് മൂന്നാറിലെ സിപിഎം നേതൃത്വവും വ്യക്തമാക്കി. മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ റവന്യൂ വകുപ്പ് ലംഘിക്കുന്നുവെന്നും പ്രാദേശിക സിപിഎം നേതൃത്വം ആരോപിച്ചു.

Content Highlight: MM Mani reply to S Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com