ADVERTISEMENT

കണ്ണൂർ ∙ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ കുറിച്ച് ഹൃദയം െതാടുന്ന കുറിപ്പ് പങ്കിട്ട് മകൻ ബിനീഷ് കോടിയേരി. കോടിയേരി എന്ന സഖാവിനെ കുറിച്ചും അച്ഛനെ കുറിച്ചും പാർട്ടി നോക്കാതെയുള്ള സൗഹൃദങ്ങളെ കുറിച്ചും ഫെയ്സ്ബുക് കുറിപ്പിൽ വിശദമായി പറയുന്നു. മരണസമയത്തും ശേഷവും വീട്ടിലെത്തി ആശ്വസിപ്പിച്ച നേതാക്കളുടെ വാക്കുകളും എടുത്തു പറഞ്ഞാണ് ബിനീഷ് അച്ഛനെ ഓർക്കുന്നത്.

കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി വിജയൻ ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണമാകില്ല. മറ്റൊന്ന് ഉമ്മൻചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്. ആ വരവ്, അദ്ദേഹവും അച്ഛനും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മനസ്സിലാക്കിത്തന്നു. അന്ന്‌ വീട്ടിൽ വന്നപ്പോൾ സ്‌പീക്കർ ഷംസീർ, അങ്കിളിനോട് പറഞ്ഞു: ‘സർ ഈ സമയത്തും ഇവിടെ വരും എന്ന് ഞങ്ങൾ കരുതിയില്ല, എനിക്ക് അറിയാം സാറും ബാലകൃഷ്‌ണേട്ടനുമായുള്ള ബന്ധം’. അപ്പോൾ അങ്കിൾ പറഞ്ഞത്: ‘ഇത് എന്റെ കൂടി കുടുംബമാണ്, ഇവിടെ വരാതെയിരിക്കാൻ എനിക്കാവില്ലല്ലോ’ എന്നാണ്- ബിനീഷ് പറയുന്നു.

ബിനീഷിന്റെ കുറിപ്പിൽനിന്ന്:

ഞങ്ങളെ ആശ്വസിപ്പിച്ച, ആശ്വസിപ്പിക്കുന്ന, അച്ഛനെ അറിയുന്ന, അച്ഛനെ സ്നേഹിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും ആദ്യമേ പറയട്ടെ. എന്ത് എഴുതണം, എങ്ങനെ പറയണം എന്നൊന്നും മനസ്സിലാവുന്നില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുന്നതിനെ കുറിച്ചു നമ്മൾ ആലോചിക്കാറില്ലല്ലോ. കോടിയേരി എന്ന മനുഷ്യൻ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നും ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനങ്ങളുടെ ഹൃദയങ്ങളിൽ എങ്ങനെയാണ് അടയാളപ്പെട്ടത് എന്നും കോടിയേരിയുടെ വിയോഗത്തോടെയാണ് മനസ്സിലാവുന്നത്. അത്രയേറെ ജനങ്ങളാൽ അല്ലെങ്കിൽ ജനങ്ങളോട് ചേർന്നു നിന്നിരുന്നു അച്ഛൻ.

കൂടെയുണ്ടായിരുന്നു എന്നും... കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിലേക്ക് എത്തിയപ്പോൾ. എളമരം കരീം എംപി, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.എ.മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എ.വിജയരാഘവൻ, പ്രകാശ് കാരാട്ട്, ജി.രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, മന്ത്രി വി.എൻ.വാസവൻ, എ.എ.റഹീം എം.പി, മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻപിള്ള തുടങ്ങിയവർ സമീപം.     ചിത്രം: സമീർ.എ.ഹമീദ് ∙ മനോരമ
കൂടെയുണ്ടായിരുന്നു എന്നും... കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിലേക്ക് എത്തിയപ്പോൾ. എളമരം കരീം എംപി, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.എ.മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എ.വിജയരാഘവൻ, പ്രകാശ് കാരാട്ട്, ജി.രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, മന്ത്രി വി.എൻ.വാസവൻ, എ.എ.റഹീം എം.പി, മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻപിള്ള തുടങ്ങിയവർ സമീപം. ചിത്രം: സമീർ.എ.ഹമീദ് ∙ മനോരമ

കോടിയേരിയെ പറ്റി നിരവധിയായ ആളുകൾ എഴുതുകയും പറയുകയും ചെയ്യുന്നു ഇപ്പോഴും. അതിൽ തന്നെ, ഞാൻ ഏറ്റവും ശ്രദ്ധിച്ച ഒന്ന് എല്ലാവരും എഴുതുന്നത് കേട്ടറിഞ്ഞ കോടിയേരിയെ പറ്റിയല്ല, അവരുടെയൊക്കെ ജീവിതത്തിൽ നേരിട്ട് കോടിയേരിയിൽ നിന്നുണ്ടായ അനുഭവങ്ങളാണ്. ഇത്രയും സഖാക്കളോട് അല്ലെങ്കിൽ ജനങ്ങളോട് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടാകുക എങ്ങനെയാണ് എന്നുള്ളത് ചിന്തിക്കുമ്പോൾ, യഥാർഥത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്തായിരിക്കണം എന്നതിന്റെതന്നെ പാഠപുസ്തകമാകുകയായിരുന്നു സ്വജീവിതം കൊണ്ട് അച്ഛൻ എന്ന് ഞാൻ തിരിച്ചറിയുന്നു. എന്റെ ജീവിതത്തിൽ അച്ഛൻ എന്തായിരുന്നു എന്നുള്ളത് ഒരു കുറിപ്പിലൂടെ മാത്രം എഴുതി തീർക്കാവുന്ന ഒന്നല്ല, അത് എഴുതിത്തന്നെ തീർക്കാനാവുമോ എന്നും എനിക്കറിയില്ല.

മകൻ എന്ന രീതിയിലും സഖാവ് എന്ന നിലയിലും നോക്കിക്കാണുമ്പോൾ ഞാൻ കണ്ട കോടിയേരി, അല്ലെങ്കിൽ അച്ഛനെ അറിയുന്ന ആളുകൾ പറഞ്ഞ അനുഭവങ്ങൾ ആണ് ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നത്. അച്ഛനെക്കുറിച്ചിങ്ങനെ എഴുതുമ്പോൾ പ്രധാനമായും ചിന്തയിൽ വരുന്ന ഒരു കാര്യം ജീവിതത്തിൽ ഇന്നേവരെ ഇന്നതാവണം, ഇന്ന നിലയിൽ ഉള്ളവരോടെ സംസാരിക്കാവൂ, ഇന്നനിലയിൽ ഉള്ളവരോടെ ബന്ധപ്പെടാവൂ എന്നൊന്നും ഒരിക്കലും ഞങ്ങളുടെ അടുത്ത് അച്ഛൻ  പറഞ്ഞിട്ടില്ല എന്നതാണ്. സ്വന്തമായി ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു. ഓരോരുത്തരുടെയും ജീവിതത്തിൽ അച്ഛൻ ഏതേതെല്ലാം തരത്തിൽ സ്വാധീനം ചെലുത്തിയിരുന്നു എന്ന് ഞങ്ങൾ അറിയുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു കൊണ്ടുവരുന്ന വഴിക്ക് ദേശീയപാതയിലെ മുഴപ്പിലങ്ങാട് വച്ച് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന പ്രവർത്തകർ.  ചിത്രം: മനോരമ
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു കൊണ്ടുവരുന്ന വഴിക്ക് ദേശീയപാതയിലെ മുഴപ്പിലങ്ങാട് വച്ച് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന പ്രവർത്തകർ. ചിത്രം: മനോരമ

സാധാരണ പല നേതാക്കൾക്കും ഒരു സ്ഥലത്ത് ചെന്ന് കഴിഞ്ഞാൽ അവിടെയുള്ള എല്ലാവരോടും ബന്ധം ഉണ്ടാകണമെന്നില്ല. അച്ഛനെ സംബന്ധിച്ച് അച്ഛൻ ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെയുള്ള ഓരോരുത്തരുടെയും ജീവിതത്തിൽ ഒരു അനുഭവം, അല്ലെങ്കിൽ ഓർത്തുവയ്ക്കാനാവുന്ന ഒരു സംഭവം സമ്മാനിച്ചേ മടങ്ങിയിരുന്നുള്ളു എന്നുള്ളത് മരണശേഷമാണ് ഇത്രയേറെ ആഴത്തിലറിയുന്നത്. അച്ഛനെക്കുറിച്ചുള്ള ചിന്തകൾ, എന്റെ അച്ഛൻ എന്ന കാഴ്ചപ്പാടിലേക്കത് മാറിയേക്കാം എങ്കിലും അങ്ങനെ മാത്രമല്ല നോക്കിക്കാണേണ്ടത് എന്ന ശക്തമായ തിരിച്ചറിവ് നൽകുന്ന അനുഭവങ്ങളാണ് അച്ഛന്റെ മരണശേഷം ഞങ്ങൾക്ക് ഉണ്ടായത്. ഇന്നിപ്പോൾ അച്ഛൻ മടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴും ഞങ്ങളെ കാണാനെത്തിക്കൊണ്ടിരിക്കുന്നവർ അത്രയേറെയാണ്.

മരണശേഷം അച്ഛനെ കാണാൻ വന്ന ആളുകൾ, ഞങ്ങളെ കാണാൻ വന്ന ആളുകൾ, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ആളുകൾ എല്ലാം, അച്ഛനിലേക്കുള്ള പടിക്കെട്ടുകൾ ഇനിയും ധാരാളം അവശേഷിക്കുന്നു എന്ന തിരിച്ചറിവാണ് എനിക്ക് നൽകുന്നത്. ദൂരെ ദിക്കിൽ നിന്നുമുള്ള അവശത അനുഭവിക്കുന്ന ആളുകൾ പോലും വന്നുകൊണ്ടിരിക്കുന്നു. അത്രയും അവശത അനുഭവിക്കുന്ന ആളുകൾക്ക് ഇത്രയും ബുദ്ധിമുട്ട് സഹിച്ചുവന്ന് ഞങ്ങളെ കാണേണ്ട ആവശ്യം ഇല്ലല്ലോ, എന്നിട്ടും അവർ വരുന്നു. ഒന്നിനും വേണ്ടി അല്ല പയ്യാമ്പലത്ത് ആ സ്ഥലം ഒന്നു കാണാൻ, അച്ഛനെ കാണാനായി അവർ പോകുന്നു. അവർക്ക് അച്ഛനാരായിരുന്നു എന്ന്, എന്തായിരുന്നു എന്ന്  ഞങ്ങൾ  മനസ്സിലാക്കുകയാണ്. അവരുടെയൊക്കെ ജീവിതത്തിൽ എത്രമാത്രം ആണ് അച്ഛൻ സ്നേഹ സാന്ത്വനങ്ങൾ കൊടുത്തിട്ടുള്ളത് എന്നറിയുകയാണ്. രണ്ടും മൂന്നും പേർ താങ്ങിയെടുത്തുകൊണ്ടുതന്നെ വന്നവർ നിരവധിയാണ്, തീരെ വയ്യാത്ത ആളുകൾ. സഖാക്കൾക്കും ജനങ്ങൾക്കും മറ്റു രാഷ്ട്രീയ പ്രവർത്തകർക്കും ഏറ്റവും പ്രിയപ്പെട്ടതായിരുന്നു അച്ഛൻ.

മക്കളായ ബിനോയ് കോടിയേരിക്കും ബിനീഷ് കോടിയേരിക്കുമൊപ്പം കോടിയേരി ബാലകൃഷ്ണന്‍. ചിത്രം: മനോരമ
മക്കളായ ബിനോയ് കോടിയേരിക്കും ബിനീഷ് കോടിയേരിക്കുമൊപ്പം കോടിയേരി ബാലകൃഷ്ണന്‍. ചിത്രം: മനോരമ

കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണമാകില്ല. മറ്റൊന്ന് ഉമ്മൻ ചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്, ആ വരവ്, അദ്ദേഹവും അച്ഛനും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മനസ്സിലാക്കിത്തന്നു. സഖാവ് കാനം പറഞ്ഞത് ഏകദേശം 42 വർഷത്തോളമായുള്ള കോടിയേരിയുമായുള്ള ബന്ധത്തെ പറ്റിയാണ്. ഏതു കാര്യവും കൃത്യമായി കേൾക്കുകയും മുന്നണി ബന്ധത്തെ ഇത്രയേറെ ഊട്ടിയുറപ്പിക്കുകയും ചെയ്ത മറ്റൊരു സെക്രട്ടറി ഇല്ലായിരുന്നു എന്നും. കുഞ്ഞാലിക്കുട്ടി സാഹിബ് അച്ഛനുമായുള്ള ബന്ധത്തെയോർത്തെടുത്തതും ഓർമയിൽ വരുന്നു. എം.എ.യൂസഫലി മരണശേഷവും ഞങ്ങളുടെ കുടുംബത്തിനെ ആശ്വസിപ്പിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്നു. കേരളത്തിൽ ആദ്യമായി ഒരു മാൾ തുടങ്ങണം എന്നും അതിനായി അച്ഛൻ ഇടപെട്ടിരുന്ന കാലത്തെ കുറിച്ചുമെല്ലാം യൂസഫലിക്ക പറഞ്ഞു. ഒരിക്കലും തീരാത്ത ബന്ധമാണ് ബാലേട്ടനോട് എനിക്കുള്ളത് എന്നാണദ്ദേഹം പറഞ്ഞത്

ആരവങ്ങൾക്കിടയിൽ വേറിട്ട ശബ്ദമായി, ഒറ്റപ്പെടലിൽ സ്നേഹകാഹളമായി അച്ഛൻ ജീവിതത്തിന്റെ ഓരോ പരമാണുവിലും സ്വാധീനിച്ചിരുന്നു എന്ന് എകെജി സെന്ററിൽനിന്നു പുറത്തിറങ്ങുമ്പോൾ ഞാൻ അനുഭവിക്കുന്നു. അച്ഛനില്ലാത്ത വർത്തമാനകാലത്തിൽ ആണ് ഇനി ജീവിക്കേണ്ടത്. ഒരു പുതിയ തുടക്കമാവാം എന്ന തിരിച്ചറിവിന്റെ മുറിവും വേദനയും ശരിയായി വരാൻ സമയമെടുത്തേക്കാം. എങ്കിലും അച്ഛൻ തന്ന കരുത്തോടെ തന്നെ മരണം വരെയും ഈ പാർട്ടിയോടൊപ്പം സഞ്ചരിക്കും. സഖാവ് കോടിയേരി–എന്റെ അച്ഛൻ അത്രയും നിറഞ്ഞ ഒരു സ്നേഹപെയ്ത്തായിരുന്നു.

English Summary: Bineesh Kodiyeri remembering late father Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com