ജോലിക്കും ലൈസൻസിനും വോട്ടറാകാനും വേണം ജനന സർട്ടിഫിക്കറ്റ്; നിയമഭേദഗതി വരുന്നു

Parliament House complex (Photo: PTI Photo/Manvender Vashist)
പാർലമെന്റ് മന്ദിരം (Photo: PTI Photo/Manvender Vashist)
SHARE

ന്യൂഡൽഹി∙ സ്കൂളിലും കോളജിലും പ്രവേശനം വേണോ, വോട്ടർപട്ടികയിൽ പേര് ചേർക്കണോ, സർക്കാർ ജോലി വേണോ, ഡ്രൈവിങ് ലൈസൻസും പാസ്പോർട്ടും വേണോ...എല്ലാ കാര്യങ്ങൾക്കും ഇനി ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും. ഇതിനുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ അടുത്തമാസം ഏഴിന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

1969ലെ ജനന-മരണ റജിസ്ട്രേഷൻ നിയമമാണ് ഭേദഗതി ചെയ്യുന്നത്. ബില്ലിന്റെ കരട് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനങ്ങൾ നൽകിയ നിർദേശങ്ങളിൽ ചിലതുകൂടി ഉൾപ്പെടുത്തിയ ബില്ലാണ് പാർലമെൻറിൽ അവതരിപ്പിക്കുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. പുതിയ ബിൽ നടപ്പായാൽ ജനനത്തീയതിയും ജനനസ്ഥലവും കൃത്യമായി രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് ജീവിതത്തിലെ എല്ലാ പ്രധാന രേഖകൾക്കും അസംഖ്യം ആവശ്യങ്ങൾക്കും നിർബന്ധമാകും.

1. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനം 

2. ഡ്രൈവിങ് ലൈസൻസ് 

3. പാസ്പോർട്ട് 

4. വോട്ടർപട്ടികയിൽ പേരുചേർക്കൽ 

5. സർക്കാർ, പൊതുമേഖലാ ജോലികൾ 

6. വിവാഹ റജിസ്ട്രേഷൻ 

7. ബില്ലിലും ചട്ടത്തിലും നിർദേശിക്കുന്ന മറ്റ് ആവശ്യങ്ങൾ

സർക്കാർ ജോലികൾക്ക് മാത്രമല്ല സർക്കാരുകൾക്ക് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ എന്നിവയിലും ജോലിക്ക് ജനനസർട്ടിഫിക്കറ്റ് നിർബന്ധമാകും. അതതിടങ്ങളിലെ റജിസ്ട്രാർ ഓഫിസുകളിൽ നിന്ന് ലഭിക്കുന്ന ജനനസർട്ടിഫിക്കറ്റ് തന്നെയാണ് ഇതിനുപയോഗിക്കുക. രാജ്യത്തെ മുഴുവൻ ജനന-മരണ വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭ്യമാക്കും വിധമുള്ള ഭേദഗതിയാണ് ബില്ലിലുള്ളത്.

ഈ വിവരങ്ങൾ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കും. ജനനം റജിസ്റ്റർ ചെയ്തിട്ടുണ്ടങ്കിൽ കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ പേര് വോട്ടർ പട്ടികയിൽ വരും. മരണപ്പെടുന്നവരുടെ പേരുകൾ ഒഴിവാകുകയും ചെയ്യും. ഇത് ഓണലൈൻ പ്രക്രിയ ആയിരിക്കും. മരണം റജിസ്റ്റർ ചെയ്യുന്നതിലുള്ള വീഴ്ചകൾ തടയാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. മരണം സംഭവിക്കുന്ന ആശുപത്രികൾ നിശ്ചിത സമയത്തിനുള്ളിൽ മരണകാരണം ഉൾപ്പെടെ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് നൽകുന്നതിനൊപ്പം അതതിടങ്ങളിലെ റജിസ്ട്രാർക്കും സമർപ്പിക്കണം. നഴ്സിങ് ഹോം മുതൽ സൂപ്പർ സ്പെഷൽറ്റി വരെ എല്ലാത്തരം ആശുപത്രികൾക്കും ഇത് ബാധകമാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റോൾ 

ഭേദഗതി പാസാകുന്നതോടെ ദേശീയതലത്തിൽ ജനന-മരണ റജിസ്ട്രേഷൻ ഡേറ്റാബേസ് ഉണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് ഇതിന്റെ നിയന്ത്രണം. പല സംസ്ഥാനങ്ങളും ഇപ്പോൾ കേന്ദ്രസർക്കാരിന്റെ സിവിൽ റജിസ്ട്രേഷൻ സിസ്റ്റത്തിലാണ് ജനന-മരണ റജിസ്ട്രേഷൻ ചെയ്യുന്നത്. കേരളമുൾപ്പെടെ പല സംസ്ഥാനങ്ങൾക്കും സ്വന്തം സംവിധാനമുണ്ട്. ഭാഗികമായി കേന്ദ്ര സിവിൽ റജിസ്ട്രേഷൻ സിസ്റ്റം ഉപയോഗിക്കുന്നുമുണ്ട്. ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണപ്രദേശങ്ങളിൽ പൂർണമായി സ്വന്തം സംവിധാനത്തിലാണ് റജിസ്ട്രേഷൻ.

നയമഭേദഗതി വരുന്നതോടെ റജിസ്ട്രാർ ജനറലിന് പൂർണതോതിൽ ഡേറ്റ ലഭ്യമാകും. ഇത് ജനസംഖ്യാ റജിസ്റ്റർ ഉൾപ്പെടെ പുതുക്കാൻ ഉപയോഗിക്കാം. വോട്ടർ പട്ടിക, ആധാർ, പാസ്പോർട്ട്, റേഷൻ കാർഡ് തുടങ്ങിയവയുടെ പട്ടിക പുതുക്കാനും ഈ ഡേറ്റ ഉപയോഗിക്കാൻ കഴിയും. 2015ലാണ് ജനസംഖ്യാ റജിസ്റ്റർ അവസാനം പുതുക്കിയത്. ഇതനുസരിച്ച് 119 കോടി പൗരന്മാരുടെ വിവരങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ജനസംഖ്യാ റജിസ്റ്റർ പുതുക്കൽ ദേശീയ പൗരത്വ റജിസ്റ്റർ തയാറാക്കുന്നതിന്റെ ആദ്യപടിയാണെന്നാണ് 2003ലെ പൗരത്വ ചട്ടങ്ങളിൽ ഉള്ളത്. പൗരത്വനിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവർ ശക്തമായ എതിർത്ത ഒന്നാണ് ദേശീയ പൗരത്വ റജിസ്റ്റർ തയാറാക്കൽ. 

English Summary: Centre to make birth certificate mandatory for jobs, admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS