ADVERTISEMENT

ഇൻഡോർ∙ പാർട്ടിയെ ശക്തിപ്പെടുത്താൻ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നാൽ പിന്നോട്ടില്ലെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രിയും പ്രമുഖ നേതാവുമായ സച്ചിൻ പൈലറ്റും തമ്മിലുള്ള ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജയറാം രമേശിന്റെ പ്രസ്താവന വരുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സച്ചിൻ പൈലറ്റ് ചതിയനാണെന്ന് ഗെലോട്ട് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാനാകില്ലെന്ന ഗെലോട്ടിന്റെ പ്രസ്താവനയെ വിമർശിച്ച് പൈലറ്റും രംഗത്തെത്തി. ‘ദുരാരോപണം ഉന്നയിക്കുന്നത്’ സഹായിക്കില്ലെന്നായിരുന്നു പ്രതികരണം.

ഗെലോട്ട് – പൈലറ്റ് പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിനു സംഘടനയാണു പ്രധാനപ്പെട്ടത് എന്നായിരുന്നു ജയറാം രമേഷിന്റെ മറുപടി. ‘‘രാജസ്ഥാനിലെ വിഷയം നോക്കിയാൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന പരിഹാരം ആയിരിക്കും തീരുമാനിക്കുക. ഇതിനു ശക്തമായ നടപടികൾ എടുക്കേണ്ടിവന്നാൽ അതു സ്വീകരിക്കും. വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാൽ അതും നടത്തിയിരിക്കും. രാജസ്ഥാൻ വിഷയത്തിൽ ശരിയായ പരിഹാരം സ്വീകരിക്കും. എനിക്ക് ഈ വിഷയത്തിൽ പരിഹാരത്തിനുള്ള സമയ പരിധി തീരുമാനിക്കാനാകില്ല. അതു കോൺഗ്രസ് നേതൃത്വം എടുക്കേണ്ടതാണ്. കോൺഗ്രസിന് ഗെലോട്ടിനെയും പൈലറ്റിനെയും വേണം’’ – ജയറാം രമേശ് കൂട്ടിച്ചേർത്തു.

അഭിമുഖത്തിൽ ഗെലോട്ട് പൈലറ്റിനെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കാവുന്നതായിരുന്നുവെന്നു ജയറാം രമേശ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലേതു പോലെ തന്നെ രാജസ്ഥാനിലും ഭാരത് ജോഡോ യാത്ര വിജയകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്ര ഡിസംബർ നാലിനാണ് രാജസ്ഥാനിൽ പ്രവേശിക്കുക. ഒരു വർഷത്തിനുള്ള രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടാകും.

English Summary: Gehlot-Pilot tussle: Congress won't shy away from taking 'tough decisions' to strengthen the organization, says Ramesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com