ശുചിമുറി തേടി മറ്റൊരു കോച്ചിൽ, ടിടിഇ ഇറക്കിവിട്ടു; കാണാതായ വയോധികനെ കണ്ടെത്തി

Mail This Article
തൃശൂര്‍∙ ട്രെയിൻ യാത്രക്കിടെ കാണാതായ വയോധികനെ കണ്ടെത്തി. തൃശൂർ സ്വദേശിയും ചെന്നൈ തിരുവോട്ടിയൂർ സ്ട്രീറ്റ് നടരാജ ഗാർഡനിലെ താമസക്കാരനുമായ കണ്ണൻകുട്ടി നായരെ(74)യാണ് ഇറോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച തിരുവനന്തപുരം- ചെന്നൈ മെയിലിൽ യാത്രചെയ്യുന്നതിനിടെയാണ് കണ്ണൻകുട്ടിയെ കാണാതായത്.
സ്ലീപ്പർ ക്ലാസിൽ കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്ന കണ്ണൻകുട്ടി നായർ ശുചിമുറി അന്വേഷിച്ച് മറ്റൊരു കോച്ചിലെത്തി. ഈ സമയം ടിടിഇ എത്തുകയും ടിക്കറ്റ് കൈവശമില്ലാത്തതിനെ തുടർന്ന് ജനറൽ കംപാർട്ടുമെന്റിൽ യാത്ര തുടരാൻ പ്ലാറ്റ്ഫോമിൽ ഇറക്കിവിടുകയുമായിരുന്നു. ഓർമക്കുറവുള്ള കണ്ണൻകുട്ടി നായർ, ജനറൽ കംപാർട്ട്മെന്റിൽ കയറുന്നതിനു പകരം സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു.
വഴിതെറ്റിപ്പോയ ആളാണെന്ന് തോന്നിയതിനെ തുടർന്ന് മലയാളിയായ ഉമ്മർ എന്നയാൾ കണ്ണൻകുട്ടിയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ഭക്ഷണം നൽകുകയും ചെയ്തു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഉമർ കണ്ണൻകുട്ടിയുടെ മകനെ വിവരമറിയിക്കുകയായിരുന്നു.
English Summary: Missing man found from Erode