പിണറായി സർക്കാർ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിൽ: വി.ഡി. സതീശൻ

vd-satheeshan
വി.ഡി. സതീശൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ ഗൗതം അദാനിക്കു വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്കു പിണറായി സര്‍ക്കാര്‍ എത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അദാനിക്കുവേണ്ടി അടിമവേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നത്. ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്ത പൊലീസ് സിപിഎമ്മിന്റെ സമരം നടത്തിയ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കുമോയെന്നും പ്രസ്താവനയിലൂടെ ചോദിച്ചു.

വാർത്താക്കുറിപ്പിൽനിന്ന്:

വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അൻപതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്കു വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടി. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണം.

ആര്‍ച്ച് ബിഷപ്പിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാന്‍ തയാറാകുമോ? അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നത്. സമരത്തെ വര്‍ഗീയവത്ക്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് സര്‍ക്കാരും സിപിഎമ്മും തുടക്കം മുതല്‍ക്കെ പയറ്റിയത്. ഇതിന്റെ ഭാഗമായി സിപിഎം-ബിജെപി കൂട്ടുകെട്ടുണ്ടാക്കിയതും കേരളം കണ്ടതാണ്. അദാനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണു വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ ഈ സഖ്യത്തിനു ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സഖ്യത്തിലേര്‍പ്പെട്ട രണ്ടു കൂട്ടരും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്.

മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച ചെയ്തു വിഷയം പരിഹരിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. തുറമുഖ പദ്ധതി നടപ്പാക്കുമ്പോള്‍ തീരശോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നതു മുന്‍കൂട്ടിക്കണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്നു നിയമസഭയിലും പുറത്തും നിരവധിത്തവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം കാലങ്ങളായി സിമന്റ് ഗോഡൗണില്‍ കിടക്കുന്ന വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ അദാനിക്കൊപ്പം ചേര്‍ന്ന് സമരത്തെ ഇല്ലാതാക്കുകയെന്ന നിലപാടാണു സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കു വഴങ്ങി ജനകീയ പ്രശ്‌നങ്ങളും സമരങ്ങളും കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. വിഴിഞ്ഞം സമരത്തിനു യുഡിഎഫ് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ ഇനിയും തുടരും.

English Summary: VD Satheesan on Kerala Police FIR against Latin Diocese Bishop and others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS