ADVERTISEMENT

ന്യൂഡൽഹി∙ ശ്രദ്ധ വോൾക്കറിന്റെ ക്രൂരഹത്യയുടെ ഞെട്ടലിൽനിന്നു രാജ്യം പുറത്തുകടക്കവേ ഡൽഹിയിൽ വീണ്ടും സമാന കൊലപാതകം. ഭർത്താവിനെ കൊന്നു കഷ‌ണങ്ങളാക്കിയ കേസിൽ ഭാര്യയെയും മകനെയും ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രദ്ധയെ കാമുകൻ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കിയതു പോലെയാണ് ഈ കേസെന്നും പൊലീസ് പറയുന്നു.

മെഹ്റോളിയിൽ ശ്രദ്ധയെ അഫ്താബ് പൂനവാല കൊലപ്പെടുത്തി 35 കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. അതുപോലെ, ഇക്കഴിഞ്ഞ ജൂണിൽ പാണ്ഡവ് നഗറിലാണ് ഈ കേസിലെ മൃതദേഹ ഭാഗങ്ങൾ ആദ്യം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാൽ മരിച്ചത് ആരാണെന്നു പൊലീസിനു മനസ്സിലാക്കാനായില്ല. ശ്രദ്ധയുടെ കൊലപാതകം വാർത്തകളിൽ നിറഞ്ഞതോടെ ആ വഴിക്ക് അന്വേഷണം ആരംഭിച്ചു.

ശാസ്ത്രീയ അന്വേഷണത്തിൽ പാണ്ഡവ് നഗറിലെ അഞ്ജൻ ദാസ് എന്നയാളാണു കൊല്ലപ്പെട്ടതെന്നു കണ്ടെത്തി. ഭർത്താവ് അഞ്ജൻ ദാസിനെ ഭാര്യ പൂനവും മകൻ ദീപക്കും ചേർന്നാണ് കൊലപ്പെടുത്തിയത്. ഇരുവരും അഞ്ജനെ 22 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചു. ഡൽഹിയിലും സമീപത്തുമായി മൃതദേഹ ഭാഗങ്ങൾ വലിച്ചെറിഞ്ഞു. ഇതുവരെ ആറു ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ശ്രദ്ധ വാൽക്കറും അഫ്താബ് അമീൻ പൂനവാലയും. File Photo: @BajpaiNancy / Twitter
ശ്രദ്ധയും അഫ്താബും. File Photo: @BajpaiNancy / Twitter

പൂനത്തിന്റെ ആദ്യ വിവാഹത്തിലെ മകനാണ് ദീപക്ക്. പൂനത്തിന്റെ സ്വർണം അഞ്ജൻ പണയപ്പെടുത്തി ബിഹാറിൽ എട്ടു മക്കളുമായി താമസിക്കുന്ന ആദ്യ ഭാര്യയ്ക്കു നൽകിയെന്നതാണ് കൊലയ്ക്കു കാരണം. പൂനത്തിന്റെ ആദ്യ ഭർത്താവ് 2017ൽ ക്യാൻസർ ബാധിച്ചു മരിച്ചു. പിന്നീടാണ് അഞ്ജനൊപ്പം താമസമാക്കിയത്.

മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ പ്രദേശത്ത് അമ്മയും മകനും പല രാത്രികളിൽ വന്നുപോയെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇരുവരെയും നിരീക്ഷത്തിലാക്കിയ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവിവരം പുറത്തായത്. ഉറക്കഗുളികകൾ നൽകി ബോധംകെടുത്തിയ ശേഷമാണ് അഞ്ജന്റെ ജീവനെടുത്തതെന്നു പ്രതികൾ മൊഴി നൽകി.

English Summary: Delhi Woman, Son Arrested For Murder Eerily Similar To Shraddha Walkar's

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com