ADVERTISEMENT

ബെംഗളൂരു∙ ക്ലാസ് മുറിയിൽവച്ച് മുസ്‍ലിം വിദ്യാർഥിയെ തീവ്രവാദിയെന്നു വിളിച്ച് അധ്യാപകൻ. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനാണ് വിദ്യാർഥിയെ ക്ലാസ് നടക്കവേ തീവ്രവാദി എന്നു വിളിച്ചത്. ഉടൻ തന്നെ വിദ്യാർഥി രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു. വിഡിയോ മറ്റൊരു വിദ്യാർഥി ഫോണിൽ പകര്‍ത്തി. സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

വെള്ളിയാഴ്ച ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. വിദ്യാർഥിയുടെ പേരെന്താണെന്നു പ്രഫസർ ചോദിച്ചു. മുസ്‌ലിം നാമം കേട്ടപ്പോൾ ‘‘ഓ, നിങ്ങൾ കസബിനെപ്പോലെയാണ് അല്ലേ’’യെന്ന് അധ്യാപകൻ ചോദിച്ചതാണു വിവാദമായത്. തുടർന്നു മതത്തിന്റെ പേരിൽ തന്നെ തീവ്രവാദിയായി മുദ്രകുത്തിയ അധ്യാപകനെതിരെ വിദ്യാർഥി ശബ്ദമുയർത്തുന്ന വിഡിയോയാണു വ്യാപകമായി പ്രചരിച്ചത്. 

‘‘26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്‌ലിം ആയതിനാൽ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങൾക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയിൽ. അത് അത്രയ്ക്ക് രസകരമല്ല സർ’’ – എന്നാണ് വിദ്യാർഥി മറുപടി നൽകുന്നത്. 

വിദ്യാർഥി പ്രതികരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്നു മനസിലാക്കിയ അധ്യാപകൻ നിങ്ങൾ എന്റെ മകനെപ്പോലെയാണെന്നു പറഞ്ഞു ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്നു വിളിക്കുമോ എന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യം. വിദ്യാർഥിയോട് അധ്യാപകൻ മാപ്പു ചോദിക്കുന്നതും വിഡിയോയിൽ കാണാം. 

അങ്ങനെ സംസാരിക്കാൻ നിങ്ങൾ എങ്ങനെ ധൈര്യപ്പെടുന്നുവെന്നും വിദ്യാർഥി ചോദിക്കുന്നുണ്ട്. ഇത്രയധികം ആളുകളുടെ മുന്നിൽവച്ച് നിങ്ങൾക്ക് എങ്ങനെ എന്നെ അങ്ങനെ വിളിക്കാൻ തോന്നി? നിങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ്. നിങ്ങളുടെ ക്ഷമാപണം നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നോ എങ്ങനെ ഇവിടെ നിങ്ങളെ തന്നെ ചിത്രീകരിക്കുന്നുവെന്നോ ഉള്ളതിൽ ഒരു മാറ്റവും വരുത്തില്ലെന്നും വിദ്യാർഥി പറയുന്നുണ്ട്. മറ്റു വിദ്യാർഥികളെല്ലാം ഇതു മിണ്ടാതെ കേട്ടുകൊണ്ടിരിക്കുന്നതും വിഡിയോയിൽ കാണാം. 

വിഡിയോ വൈറലായതിനു പിന്നാലെ അധ്യാപകനെ സസ്പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു. വിദ്യാർഥിക്ക് കൗൺസിലിങ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

English Summary: "26/11 Is Not Funny": In Video, Muslim Student Confronts Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com