ADVERTISEMENT

പാലക്കാട് ∙ ബിജെപി‌ക്കു സംഭാവന ഇനി ക്യൂആർ‌ കോഡ് വഴി. ഫണ്ട് പിരിവു സംബന്ധിച്ച വിവാദങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലായാണ് ഇത്. ഒപ്പം, വ്യവസായികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും വലിയ തുക സംഭാവന സ്വീകരിക്കാനും പുതിയ സംവിധാനമുണ്ട്. പാർട്ടി ഫണ്ട് ഓഡിറ്റും കർശനവും വിപുലവുമാകും. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട പരാതികളും ആരേ‍ാപണങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദേശീയ നേതൃത്വമാണ് പുതിയ സംവിധാനം നിർദ്ദേശിച്ചതെന്നാണ് സൂചന. 

കഴിഞ്ഞ ദിവസം കെ‍ാച്ചിയിൽ സംസ്ഥാന പ്രഭാരിമാരുടെ യേ‍ാഗത്തിലെ തീരുമാനം പ്രമുഖ വ്യവസായികളെയും സ്ഥാപന ഉടമകളെയും അറിയിച്ചതായാണ് വിവരം. മുൻകൂട്ടി അറിയിച്ച ശേഷം സംസ്ഥാന നേതൃത്വം നിയേ‍ാഗിക്കുന്ന രണ്ടംഗസംഘത്തിനു മാത്രമേ സംഭാവന നൽ‌കാവൂ എന്നും അല്ലാതെ നൽകുന്ന നൽകുന്ന പണം, അതു വാങ്ങുന്ന നേതാക്കളുടെ വ്യക്തിപരമായ പിരിവാണെന്നും അതിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് ചിലർ നടത്തുന്ന പിരിവിനെപ്പറ്റി പ്രവർത്തകർ നേതൃത്വത്തേ‍ാടു പരാതിപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ട് സംബന്ധിച്ച ആരോപണങ്ങളും കാസർകേ‍ാട്, വയനാട്, കെ‍ാടകര വിവാദ കേസുകളും പരിഗണിച്ചാണ് ഇത്തവണ നടപടികൾ കൂടുതൽ സുതാര്യവും കർശനവുമാക്കാൻ സംസ്ഥാന നേതൃത്വം നീക്കം തുടങ്ങിയത്. രാജ്യത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി ഡിജിറ്റലായി ഫണ്ട് സ്വീകരിക്കുന്നതെന്ന് നേതൃത്വം പറഞ്ഞു. 

സംഭാവന ശേഖരിക്കാനെത്തുന്ന പാർട്ടി പ്രവർത്തകരാണ് ക്യൂആർ കേ‍ാഡ് നൽകുക. ഡിജിറ്റൽ ഇടപാട് പ്രേ‍ാത്സാഹിപ്പിക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണെന്ന് നേതാക്കൾ വിശദീകരിക്കുന്നു. 100 കേ‍ാടി രൂപയാണ് ഇത്തവണ ബിജെപി സംസ്ഥാന ഘടകത്തിന്റെ ടാർഗറ്റ്. സംഘമായും അല്ലാതെയുമുള്ള പിരിവിന് മറ്റു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 1000 രൂപ വരെയുളള സംഭാവന കൂപ്പൺ വഴി സ്വീകരിക്കാമെങ്കിലും അതിനു മുകളിലുളള തുകയ്ക്ക് രസീത് നിർബന്ധമാക്കി. 10,000 രൂപയിൽ കൂടുതലുള്ള സംഭാവനകൾ ചെക്കായി മാത്രമേ വാങ്ങാവൂ എന്നാണ് വ്യവസ്ഥ.

ഇതിനു പുറമെയാണ് അഭ്യുദായകാംക്ഷികൾക്കും പണം ‍ഡിജിറ്റലായി കൈകാര്യം ചെയ്യുന്നവർക്കും മറ്റും പാർട്ടിക്ക് നേരിട്ടു സംഭാവന നൽകാൻ ക്യൂആർ കേ‍ാഡ് ഏർപ്പെടുത്തിയത്. അത് സംഘടനയുടെ സംസ്ഥാന അക്കൗണ്ടിലെത്തും. ഫണ്ട് ശേഖരണ വ്യവസ്ഥകൾ പാലിക്കുന്നുവന്ന് ഉറപ്പാക്കാൻ നിരീക്ഷണകമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മണ്ഡലം കമ്മിറ്റികൾക്ക് ഇനി പല ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടാവില്ല. പകരം സംസ്ഥാന നേതൃത്വത്തിന് നേരിട്ടു നിരീക്ഷിക്കാൻ കഴിയുന്ന വിധത്തിൽ ഏകീകൃത ഫണ്ട് സംവിധാനമാണ് ഉണ്ടാവുക. നേരത്തേയുള്ള വ്യവസ്ഥയിൽ ഫണ്ട് സംബന്ധിച്ച് വ്യക്തമായ കണക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. കേ‍ാവിഡ് കാലത്ത് ഫണ്ട് ശേഖരണം ഉണ്ടായിരുന്നില്ല.

ഇത്തവണ ബൂത്ത് തലത്തിൽ പരമാവധി 25,000 രൂപ, പഞ്ചായത്ത് അല്ലെങ്കിൽ ഏരിയാ തലത്തിൽ 1 ലക്ഷം രൂപ, നഗരസഭാ പരിധിയിൽ 3 ലക്ഷം രൂപ, മണ്ഡലം തലത്തിൽ 7 ലക്ഷം രൂപ എന്നിങ്ങനെയാണ് പിരിക്കേണ്ടത്. ബൂത്ത്തലത്തിൽ ഒരു വ്യക്തിയിൽനിന്ന് പരമാവധി 1000 രൂപയേ വാങ്ങാവൂ എന്നാണ് നിർദേശം. അതിൽ കൂടുതൽ നൽകാൻ കഴിയുന്നവരുടെ പട്ടിക പഞ്ചായത്ത്, അല്ലെങ്കിൽ ഏരിയാ കമ്മിറ്റിയെ ഏൽപിക്കണം. പഞ്ചായത്ത് കമ്മിറ്റി പരിധിയിലെ ഒരു വ്യക്തിയിൽനിന്ന് പരമാവധി 5000 രൂപ വരെയേ വാങ്ങാവൂ. മണ്ഡലം കമ്മിറ്റികൾ വ്യക്തിയിൽനിന്ന് 25,000 രൂപയിൽ കൂടുതൽ വാങ്ങരുത്. കൂടുതൽ തുക നൽകാൻ തയാറാകുന്നവരുടെ വിവരം ജില്ലാ കമ്മിറ്റിക്കു കൈമാറണം. 

സാധാരണയിൽനിന്നു വ്യത്യസ്തമായി പാർട്ടി ഫണ്ട് ഒ‍ാഡിറ്റിന് വിപുലമായ പ്രഫഷനൽ സംഘമാണ് ഇത്തവണ മുതൽ ഉണ്ടാവുക. ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വ്യക്തതയും സുതാര്യതയും വേണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദേശം. സംസ്ഥാന ട്രഷററുടെ നേതൃത്വത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികളുടെ ‍ഒ‍ാഡിറ്റിങ് പൂർത്തിയാക്കി റിപ്പേ‍ാർട്ട് കേന്ദ്ര കമ്മിറ്റിക്കു നൽകി. ദേശീയതലത്തിൽ. ആറ് പ്രഫഷനൽ ടീമുകളാണ് സംസ്ഥാന ഘടകങ്ങളുടെ ഫണ്ട് ഒ‍ാഡിറ്റ് നടത്തുന്നത്.

English Summary: BJP to receive funds via QR code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com