ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും.

ആശുപത്രി സന്ദര്‍ശന സമയം വൈകിട്ട് 3.30 മുതല്‍ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊലീസ് എയ്ഡ് പോസ്റ്റിലുള്ള പൊലീസിന്റെയും സെക്യൂരിറ്റി ചീഫിന്റെയും നമ്പരുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കും. അലാം സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സംഭവത്തെ തുടര്‍ന്ന് മന്ത്രി വിളിച്ചു ചേര്‍ത്ത പൊലീസിന്റെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും പിജി ഡോക്ടര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പൊലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കും.

ഇതിലൂടെ ആശുപത്രികളിലെ ക്രമസമാധാന പ്രശ്‌നങ്ങളും മെഡിക്കോ – ലീഗല്‍ കേസുകളും കൈകാര്യം ചെയ്യുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനു സാധിക്കും. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ കോളജുകളിലും രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫ്രിങ് റൂം സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനു പൊലീസിന്റെ സഹായത്തോടെ മോക് ഡ്രില്‍ സംഘടിപ്പിക്കും.

English Summary: Security will be strengthened in the medical college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com