ADVERTISEMENT

തിരുവനന്തപുരം∙ അമ്മയെയും കുഞ്ഞിനെയും 11 വർഷങ്ങൾക്ക് മുൻപ് കാണാതായ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഊരുട്ടമ്പലം സ്വദേശി വിദ്യയും (ദിവ്യ) മകൾ ഗൗരിയുമാണു കൊല്ലപ്പെട്ടത്. വിദ്യയുടെ പങ്കാളി മാഹിൻ കണ്ണ് കുറ്റസമ്മതം നടത്തി. കടലിൽ തള്ളിയിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നു മാഹിൻ കണ്ണ് പൊലീസിനോടു സമ്മതിച്ചു. മാഹിൻ കണ്ണിന്റെ ഭാര്യയ്ക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്നു പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. 

2011 ഓഗസ്റ്റ് 18നാണ് വിദ്യയെയും മകൾ ഗൗരിയെയും കാണാതാകുന്നത്. പൂവാർ സ്വദേശിയായ മാഹിൻ കണ്ണ് മത്സ്യവ്യാപാരിയായിരുന്നു. 2008ലാണ് ചന്തയിൽ കച്ചവടത്തിന് എത്തിയ മാഹിൻകണ്ണ് വിദ്യയുമായി ഇഷ്ടത്തിലാകുന്നത്. ഒരുമിച്ചു താമസിക്കുന്നതിനിടെ വിദ്യ ഗർഭിണിയായി. കല്യാണം കഴിക്കാൻ വിദ്യയും കുടുംബവും തുടക്കം മുതൽ നിർബന്ധിച്ചെങ്കിലും മാഹിൻകണ്ണ് തയാറായിരുന്നില്ല. ഗർഭിണിയായതോടെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യ സമ്മർദം ശക്തമാക്കി. ഇതിനിടെ മാഹീൻ കണ്ണ് വിദേശത്തേക്കു പോയി. നിർമാണ തൊഴിലാളിയായ വിദ്യയുടെ അച്ഛൻ കൂലിപ്പണി ചെയ്താണു കുടുംബം നോക്കിയിരുന്നത്. കുഞ്ഞിന് ഒരു വയസായപ്പോൾ മാഹിൻകണ്ണ് നാട്ടിലേക്കു തിരിച്ചു വന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് മാഹിൻകണ്ണ് നാട്ടിലെത്തിയവിവരം വിദ്യ അറിയുന്നത്. മാഹിൻകണ്ണിനെ വിദ്യ നിർബന്ധിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. 

മാഹിൻകണ്ണ് വീട്ടിലുള്ളപ്പോഴാണ് ഭാര്യയായ റുഖിയയുടെ ഫോൺ വരുന്നത്. മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസിലാക്കിയത് അപ്പോഴാണ്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായി. കാണാതാകുന്ന ദിവസം വിദ്യയും മകളും വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന സഹോദരി ശരണ്യയുമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ അമ്മ രാധ, ഭർത്താവിന്റെ ചിറയിൻകീഴിലെ ജോലി സ്ഥലത്ത് പണം വാങ്ങാൻ പോയിരിക്കുകയായിരുന്നു. വിദ്യ ഫോണിൽ വിളിച്ചു രണ്ടര വയസ്സുകാരിയായ മകൾക്കും മാഹിൻകണ്ണിനോടൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചു. വിദ്യ തിരിച്ചെത്താത്തതിനെതുടർന്ന് കുടുംബം പൂവാർ സ്റ്റേഷനിൽ പരാതി നൽകി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കൂട്ടിക്കൊണ്ട് വരാമെന്നു പറഞ്ഞതോടെ മാഹിൻകണ്ണിനെ പൂവാർ പൊലീസ് വിട്ടയച്ചു. പീന്നീട് പൊലീസ് കേസ് അന്വേഷിച്ചില്ല. 

വിദേശത്തേക്കു പോയ മാഹിൻ കണ്ണ് പിന്നീട് നാട്ടിൽ തിരിച്ചെത്തി പൂവാറിൽ സ്ഥിരതാമസമാക്കി. മകളെ കാണാതായ വിഷമത്തിൽ പിതാവ് ജയചന്ദ്രൻ ആത്മഹത്യ ചെയ്തു. 2019ൽ കാണാതായവരുടെ കേസുകൾ പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചപ്പോൾ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു. വിദ്യയെ അറിയില്ലെന്നായിരുന്നു അദ്യം മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് തെളിവുകൾ നിരത്തിയപ്പോൾ വിദ്യയെ അറിയാമെന്നും ഓട്ടോയിൽ തമിഴ്നാട്ടിൽ ആക്കിയെന്നും പറഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം നടത്തിയത്. വിദ്യയെയും മകളെയും കാണാതായി രണ്ടു ദിവസത്തിനുശേഷം ഇരുവരുടെയും മൃതദേഹം തമിഴ്നാട്ടിലെ കുളച്ചൽ ഭാഗത്ത് തീരത്തടിഞ്ഞിരുന്നു. എന്നാൽ, ആദ്യത്തെ അന്വേഷണ സംഘം ഇക്കാര്യങ്ങളൊന്നും പരിശോധിച്ചില്ല. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനു ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പരാതി നൽകുമ്പോൾ പൂവാർ സ്റ്റേഷനിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. 

English Summary: Thiruvananthapuram missing case of Vidya and her daughter proved to be a murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com