ADVERTISEMENT

തിരുവനന്തപുരം∙ ‘അണ്ണൻ ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല. അണ്ണന് ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണ് ഉള്ളത്’– ജീവിത പങ്കാളിയായ മാഹിന്‍കണ്ണിനെക്കുറിച്ച് മരിച്ച വിദ്യ (ദിവ്യ) നോട്ടുബുക്കിൽ കുറിച്ചത് ഇങ്ങനെ. വിദ്യയെയും മകളെയും ഒഴിവാക്കാനാണ് തമിഴ്നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കടലിൽ തള്ളി കൊലപ്പെടുത്തിയത് എന്നാണ് മാഹിൻകണ്ണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് 11 വർഷം മുൻപ് നടന്ന കൊലപാതകം തെളിഞ്ഞത്.

മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണിനെ ചന്തയിൽവച്ചാണ് വിദ്യ പരിചയപ്പെടുന്നത്. ഒരുമിച്ച് ജീവിക്കുന്നതിനിടെ വിദ്യ പെൺകുഞ്ഞിനു ജൻമം നൽകി. പിന്നീടാണു മാഹിൻകണ്ണ് വിവാഹിതനാണെന്ന് അറിയുന്നതും പരസ്പരം വഴക്കിലാകുന്നതും. വിദ്യയെ ഒഴിവാക്കാൻ ഭാര്യയുമായി കൂടിയാലോചിച്ചാണു മാഹിൻകണ്ണ് കൊലപാതകം ആസൂത്രണം ചെയ്തത്. 

‘‘എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണൻ ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മനു അണ്ണനാണ് (മാഹിൻകണ്ണ്) കാരണം’– വിദ്യ നോട്ടുബുക്കിൽ എഴുതി. ഇതു കണ്ട വീട്ടുകാരുടെ സംശയം വർധിച്ചു. വിദ്യയെ കാണാതായ 2011 ഓഗസ്റ്റ് 18ന് വിദ്യയുടെ അമ്മ രാധ നിരവധി തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മാഹിന്‍കണ്ണാണ് ഫോൺ എടുത്തത്. ഫോൺ വിദ്യയ്ക്കു കൊടുക്കാൻ കഴിയില്ലെന്നും കുഞ്ഞിനു ഹോട്ടലിൽനിന്നു ഭക്ഷണം കൊടുക്കുകയാണെന്നും മറുപടി നൽകി. 

തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. രാത്രി പത്തരയോടെ സ്വിച്ച് ഓഫ് ആയ ഫോൺ പിറ്റേന്നു രാവിലെയാണ് ഓൺ ആയത്. നാലാം ദിവസം കുടുംബം പരാതി നൽകി. തിരോധാനത്തിൽ മാഹിന്‍ കണ്ണിനെ സംശയമുണ്ടെന്നു പൊലീസിനോട് പറഞ്ഞെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. വിദ്യ ആത്മഹത്യ ചെയ്യില്ലെന്നു കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. ഓട്ടോ കസ്റ്റഡിയിലെടുത്തെങ്കിലും മാഹിനിനെ വിട്ടയച്ചു. വിദ്യയെ തമിഴ്നാട്ടിൽ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിൻ പറഞ്ഞത്. ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിക്കാൻ പൂവാർ പൊലീസ് തയാറായില്ല.

തേങ്ങാപ്പട്ടണത്തുനിന്നാണ് വിദ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു മകളുടെ മൃതദേഹം കിട്ടിയത്. പുതുക്കട പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൂവാർ പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകെ പോയില്ല. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തശേഷം മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. 

വിദ്യയെയും മകളെയും തമിഴ്നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്തോ എന്നറിയില്ലെന്നും മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞു. പൊലീസ് ഫോൺ രേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ മാഹിൻകണ്ണ് കുറ്റം സമ്മതിച്ചു. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നു പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നു മനസിലാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlight: Vidhya and Daughter Gauri Missing Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com