തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല ഡോ: സിസ തോമസിനു നൽകിയ ഗവർണറുടെ നടപടി കോടതി ശരിവച്ചതോടെ ഇന്നു സർവകലാശാലയിൽ എത്തിയ സിസ തോമസിന് ഔദ്യോഗിക കൃത്യ നിർവഹണത്തിനു തടസ്സങ്ങൾ ഉണ്ടായില്ല. സർവകലാശാല കവാടത്തിൽ പ്രതിഷേധിച്ചിരുന്ന വിദ്യാർഥികളും ഒരു വിഭാഗം ജീവനക്കാരും ഇന്നലത്തെ കോടതി വിധിയെ തുടർന്നു പ്രതിഷേധ സമരങ്ങൾ അവസാനിപ്പിച്ചു.
പിവിസി എസ്.അയ്യൂബ് സർവകലാശാലയിൽ ഹാജരായില്ല. വിസി സർവകലാശാലയിലെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും സന്ദർശിച്ച് ജീവനക്കാരുമായി ചർച്ച നടത്തി. കെട്ടിക്കിടക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ പരിശോധിച്ചു ഡിഗ്രി സർട്ടിഫിക്കറ്റ് അടിയന്തരമായി വൈസ് ചാൻസലറുടെ അംഗീകാരത്തിനു സമർപ്പിക്കണമെന്നും മൂല്യനിർണയം പൂർത്തിയാക്കിയ പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി.
സർവകലാശാലയുടെ മൂന്നാഴ്ചത്തെ പ്രവർത്തനം സംബന്ധിച്ചും ഇന്നുവരെയുള്ള കുടിശിക ഫയലുകൾ സംബന്ധിച്ചുമുള്ള വിശദമായ റിപ്പോർട്ട് വിസി രണ്ട് ദിവസങ്ങൾക്കുള്ളിൽ ഗവർണക്കു നൽകും. സർവകലാശാല ഭരണത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഗവർണർക്കു വിസിക്കെതിരെ നടപടിയെടുക്കാവുന്നതാണെന്ന കോടതിയുടെ പരാമർശത്തെ തുടർന്നാണു വിസി ഗവർണർക്ക് റിപ്പോർട്ട് നൽകുന്നത്.
Content Highlights: KTU, Kerala Technological University, Sisa Thomas