തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അക്രമസംഭവത്തിൽ പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി സ്പെഷൽ ഓഫിസർ ആർ.നിശാന്തിനി ഐപിഎസ്. നിയമ നടപടികളുമായി മുന്നോട്ടു പോകും. 164 കേസുകൾ നിലവിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകളുടെ കാര്യം ഡിഐജിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി.
വിഴിഞ്ഞം മുല്ലൂരിലേക്ക് ഹിന്ദുഐക്യവേദി പ്രഖ്യാപിച്ച മാർച്ചിനു പൊലീസ് അനുമതി നിഷേധിച്ചതായി നിശാന്തിനി പറഞ്ഞു. വിഴിഞ്ഞത്ത് മാർച്ച് എത്തുന്നതിനു മുൻപ് തടയും. 750 പൊലീസിനെ പ്രദേശത്ത് വിന്യസിച്ചു. വിഴിഞ്ഞം അക്രമത്തിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടെന്ന് നിലവിൽ പറയാനാകില്ല. എൻഐഎ ഉദ്യോഗസ്ഥർ താൻ പങ്കെടുത്ത യോഗത്തിൽ ഉണ്ടായിരുന്നില്ല. അക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎ തേടിയോ എന്നതിനെ സംബന്ധിച്ചും ഇപ്പോൾ പ്രതികരിക്കാനാകില്ലെന്ന് നിശാന്തിനി പറഞ്ഞു.
English Summary: Nishanthini IPS on Vizhinjam cases