ADVERTISEMENT

തിരുവനന്തപുരം∙ ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിനു സമയമില്ലെന്നും സർക്കാരിന്റെ ശ്രദ്ധ മുഴുവൻ സർവകലാശാല വിഷങ്ങളിലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സർവകലാശാലാ വിഷയത്തിൽ ശ്രദ്ധ ചെലുത്തുമ്പോൾ അവിടെ നേതാക്കളുടെ ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും നിയമിക്കാനാകുമെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നാണ് സർവകലാശാലയിലെ നിയമനത്തിനുള്ള നിർദേശങ്ങള്‍ പോകുന്നത്. സർവകലാശാലകളുടെ നാഥനായ ചാൻസലറെ അറിയിക്കാതെയാണ് നിയമനങ്ങൾ.  വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കാനുള്ള നടപടികൾ കോടതിയുടെ നിർദേശം അനുസരിച്ച്  ഉടൻ ആരംഭിക്കും.

അക്കാദമിക മികവ് നിലനിർത്താൻ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നവരായിരിക്കണം വൈസ് ചാന്‍സലർമാർ. അവരുടെ പ്രവർത്തനങ്ങളിൽ ഇടപെടൽ ഉണ്ടാകരുത്. വൈസ് ചാൻസലർമാരുടെമേൽ ഇടപെടലുകളൊന്നും ഉണ്ടാകാതെ സർവകലാശാലകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഉപരിപഠനത്തിനായി വിദ്യാർഥികൾ പുറത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാകണം. കേരളത്തിന്റെ അക്കാദമിക പാരമ്പര്യം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടും.  

കടബാധ്യതയിലുള്ള കേരളത്തിലാണ് ഗവർണർക്കെതിരെ നിയമോപദേശത്തിനായി 45 ലക്ഷം രൂപ ചെലവാക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ ആ നിയമോപദേശം ഉപയോഗിച്ചോ എന്നുപോലും അറിയില്ല. 45 ലക്ഷം നിയമോപദേശത്തിനായി ചെലവാക്കിയാൽ സർക്കാരാണ് കോടതിയിൽ പോകേണ്ടത്. സർക്കാർ കോടതിയിൽ പോകാതെ സാധാരണക്കാരെ കൊണ്ട് പൊതുതാൽപര്യ ഹർജി കൊടുക്കുകയാണ്.

സർവകലാശാലകളിൽ യുജിസി നിയമങ്ങൾക്കു വിരുദ്ധമായി സർക്കാരിനു പ്രവർത്തിക്കാനാകില്ല. അതാണ് ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയത്. പഴ്സനൽ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം മാത്രമല്ല പ്രശ്നമെന്ന് ഗവർണർ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഏഴു പേരാണ് തന്റെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നത്. ഇവിടെ മന്ത്രിമാർക്ക് 25 പഴ്സനൽ സ്റ്റാഫുണ്ട്. അവർക്ക് പെൻഷനും ലഭിക്കുന്നതായി ഗവർണർ പറഞ്ഞു.

English Summary: Governor arif Mohammed khan on University VC Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com