‘വിരട്ടാമെന്ന് കരുതേണ്ട, ഏത് വേഷത്തിൽ വന്നാലും അംഗീകരിക്കില്ല; വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ല’

pinarayi-vijayan-manoj-chemancheri
ഹരിത ഊർജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
SHARE

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുമെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനർട്ടിന്റെ ഹരിത ഊർജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ല എന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതു സർക്കാരിനെതിരെയുള്ള നീക്കമല്ല. നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തടയാനുള്ള നീക്കങ്ങൾ ഏതു വേഷത്തിൽ വന്നാലും അംഗീകരിക്കില്ല. സർക്കാരിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ട. നാല് തെറി പറയാൻ ചിലർക്ക് കഴിയുമായിരിക്കും. അതെല്ലാം സമൂഹം വിലയിരുത്തും. എന്താണ് ദേശീയപാതയ്ക്കും ഗെയിൽ പൈപ്പ് ലൈനും ഇടമൺ–കൊച്ചി പവര്‍ലൈനും സംഭവിച്ചത് അതുതന്നെ ഈ പദ്ധതിയുടെ കാര്യത്തിലും സംഭവിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം നിർമിക്കുന്നതിലൂടെ തീരശോഷണം സംഭവിച്ചു എന്നാണ് സമരസമിതിയുടെ ആക്ഷേപം. തീരശോഷണത്തെക്കുറിച്ച് പഠിച്ച റിപ്പോർട്ടുകൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്. തീരശോഷണം സംഭവിച്ചില്ല എന്നാണ് റിപ്പോർട്ടുകളിലുള്ളത്. എങ്കിലും സമരസമിതിയുടെ വാദം അംഗീകരിച്ച് ഒരു പഠനം നടത്താൻ സർക്കാര്‍ തീരുമാനിച്ചു. സമരസമിതി നേതാക്കൾ അനൗപചാരിക സന്ദർശനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. പദ്ധതി നിർത്തിവയ്ക്കേണ്ടതില്ല എന്ന നിലപാടിലേക്ക് അവരും വന്നു.

തീരശോഷണം ഉണ്ടായി എന്ന ആശങ്കയുണ്ടെങ്കിൽ നല്ല രീതിയിൽ ഒത്തുതീർപ്പിലേക്ക് എത്തുന്നതിന് പഠനം നടത്താമെന്ന് മുഖ്യമന്ത്രിയെന്ന നിലയിൽ അറിയിച്ചു. പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയമിക്കാം എന്നും അവരോട് പറഞ്ഞു. അതോടെ സമരസമിതിയുടെ ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിക്കുന്ന നിലയുണ്ടായി. ചർച്ച ചെയ്തശേഷം തീരുമാനം പറയാമെന്ന് അവർ പറഞ്ഞു. അതിനുശേഷമാണ് ഇക്കാണുന്നതെല്ലാം ഉണ്ടായത്. സർക്കാരിനു വേറെ ഒന്നും ഇനി ചെയ്യാനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

‘‘സമരസമിതി എന്താണ് ഉദ്ദേശിക്കുന്നത്? എങ്ങോട്ടാണ് കാര്യങ്ങൾ‌ പോകുന്നത്? മറ്റു മാനങ്ങളിലേക്ക് സമരത്തെ മാറ്റാൻ ഉദ്ദേശിക്കുകയാണ്. ഇതെല്ലാം ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. കേരളത്തിൽ മന്ത്രിയായി പ്രവർത്തിക്കുന്ന ആളുടെ പേര് അബ്ദുറഹിമാൻ ആയതിനാൽ ആ പേരിൽ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്നു പറയാൻ ഒരാൾക്ക് കഴിഞ്ഞാൽ എന്താണ് അതിന്റെ അർഥം. എന്താണ് ഇളക്കി വിടാൻനോക്കുന്ന വികാരം.’’– മുഖ്യമന്ത്രി ചോദിച്ചു.

നാടിന്റെ പൊതുവായ വികസന കാര്യങ്ങളിൽ എല്ലാ രീതിയിലും തടസ്സം ഉണ്ടാക്കുന്ന ഒട്ടേറെ നിക്ഷിപ്ത കക്ഷികൾ എല്ലാകാലത്തും ഉണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരെല്ലാം ഗുഢാലോചനയുമായി ഒത്തുകൂടുകയാണ്. നാടിന്റെ ഇന്നത്തെ ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തെ മാറ്റാൻ ശ്രമിക്കുകയാണ്. വ്യാപകമായ ആക്രമണങ്ങൾ നടത്തുന്നു.

പൊലീസ് ഓഫിസറുടെ കാൽ തല്ലിയൊടിച്ചു. ഭീകരമായ മർദനം നടത്തി. പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. ഒരു ഘട്ടത്തിലും സംസ്ഥാനത്ത് നടക്കില്ല എന്നു വിചാരിക്കുന്ന കാര്യങ്ങളാണ് പ്രഖ്യാപിക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പറയുന്നു. അതിനായി പ്രത്യേകം ആളുകളെ സജ്ജമാക്കുന്നു. കൃത്യമായ പദ്ധതികളോടെ മുന്നോട്ടു പോകുന്നു. പദ്ധതി നിർത്തിവയ്ക്കണമെന്ന അഭിപ്രായം പ്രദേശത്തില്ല. പദ്ധതി വേണമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സർവകക്ഷിയോഗത്തിൽ അഭിപ്രായപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Pinarayi Vijayan on Vizhinjam protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS