ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വഞ്ചകനെന്ന് കോൺഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയ്റാം രമേശ്. കോൺഗ്രസ് വിട്ട ആരെങ്കിലും തിരിച്ചുവരാൻ സന്നദ്ധത കാണിച്ചാൽ അവരെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കപിൽ സിബലിനെപ്പോലുള്ളവർ പാർട്ടി വിട്ടതിനു ശേഷം മാന്യമായ നിശബ്ദത പാലിച്ചിട്ടുണ്ട്. അവർ തിരികെ വരുന്നത് അനുവദിക്കാം. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയും ഹിമന്ത് ബിശ്വ ശർമയെപ്പോലുള്ളവരെ അനുവദിക്കാനാകില്ല. സിന്ധ്യയെ ‘24 കാരറ്റ് വഞ്ചകൻ’ ആണെന്നും ജയ്റാം രമേശ് വിമർശിച്ചു.

‘കോൺഗ്രസ് പാർട്ടി വിട്ടവരെ തിരികെ സ്വാഗതം ചെയ്യേണ്ട ആവശ്യമില്ല. അവരെല്ലാവരും പാർട്ടിയെ വിട്ടു പോകുകയും നശിപ്പിക്കുകയും ചെയ്തവരാണ്. എന്നാൽ അന്തസ്സോടെ പാർട്ടി വിട്ടവരും കോൺഗ്രസ് പാർട്ടിയോടും നേതൃത്വത്തോടും മാന്യമായ മൗനം പാലിക്കുന്നവരുമുണ്ട്.

പല കാരണങ്ങൾ കൊണ്ട് പാർട്ടി വിട്ട എന്റെ മുൻ സഹപ്രവർത്തകനും സുഹൃത്തുമായ കപിൽ സിബൽ പാർട്ടി വിട്ടതിനു ശേഷം മാന്യമായ നിഷബ്ദതയാണ് പാലിച്ചത്. സിന്ധ്യയെപ്പോലെയോ ഹിമന്ത ബിശ്വ ശർമയെപ്പോലെയോ അല്ല അദ്ദേഹം. സിബലിനെപ്പോലെയുള്ള നേതാക്കളെ സ്വാഗതം ചെയ്യാമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ പാർട്ടി വിടുകയും പാർട്ടിയെയും നേതൃത്വത്തെയും ചവിട്ടിയവരെയും തിരികെ സ്വാഗതം ചെയ്യേണ്ടതില്ല.’– ജയ്റാം രമേശ് പറഞ്ഞു.

പാർട്ടി അധ്യക്ഷ സ്ഥാനമോ, മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനമോ രാജ്യസഭാ സീറ്റോ വാഗ്ദാനം ചെയ്തിരുന്നെങ്കിൽ സിന്ധ്യ പാർട്ടി വിടുമായിരുന്നോ എന്ന ചോദ്യത്തിന് ‘സിന്ധ്യ ഒരു വഞ്ചകനാണ്, ഒരു യഥാർഥ വഞ്ചകൻ, 24 കാരറ്റ് വഞ്ചകൻ’ എന്നായിരുന്നു ജയ്റാം രമേശിന്റെ മറുപടി.

English Summary: "24-Carat Traitor": Congress On Jyotiraditya Scindia And Comeback Chances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com