ADVERTISEMENT

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ മേലഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി. സംസ്ഥാന സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന് ഇന്നു കേസ് പരിഗണിക്കുമ്പോൾ അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികൾക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കു സർക്കാർ കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പരാതി. ഹർജി ബുധനാഴ്ച പരിഗണിക്കുന്നതിനു കോടതി മാറ്റിവച്ചു.

വിഴിഞ്ഞത്തെ സംഘർഷ വിഷയത്തിൽ പൊലീസ് ഇന്നലെ കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വൈദികരടക്കം പദ്ധതി പ്രദേശത്തേയ്ക്ക് അതിക്രമിച്ചു കയറിയെന്നും സംഘർഷമുണ്ടാക്കിയെന്നുമായിരുന്നു സത്യവാങ്മൂലം. അക്രമത്തിൽ വൈദികർക്കും പങ്കുണ്ടെന്നും പദ്ധതി പ്രദേശത്ത് എത്തിയ വാഹാനങ്ങൾ വൈദികരുടെ നേതൃത്വത്തിലാണ് തടഞ്ഞതെന്നുമായിരുന്നു കോടതിയെ അറിയിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 2.20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. അക്രമത്തിൽ 64 പൊലീസുകാർക്കു പരുക്കേറ്റു. സമരക്കാർ ആംബുലൻസ് ഉൾപ്പെടെ തടഞ്ഞതായും വൈദികരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതായും വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞത്തു പൊലീസിനു സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കാനായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. ഈ ഉത്തരവു നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.

വിഴിഞ്ഞം അക്രമസംഭവങ്ങളിൽ എന്തു നടപടികളാണ് സംസ്ഥാന സർക്കാരും പൊലീസും സ്വീകരിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. സമരം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് കടുത്ത മുന്നറിയിപ്പു നൽകിയ കോടതി, കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കരുതെന്നും ക്രമസമാധനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പു നൽകിയിരുന്നു. വിഴിഞ്ഞം സംഘർഷത്തിൽ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശം വന്ന ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.

English Summary: Kerala High Court on Adani Vizhinjam Port Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com