ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞത്തു നടക്കുന്നത് സമരമല്ല കലാപമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സമരം തീർന്നാലും തീർന്നില്ലെങ്കിലും പദ്ധതി പൂർത്തിയാക്കും. കലാപത്തിനു പിന്നിൽ വർഗീയ തീവ്രവാദ ശക്തികളുണ്ട്. അവർക്കൊന്നും വഴങ്ങി പദ്ധതി അവസാനിപ്പിക്കില്ല. ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനെതിരെ വർഗീയ പരാമർശം നടത്തിയ തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെ എം.വി.ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു.

പുരോഹിതന്റേത് നാക്കുപിഴയല്ല. വർഗീയ മനസുള്ള ആൾക്കേ അത്തരം പദപ്രയോഗം നടത്താൻ കഴിയൂ. വികൃതമായ മനസാണ് പുരോഹിതൻ പ്രകടിപ്പിച്ചത്. ലത്തീൻ അതിരൂപത തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ തുടക്കത്തിൽ ഇറങ്ങിയതെന്നു എം.വി.ഗോവിന്ദൻ പറഞ്ഞു. തുറമുഖം അദാനിക്ക് കൊടുക്കുന്നതിനെയാണ് മുൻപ് സിപിഎം എതിർത്തത്. തുറമുഖത്തിനു പിന്നിൽ നടക്കുന്ന അഴിമതിയെ സംബന്ധിച്ചും സിപിഎം പ്രതിഷേധമുയർത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തുറമുഖത്തിന്റെ പണി ആരംഭിച്ചത്. ഇടതു സർക്കാർ അധികാരത്തില്‍ വന്നപ്പോൾ പദ്ധതി വിലയിരുത്തി. ഒരു സർക്കാരിന്റെ തുടർച്ചയാണ് അടുത്ത സർക്കാർ എന്നതിനാൽ പദ്ധതി തുടരാൻ തീരുമാനിച്ചു. ഫലപ്രദമായ പിന്തുണ സർക്കാർ നൽകി.

മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്ത് സമരം ആരംഭിച്ചത്. അവരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിഹരിക്കാൻ സർക്കാർ ഉത്തരവിറക്കി. പുനരധിവാസവും വീട് നിർമാണവും മണ്ണെണ്ണ സബ്സിഡിയും അടക്കം തൊഴിലാളികളുമായി ബന്ധപ്പെട്ട ആറു കാര്യങ്ങളും സർക്കാർ അംഗീകരിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം നിർത്തണം എന്നതായിരുന്നു ഏഴാമത്തെ ആവശ്യം. അതിനോട് യോജിക്കാൻ കഴിയില്ല. തലസ്ഥാന വികസനത്തിനു പദ്ധതി അനിവാര്യമാണ്. നിർമാണം നിർത്തണമെന്ന ഒറ്റ പ്രശ്നത്തിൽ കേന്ദ്രീകരിച്ചാണ് കലാപം നടക്കുന്നത്. ജനാധിപത്യപരമായി സമരം നടത്താൻ എല്ലാവർക്കും അവസരമുണ്ട്.

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം യാദൃശ്ചികമായി നടന്നതല്ല. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് ചിലർ പരസ്യമായി ആഹ്വാനം ചെയ്തു. ക്രൂരമായ രീതിയിൽ ജനങ്ങളെയും പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തിനു പിന്നിൽ പദ്ധതി നടപ്പിലാക്കരുതെന്ന ഗൂഢ ഉദ്ദേശ്യമുണ്ട്.

ഇപ്പോഴത്തെ സമരത്തിൽ മത്സ്യത്തൊഴിലാളികൾക്കു പങ്കില്ല. അവർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചു കഴിഞ്ഞു. മത്സ്യത്തൊഴിലാളികളെ മറയാക്കി നടത്തുന്ന വർഗീയ പ്രചാരണം ജനം തള്ളും. അക്രമത്തിന് ആരാണോ ഉത്തരവാദി അവർക്കെതിരെ കേസുണ്ടാകും. പ്രതികളെ അറസ്റ്റു ചെയ്യും. വിഴിഞ്ഞം സമരം അവസാനിക്കുന്നതിനെ എതിർക്കുന്നവരാണ് കലാപം നടത്തിയത്. കേരളത്തിലെ വ്യവസായ കേന്ദ്രങ്ങളിൽ കേന്ദ്ര സേന ഇപ്പോൾ തന്നെയുണ്ട്. അതിനാൽ അവർ വിഴിഞ്ഞത്തു വരുന്നതിനെ എതിർക്കേണ്ടതില്ല. കേന്ദ്രസേന വരുന്നതുകൊണ്ട് സർക്കാരിനു പ്രശ്നമില്ല. ക്രമസമാധാനം കേരള പൊലീസ് കൈകാര്യം ചെയ്യുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary: MV Govindan on Remark against minister V Abdurahiman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com