ക്രയ സർട്ടിഫിക്കറ്റുള്ളവർക്ക് വനഭൂമിയിൽ അവകാശം: ഒഴിവാക്കാൻ ബില്ലുമായി സർക്കാർ

 Miyawaki Forests in Thrissur
അഗസ്റ്റിനൊരുക്കിയ മിയാവാക്കി വനം
SHARE

തിരുവനന്തപുരം∙ ലാൻഡ് ട്രൈബ്യൂണൽ നൽകുന്ന ക്രയ സർട്ടിഫിക്കറ്റ് വനഭൂമിയിലെ അവകാശത്തിനു തെളിവാണെന്ന് അംഗീകരിക്കുന്നത് ഒഴിവാക്കാനുള്ള നിയമഭേദഗതി ബിൽ ഈ സഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ നീക്കം. ഭേദഗതി വരുന്നതോടെ 6500 ഹെക്ടറോളം വനഭൂമി സർക്കാർ ഉടമസ്ഥതയിൽ സംരക്ഷിക്കാനാകും. റവന്യു വകുപ്പ് എതിർത്തതിനാൽ ചില ഭേദഗതികളോടെയാണ് 1971ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്.

ക്രയസർട്ടിഫിക്കറ്റ് ഉള്ളവർക്കെല്ലാം വനഭൂമിയുടെ ഉടമസ്ഥാവകാശം നൽകണമെന്നായിരുന്നു സിപിഐ വാദം. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, ചെറിയ രീതിയിൽ ഭൂമി ഉള്ളവർക്ക് ഉടമസ്ഥാവകാശം നൽകി ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. നിയമവകുപ്പിന്റെ അഭിപ്രായത്തിനുശേഷം അവകാശം അനുവദിക്കേണ്ട ഭൂമിയുടെ പരിധി നിശ്ചയിക്കും. സംസ്ഥാനത്തെ സ്വകാര്യ വനങ്ങൾ സർക്കാരിൽ നിക്ഷിപ്തമാക്കി അവയിൽ കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷി ചെയ്യുന്നതിനു പതിച്ചു കൊടുക്കുന്നതിനും 1971ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു.

കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരം ക്രയസർട്ടിഫിക്കറ്റ് പതിച്ചു കൊടുത്തത് കുടിയാനു ഭൂമി പതിച്ചു കൊടുത്തതിനുള്ള തെളിവാണ്. ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി സർക്കാരുമായി തർക്കങ്ങളുണ്ടായപ്പോൾ പലരും കോടതിയെ സമീപിച്ചെങ്കിലും കേസുകൾ തള്ളി. എന്നാൽ, 2019ൽ സുപ്രീംകോടതി ക്രയസർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഭൂമിയിൽ അവകാശമുണ്ടെന്നത് അംഗീകരിച്ചു. ഈ വിധി വനഭൂമി സംബന്ധിച്ച് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സർക്കാരിനു നിയമോപദേശം ലഭിച്ചു. വനങ്ങൾ വലിയ തോതിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും 1971ലെ നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന 90% കേസുകളും സംസ്ഥാനത്തിനെതിരായി മാറുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. തുടർന്നാണ് 1971ലെ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് റവന്യൂ–വനം മന്ത്രിമാർ സംസാരിച്ച് ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും ബില്ലായി അവതരിപ്പിക്കാനായില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ റവന്യു വകുപ്പ് ഓർഡിനൻസിലെ നിർദേശങ്ങളെ എതിർത്തു. ക്രയസർട്ടിഫിക്കറ്റ് ഉള്ളവർക്കെല്ലാം ഉടമസ്ഥാവകാശം നല്‍കണമെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ച് ഭേദഗതികൾ കൊണ്ടുവരാൻ തീരുമാനിച്ചത്. നിയമത്തിന് 1971 മേയ് 10 മുതൽ പ്രാബല്യം നൽകുന്നതോടെ ക്രയസർട്ടിഫിക്കറ്റ് ഭൂമി കൈവശം വയ്ക്കുന്നതിനുള്ള തെളിവല്ലാതെയാകും.

English Summary: Kerala Government to Introduce Bill to Protect Forest Area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS