ADVERTISEMENT

കോട്ടയം ∙ ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാരെ അർധരാത്രി പെരുവഴിയിലാക്കാൻ റെയിൽവേ. റിസർവേഷൻ വേളയിൽ സൂചന നൽകാതെ എറണാകുളം ടൗൺ സ്റ്റേഷനിൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ചില ട്രെയിനുകൾ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് യാത്രക്കാർ ബുദ്ധിമുട്ടിലായത്. കൊച്ചുവേളി സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായാണ് പൊടുന്നനെ 20 ഓളം ട്രെയിനുകൾക്കു നിയന്ത്രണമേർപ്പെടുത്തുന്നത്. മണ്ഡലകാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ മുൻകൂട്ടി റിസർവ് ചെയ്ത് എത്തുന്ന ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർ ഇതോടെ അർധരാത്രിയിൽ പെരുവഴിയിലാകുന്ന സ്ഥിതിയിലാണ്.

ഡിസംബർ ആറിന് ഭവനഗർ ടെർമിനലിൽ നിന്നു പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസിലെ (19260) യാത്രക്കാർക്കാണു കൂടുതൽ ദുരിതം. 7ന് രാത്രി 11 മണിയോടെ എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ ഇവിടെ യാത്ര അവസാനിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം റയിൽവേ പുറത്തിറക്കിയ അറിയിപ്പിലുള്ളത്. ഇതോടെ എറണാകുളം മുതൽ കൊച്ചുവേളിവരെയുള്ള യാത്രക്കാർ പ്രതിസന്ധിയിലാവും. തുടർയാത്രയ്ക്കു മറ്റു ക്രമീകരണങ്ങളൊന്നും റെയിൽവേ ഇതുവരെ ഒരുക്കിയിട്ടില്ല.

ഇതിനു പിന്നാലെ എറണാകുളത്ത് എത്തേണ്ട കോട്ടയം വഴിയുള്ള രാജ്യറാണി എക്സ്പ്രസ് 7 മുതൽ 12 വരെ പൂർണമായും റദ്ദാക്കി. ഇതോടെ ഒന്നര മണിക്കൂറിനു ശേഷം അർധരാത്രി 12.30 ഓടെ എത്തേണ്ട അമൃത എക്സ്പ്രസാണ് ഏകമാർഗം. എന്നാൽ ഈ ട്രെയിനിൽ റിസർവേഷൻ തീർന്നിട്ട് ദിവസങ്ങളായി. ഇതോടെയാണ് അർധരാത്രി എത്തുന്ന ഭവനഗർ–കൊച്ചുവേളി എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കാതെ കൊല്ലത്തേക്ക് നീട്ടുകയോ ഇതേ സമയം മെമു ട്രെയിൻ സർവീസ് നടത്തുകയോ വേണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്തെത്തിയത്.

കൊച്ചുവേളി എക്സ്പ്രസിലെ റിസർവേഷൻ യാത്രക്കാർ രാത്രി ഇതേ ടിക്കറ്റുമായി അമൃത എക്സ്പ്രസിലെ റിസർവേഷൻ കോച്ചിൽ കയറിയാൽ ഉണ്ടാകാവുന്ന സംഘർഷ സാധ്യതയും സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിലുണ്ട്. ശബരിമല തീർഥാടകരെ പെരുവഴിയിലാക്കിയാലുണ്ടാകാവുന്ന പ്രശ്നങ്ങളും തള്ളിക്കളയാനാവില്ല. ട്രെയിൻ കൊല്ലത്തേക്കെങ്കിലും നീട്ടാതെ അർധരാത്രി എറണാകുളത്ത് ഇറക്കിവിട്ടാൽ തുടർന്നുണ്ടാകുന്ന ചെലവുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നു യാത്രക്കാരിൽ ചിലർ മനോരമ ഓൺലൈനോടു പറഞ്ഞു. ട്രെയിൻ കൊല്ലത്തേക്കു നീട്ടുകയോ എറണാകുളത്ത് എത്തിയാലുടൻ കൊച്ചുവേളി ഭാഗത്തേക്കു കോട്ടയം വഴി മെമു സർവീസ് ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റയിൽസ് സെക്രട്ടറി ജെ.ലിയോൺസ് ആവശ്യപ്പെട്ടു.

ഭവ്നഗർ ടെർമിനൽ – കൊച്ചുവേളി വീക്ക്‌ലി എക്സ്പ്രസിനു പുറമേ 8 ന് പുറപ്പെടുന്ന പോർബന്തർ – കൊച്ചുവേളി വീക്ക്‌ലി സൂപ്പർഫാസ്റ്റ് (20910), 8 ന് പുറപ്പെടുന്ന ഗോരഖ്പുർ – കൊച്ചുവേളി രപ്തിസാഗർ ട്രൈ വീക്ക്‌ലി സൂപ്പർഫാസ്റ്റ് (12511) എന്നീ ട്രെയിനുകൾ എറണാകുളം ജംക്‌ഷനിലും യാത്ര അവസാനിപ്പിക്കും. എന്നാൽ 5 ന് പുറപ്പെടുന്ന യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി വീക്ക്‌ലി എക്സ്പ്രസ് (22660), 6 ന് പുറപ്പെടുന്ന ശ്രീ ഗംഗാ നഗർ ജംക്‌ഷൻ – കൊച്ചുവേളി വീക്ക്‌ലി എക്സ്പ്രസ് (16311), 9 ന് പുറപ്പെടുന്ന ഗോരഖ്പുർ – കൊച്ചുവേളി രപ്തിസാഗർ ട്രൈ വീക്ക്‌ലി സൂപ്പർഫാസ്റ്റ് (12511), നവംബർ 29 ന് ഇൻഡോറിൽ നിന്നു പുറപ്പെട്ട കൊച്ചുവേളി വീക്ക്‌ലി സൂപ്പർഫാസ്റ്റ് (20932 എന്നീ ട്രെയിനുകൾ കൊല്ലം ജംക്‌ഷൻവരെ സർവീസ് നടത്തുന്നുണ്ട്. 7 ന് പുറപ്പെടുന്ന എസ്എസ്എസ് ഹുബ്ബള്ളി ജംക്‌ഷൻ– കൊച്ചുവേളി വീക്ക്‌ലി സൂപ്പർഫാസ്റ്റ് (12777), 8 ന് പുറപ്പെടുന്ന യശ്വന്ത്പുര ജംക്‌ഷൻ – കൊച്ചുവേളി എസി സൂപ്പർഫാസ്റ്റ് എന്നിവ കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഈ സാഹചര്യത്തിലാണ് അർധരാത്രി എത്തുന്ന ട്രെയിനുകൾ കൊല്ലം വരെയെങ്കിലും നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്.

ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകൾ:

കൊച്ചുവേളിയിലേക്കുള്ള  ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്ന സ്ഥലം:

∙ നവംബർ 29 ന് ഇൻഡോറിൽ നിന്നു പുറപ്പെട്ട കൊച്ചുവേളി വീക്ക്‌ലി സൂപ്പർഫാസ്റ്റ് (20932)– കൊല്ലം ജംക്‌ഷൻ.

∙ 6 ന് നിലമ്പൂർ റോഡ് സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (16350)– കായംകുളം ജംക്‌ഷൻ.

∙ 6 നും 8 നും പുറപ്പെടുന്ന യശ്വന്ത്പുര ജംക്‌ഷൻ– കൊച്ചുവേളി ട്രൈ വീക്ക്‌ലി ഗരീബ് രഥ് എക്സ്പ്രസ് (12257) – കോട്ടയം.

∙ 7 ന് പുറപ്പെടുന്ന എസ്എസ്എസ് ഹുബ്ബള്ളി ജംക്‌ഷൻ– കൊച്ചുവേളി വീക്ക്‌ലി സൂപ്പർഫാസ്റ്റ് (12777) – കോട്ടയം

∙ 6 ന് പുറപ്പെടുന്ന ഭവ്നഗർ ടെർമിനൽ – കൊച്ചുവേളിയിൽ വീക്ക്‌ലി എക്സ്പ്രസ് (19260) – എറണാകുളം ടൗൺ.

∙ 8 ന് പുറപ്പെടുന്ന യശ്വന്ത്പുര ജംക്‌ഷൻ – കൊച്ചുവേളി എസി സൂപ്പർഫാസ്റ്റ് (22677)– കോട്ടയം.

∙ 7 നും 9 നും പുറപ്പെടുന്ന ചണ്ഡിഗഡ് ജംക്‌ഷൻ – കൊച്ചുവേളി ബൈ വീക്ക്‌ലി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12218 – ആലപ്പുഴ

∙ 8 ന് പുറപ്പെടുന്ന പോർബന്തർ – കൊച്ചുവേളി വീക്ക്‌ലി സൂപ്പർഫാസ്റ്റ് (20910) – എറണാകുളം ജംക്‌ഷൻ

∙ 8 ന് പുറപ്പെടുന്ന ഗോരഖ്പുർ – കൊച്ചുവേളി രപ്തിസാഗർ ട്രൈ വീക്ക്‌ലി സൂപ്പർഫാസ്റ്റ് (12511) – എറണാകുളം ജംക്‌ഷൻ‌‍, 9 ന് പുറപ്പെടുന്ന ഇതേ ട്രെയിൻ– കൊല്ലം ജംക്‌ഷൻ

∙ 6 മുതൽ 10 വരെ പുറപ്പെടുന്ന മൈസൂരു ജംക്‌ഷൻ – കൊച്ചുവേളി പ്രതിദിന എക്സ്പ്രസ് (16315)– എറണാകുളം ജംക്‌ഷൻ

∙ 5 ന് പുറപ്പെടുന്ന യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി വീക്ക്‌ലി എക്സ്പ്രസ് (22660), 6 ന് പുറപ്പെടുന്ന ശ്രീ ഗംഗാ നഗർ ജംക്‌ഷൻ – കൊച്ചുവേളി വീക്ക്‌ലി എക്സ്പ്രസ് (16311) – കൊല്ലം ജംക്‌ഷൻ

കൊച്ചുവേളിയിൽ നിന്നു പുറപ്പെടേണ്ട ട്രെയിനുകൾ താൽക്കാലികമായി സർവീസ് ആരംഭിക്കുന്ന സ്റ്റേഷൻ:

∙ 7 നും 9 നും കൊച്ചുവേളി– യശ്വന്ത്പുര ജംക്‌ഷൻ ട്രൈവീക്ക‍്‌ലി ഗരീബ് രഥ് എക്സ്പ്രസ് (12258) – കോട്ടയം

∙ 8 ന് കൊച്ചുവേളി – എസ്എസ്എസ് ഹുബ്ബള്ളി ജംക്‌ഷൻ വീക്ക്‌ലി സൂപ്പർഫാസ്റ്റ് (12778) – കോട്ടയം

∙ 8 ന് കൊച്ചുവേളി – ഭവ്നഗർ ടെർമിനൽ വീക്ക്‌ലി എക്സ്പ്രസ് (19259)– എറണാകുളം ടൗൺ

∙ 9 ന് കൊച്ചുവേളി – യശ്വന്ത്പുര എസി സൂപ്പർഫാസ്റ്റ് (22678) – കോട്ടയം

∙ 10നും 12 നും കൊച്ചുവേളി – ചണ്ഡിഗഡ് ജംക്‌ഷൻ ബൈ വീക്ക്‌ലി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12217) – ആലപ്പുഴ

∙ 11 ന് കൊച്ചുവേളി – പോർബന്തർ വീക്ക്‌ലി സൂപ്പർഫാസ്റ്റ് (20909) – എറണാകുളം ജംക്‌ഷൻ

∙ 11 ന് കൊച്ചുവേളി – ഗോരഖ്പുർ ജംക്‌ഷൻ രപ്തി സാഗർ ട്രൈ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് (12512)– എറണാകുളം ജംക്‌ഷൻ

∙ 7 മുതൽ 11 വരെ കൊച്ചുവേളി– മൈസൂരു പ്രതിദിന എക്സ്പ്രസ് (16316) – എറണാകുളം ജംക്‌ഷൻ

ഭാഗികമായി റദ്ദാക്കുന്ന മറ്റു ട്രെയിനുകൾ സർവീസ് ആരംഭിക്കുന്ന സ്റ്റേഷൻ :

∙ 11 ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – ലോകമാന്യ തിലക് ടെർമിനസ് പ്രതിദിന എക്സ്പ്രസ് (16346) : വർക്കല

∙ 11 ന് തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി പ്രതിദിന എക്സ്പ്രസ് (12082), തിരുവനന്തപുരം –എംജിആർ ചെന്നൈ സെൻട്രൽ പ്രതിദിന മെയിൽ (12624) : കൊല്ലം ജംക്‌ഷൻ

∙ 11 ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ പ്രതിദിന സൂപ്പർ ഫാസ്റ്റ് (12696) : വർക്കല

∙ 11 ന് പുറപ്പെടുന്ന കൊല്ലം ജംക്‌ഷൻ – ചെന്നൈ എഗ്‌മൂർ പ്രതിദിന അനന്തപുരി എക്സ്പ്രസ്(16724) : തിരുവനന്തപുരം സെൻട്രൽ

English Summary: Passengers including Sabarimala Pilgrims in dilemma as railway restrictions on Kochuveli upgrade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com