എംസിഡി തിരഞ്ഞെടുപ്പ്: 50% പോളിങ്; താമര വിരിയുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

Delhi MCD Election Polling, Arvind Kejriwal | Photo: ANI, Twitter
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കുടുംബത്തോടൊപ്പം സിവിൽ ലൈനിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം. (Photo: ANI, Twitter)
SHARE

ന്യൂഡൽഹി ∙ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എംസിഡി) ഏകീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 250 വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ 50% പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിൽ താമര വിരിയുമെന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അവകാശപ്പെട്ടു. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലും ബിജെപി സർക്കാരുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

13,638 പോളിങ് ബൂത്തുകളിലായി രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയായിരുന്നു വോട്ടെടുപ്പ്. ഡിസംബർ 7 നാണ് ഫലപ്രഖ്യാപനം. ക്രമസമാധാനപാലനത്തിനായി 50,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിലുടനീളം വിന്യസിച്ചത്.

കോര്‍പറേഷന്റെ കീഴിൽ ഒന്നര കോടിയിലധികം വോട്ടര്‍മാരാണുള്ളത്. നിലവില്‍ ബിജെപിയാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയാണ് പ്രധാന പ്രതിപക്ഷം. കോണ്‍ഗ്രസും സജീവമായി മത്സര രംഗത്തുണ്ട്. 2022 മാർച്ചിൽ നടക്കേണ്ടിയിരുന്ന ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പാണ് മാസങ്ങൾക്കു ശേഷം ഡിസംബറിൽ അരങ്ങേറുന്നത്. വായു മലിനീകരണവും മാലിന്യവുമെല്ലാമാണ് പാർട്ടികൾ ഇത്തവണ പ്രചാരണായുധമാക്കിയത്.

2015ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ എഎപി 2017ലെ ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പിലും വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അക്കുറിയും ബിജെപിയെയാണ് ഡൽഹി തുണച്ചത്. നോർത്ത് ഡൽഹിയിലെ 104 സീറ്റിൽ 64 എണ്ണം ബിജെപി നേടിയപ്പോൾ സൗത്ത് ഡൽഹിയിൽ 70 സീറ്റാണ് ബിജെപിക്കു ലഭിച്ചത്. ഈസ്റ്റ് ഡൽഹിയിൽ 64ൽ 47 സീറ്റും ബിജെപി നേടി.

Delhi MCD Election Polling | Photo: ANI, Twitter
ഡൽഹിയിലെ മതിയാലയിലെ പോളിങ് ബൂത്തിൽ നടന്ന മോക്ക് പോളിങ്. (Photo: ANI, Twitter)

15 വർഷമായി ബിജെപിയാണു കോർപറേഷനിൽ ഭരണത്തിലുള്ളത്. 2007ൽ ഏകീകൃത ഡൽഹി കോർപറേഷനായിരുന്ന ഘട്ടത്തിലാണ് ബിജെപി ആദ്യം അധികാരത്തിലെത്തുന്നത്. 2012ൽ മൂന്നു കോർപറേഷനുകളാക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തി.

ഡൽഹി മുനിസിപ്പൽ കോർപറേഷൻ ആക്ടിലെ സെക്‌ഷൻ 2(67) അനുസരിച്ചു കോർപറേഷൻ ഭരണവർഷം ആരംഭിക്കേണ്ടത് ഏപ്രിലിലാണ്. മാർച്ച് അവസാനത്തോടെ തിരഞ്ഞെടുപ്പു നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു സൗത്ത്, നോർത്ത്, ഈസ്റ്റ് ഡൽഹി കോർപറേഷനുകളെ ഒരുമിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പിന്നീട് പാർലമെന്റിൽ ഇതിനുള്ള നിയമം പാസാക്കി. വാർഡ് പുനഃക്രമീകരണ നടപടികളും പൂർത്തിയാക്കേണ്ടി വന്നതോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പു വൈകിയത്.

∙ ഡൽഹി കോർപറേഷൻ ഒറ്റ നോട്ടത്തിൽ

ആകെ വാർഡ്– 250
എസ്‍സി സംവരണം– 42
ആകെ വോട്ടർമാർ: 1.46 കോടി
ആകെ പോളിങ് സ്റ്റേഷനുകൾ: 13,667
പോളിങ്: ഡിസംബർ 4
ഫലപ്രഖ്യാപനം: ഡിസംബർ 7

∙ 2017 തിരഞ്ഞെടുപ്പ് (നോർത്ത്, സൗത്ത്, ഈസ്റ്റ് കോർപറേഷനുകളിലായി 272 സീറ്റ്)

ബിജെപി– 181 (36.08 % വോട്ട്)
എഎപി– 49 (26.23 % വോട്ട്)
കോൺഗ്രസ്– 31 (21.09 % വോട്ട്)

∙ 50% വനിതകൾ

കോർപറേഷനിലെ 250 വാർഡുകളിൽ പട്ടികജാതി വിഭാഗത്തിനു 42 സീറ്റാണു മാറ്റിവച്ചത്. അതിൽ 21 എണ്ണം വനിതകൾക്കു സംവരണം ചെയ്തിട്ടുണ്ട്. സംവരണം ഒഴിച്ചുള്ള 208 സീറ്റിൽ 104 സീറ്റുകളും സ്ത്രീകൾക്കു വേണ്ടി സംവരണം ചെയ്തിരിക്കുന്നു. ഫലത്തിൽ 250ൽ പകുതി സീറ്റും വനിതാ സംവരണമാണ്.

English Summary: Delhi Municipal Corporation election 2022 Polling Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS