റെക്കോർഡ് മുന്നേറ്റം, പിന്നെ തിരിച്ചിറങ്ങൽ; ‘റിപ്പോ’ പ്രതീക്ഷയിൽ ഇന്ത്യൻ വിപണി

Stock Market India Reuters 1
ഫയൽ ചിത്രം
SHARE

രാജ്യാന്തര വിപണി പിന്തുണയിലും വിദേശ ഫണ്ടുകളുടെ പിൻബലത്തിലും കഴിഞ്ഞ ആഴ്ചയിലും ഇന്ത്യൻ വിപണി റെക്കോർഡ് മുന്നേറ്റം കുറിച്ചു. വ്യാഴാഴ്ച 18,888 എന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി, വിദേശ ഫണ്ടുകളുടെ വാങ്ങലിനിടയിലും വെള്ളിയാഴ്ചയും തിരിച്ചിറങ്ങിയതോടെ കഴിഞ്ഞ ആഴ്ചത്തെ നേട്ടം ഒരു ശതമാനത്തിൽ താഴെ ആയി ചുരുങ്ങി 18,696 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. 

നാല് ശതമാനം മുന്നേറിയ റിയൽറ്റി സെക്ടറും, 3.5 ശതമാനത്തിൽ കൂടുതൽ മുന്നേറിയ മെറ്റൽ സെക്ടറും 2 ശതമാനത്തിൽ കൂടുതൽ മുന്നേറ്റം കുറിച്ച ഐടി, എഫ്എംസിജി, ഇൻഫ്രാ, എനർജി സെക്ടറുകളും കഴിഞ്ഞ ആഴ്ച റിലയൻസിനൊപ്പം ഇന്ത്യൻ വിപണിയെ മുന്നിൽനിന്നു നയിച്ചു. 18,950 പോയിന്റിലാണ് ഇനി നിഫ്റ്റിയുടെ പ്രധാന കടമ്പ. 18,400 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ ആർബിഐ നിരക്ക് 

നാളെ ആരംഭിച്ച് ബുധനാഴ്ച അവസാനിക്കുന്ന ആർബിഐയുടെ 2022ലെ അവസാന നയ അവലോകന യോഗത്തിലും റിപ്പോ നിരക്ക് ഉയരുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. സെപ്റ്റംബറിൽ നയം മാറ്റം പ്രഖ്യാപിച്ച ആർബിഐ അടിസ്ഥാന പലിശ നിരക്ക് 50 ബേസിസ് പോയിന്റുകൾ ഉയർത്തി മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.90 ശതമാനത്തിൽ എത്തിച്ചിരുന്നു.  

ബാങ്കിങ്, ഫിനാൻസ്, റിയൽറ്റി, ഓട്ടോ മുതലായ പലിശ നിരക്ക് സ്വാധീനിച്ചേക്കാവുന്ന സെക്ടറുകളിൽ സമ്മർദം പ്രതീക്ഷിക്കാം. അമേരിക്കൻ ഫെഡ് നിരക്ക് വർധനയുടെ തോത് കുറയുമെന്ന ഫെഡ് ചെയർമാന്റെ സൂചനയും ഇന്ത്യയുടെ ജിഡിപി വളർച്ച കുറഞ്ഞതും ആർബിഐ പരിഗണിച്ചേക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നു.  

∙ ഫെഡ് നിരക്കുയർത്തൽ തോതും ലോകവിപണിയും

അമേരിക്കൻ ഫെഡ് റിസർവ് നിരക്കുയർത്തൽ തോത് കുറക്കുമെന്ന ഫെഡ് ചെയർമാന്റെ സൂചന അമേരിക്കൻ വിപണിക്ക് ബുധനാഴ്ച വൻ കുതിപ്പ് നൽകുകയും ഡൗ ജോൺസിനെ ബുൾ ടെറിട്ടറിയിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ 50ൽ താഴെ പോയതും വിപണിയിൽ മാന്ദ്യ ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടതും വെള്ളിയാഴ്ച പുറത്തുവന്ന മികച്ച തൊഴിൽ വിവര കണക്കുകൾ ഫെഡിന് അനുകൂലമാണെന്ന ചിന്തയും വിപണിയുടെ ആവേശം കുറച്ചു. 

വെള്ളിയാഴ്ച പുറത്തു വരാനിരിക്കുന്ന ചൈനീസ് പണപ്പെരുപ്പ കണക്കുകളും അമേരിക്കൻ മൊത്ത വിലക്കയറ്റ കണക്കുകളും യൂറോ സോൺ ജിഡിപി കണക്കുകളും വിപണിക്ക് പ്രധാനമാണ്. അടുത്ത ആഴ്ചയിലെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും ഡിസംബർ 15ലെ അമേരിക്കൻ ഫെഡ് നിരക്കുയർത്തലും ക്രിസ്‌മസ്‌, പുതുവത്സര അവധി ആലസ്യങ്ങളും 2022ലെ ഇനിയുള്ള ആഴ്ചകളിലെ ലോക വിപണിയുടെ ഗതി നിയന്ത്രിക്കും. 

∙ ഇന്ത്യൻ ജിഡിപിയും കയറ്റുമതിയും 

ഒന്നാം പാദത്തിൽ 13.5 ശതമാനം വളർച്ചയും മുൻ വർഷത്തിന്റെ രണ്ടാം പാദത്തിൽ 8.4 ശതമാനം വളർച്ചയും കുറിച്ച ഇന്ത്യൻ ആഭ്യന്തര ഉൽപാദനം കഴിഞ്ഞ പാദത്തിൽ 6.3 ശതമാനം മാത്രം വളർച്ച കുറിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കയറ്റുമതി നിയന്ത്രണങ്ങളും ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചയെ പിന്നോട്ടു വലിച്ചത് വിപണി പ്രതീക്ഷിച്ചത് തന്നെയായിരുന്നു. 6.2 ശതമാനം ആയിരുന്നു വിപണി പ്രതീക്ഷ. 

മാനുഫാക്ച്ചറിങ്, മൈനിങ് സെക്ടറുകൾ കഴിഞ്ഞ പാദത്തിൽ വളർച്ചാ ശോഷണം കുറിച്ചത് ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തെ ബാധിച്ചു. ഉയർന്ന പലിശ നിരക്ക് വരും പാദങ്ങളിലെ ജിഡിപി വളർച്ചയെയും ബാധിച്ചേക്കാമെങ്കിലും പൊതു ചെലവിടലിന്റെയും കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന്റെയും ആനുകൂല്യത്തിൽ ഇന്ത്യൻ ജിഡിപി 7 ശതമാനം വാർഷിക വളർച്ച കുറിച്ചേക്കാമെന്ന് കേന്ദ്ര ബാങ്കിനൊപ്പം വിപണിയും പ്രതീക്ഷിക്കുന്നു. 

ഓഹരികളും സെക്ടറുകളും

∙ കേന്ദ്ര ബജറ്റ്, ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലെ ചെലവിടലിൽ വൻവർധന വരുത്തിയേക്കാവുന്നത് ഇൻഫ്രാ, സിമന്റ്, മെറ്റൽ സെക്ടറുകൾക്ക് പ്രതീക്ഷയാണ്. ഇൻഫ്രാസ്ട്രക്ച്ചർ ഓഹരികളിൽ ഫണ്ടുകൾ വാങ്ങൽ ആരംഭിച്ചു കഴിഞ്ഞു. എൽ & ടിക്കൊപ്പം എച്ച്ജി ഇൻഫ്രാ, ഐആർബി ഇൻഫ്രാ, ദിലിപ് ബിൽഡ്‌കോൺ മുതലായ ഓഹരികളും പരിഗണിക്കാം. 

∙ രാജ്യാന്തര വിപണിയിൽ ലോഹ വില തിരിച്ചു കയറി തുടങ്ങിയെങ്കിലും അമേരിക്കൻ വ്യാവസായിക മാന്ദ്യ ഭയവും ചൈനീസ് കോവിഡ നയം പാളിയതും മെറ്റലിന് ക്ഷീണമാണ്. എങ്കിലും ആഭ്യന്തര ഉപഭോഗത്തിന്റെ പിൻബലത്തിൽ മെറ്റൽ സെക്ടർ മുന്നേറ്റ പ്രതീക്ഷയിലാണ്.

∙ കേന്ദ്ര സർക്കാർ സ്റ്റീലിന്റെ അധിക കയറ്റുമതി തീരുവ ഒഴിവാക്കിയത് സ്റ്റീൽ ഓഹരികൾക്ക് കുതിപ്പ് നൽകിയേക്കാം. ചൈനയുടെ സീറോ കോവിഡ് പോളിസിയിൽ തട്ടി താഴെ നിൽക്കുന്ന ഉരുക്ക് വിലയിൽ മുന്നേറ്റം ഉണ്ടായേക്കാവുന്നതും സ്റ്റീൽ ഓഹരികളുടെ പ്രതീക്ഷയാണ്. 

∙ അടുത്ത കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയിൽ കൂടുതൽ തുക വകയിരുത്തിയേക്കാവുന്നതും ആഭ്യന്തര ഡിഫൻസ് കമ്പനികളെ പ്രാത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഡിഫൻസ് നയവും ഡിഫൻസ് ഓഹരികൾക്കും അനുകൂലമാണ്.   

∙ റെയിൽ ഓഹരികളും പൊതുമേഖലാ ഓഹരികളും മുന്നേറ്റം തുടരുകയാണ്. മികച്ച റിസൾട്ടുകൾക്കൊപ്പം സ്വകാര്യവൽകരണ സാധ്യതകളും പൊതുമേഖലാ ഓഹരികൾക്ക് അനുകൂലമാണ്. 

∙ വിദേശ ഫണ്ടുകളുടെ തിരിച്ചു വരവ് മിഡ് & സ്‌മോൾ ക്യാപ് സെക്ടർ ഐടി ഓഹരികൾക്കും അനുകൂലമാണ്. 

∙ ബോണ്ട് യീൽഡ് വീഴ്ചയിൽ സ്വർണം മുന്നേറുന്നത് സ്വർണ പണയ ഓഹരികൾക്കും അനുകൂലമാണ്. 

∙ പുതുവത്സര-ടൂറിസം സീസൺ ഹോട്ടൽ-ലിക്കർ ഓഹരികൾക്കും മുന്നേറ്റ പ്രതീക്ഷ നൽകുന്നു. 

ക്രൂഡ് ഓയിൽ

ഇന്ന് നടക്കുന്ന എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ യോഗ തീരുമാനങ്ങൾ ക്രൂഡ് ഓയിലിന്റെ വില നിശ്ചയിക്കും. ഒപെക് ക്രൂഡ് ഓയിൽ ഉല്‍പാദന നിയന്ത്രണം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഓയിൽ ബുള്ളുകൾ. ബ്രെന്റ് ക്രൂഡ് 85 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്വർണം

ബോണ്ട് യീൽഡ് വീഴ്ചയിൽ 1810 ഡോളർ കടന്ന് വ്യാപാരം അവസാനിപ്പിച്ച രാജ്യാന്തര സ്വർണ വില 1780 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. ബോണ്ട് യീൽഡ് ഇനിയും വീണേക്കാവുന്നതും സ്വർണത്തിന് പ്രതീക്ഷയാണ്.

വാട്സാപ് നമ്പർ: 8606666722

English Summary: Indian Stock Market Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS