മലപ്പുറം ∙ ശശി തരൂരിന്റെ പരിപാടികളുടെ പേരിൽ കോണ്‍ഗ്രസിൽ നടക്കുന്ന പരസ്യ വിമർശനങ്ങൾ വിഭാഗീയത ഉണ്ടാക്കുന്നതെന്ന് മുസ്‌ലിം ലീഗ്. വിഷയം അടങ്ങി എന്നു കരുതിയപ്പോഴാണ് കോട്ടയത്ത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കാഴ്ചക്കാരായി ഇരിക്കുന്നതിൽ വിഷമം ഉണ്ടെന്നും ലീഗ് നേതാക്കൾ അറിയിച്ചു.
ശശി തരൂരിന്റെ പരിപാടികൾ നടക്കുമ്പോൾ കോൺഗ്രസിനുള്ളിലുള്ള വിഭാഗീയത യുഡിഎഫിനെ ആകെ ക്ഷീണിപ്പിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. യുഡിഎഫിന്റെ പ്രവർത്തകർക്കുള്ള പൊതുവികാരം ഒന്നും മാനിക്കാതെ നേതാക്കൾ രണ്ടു തട്ടിൽനിന്ന് തമ്മിലടിക്കുന്നത് യുഡിഎഫിന് ഗുണകരമല്ല എന്ന നിലപാടാണ് ലീഗിന്.
ശശി തരൂരിന്റെ മലബാർ പര്യടനം കോണ്‍ഗ്രസിൽ വൻ വിവാദം ഉയർത്തിയിരുന്നു. എന്നാൽ തരൂരിനോടു ചേർന്നു നിൽക്കുന്ന സമീപനമാണ് ലീഗ് കൈക്കൊണ്ടത്. അതിനു പിന്നാലെ തെക്കൻ ജില്ലകളിലെ പര്യടനത്തിന്റെ ഭാഗമായി കോട്ടയത്ത് തരൂർ പങ്കെടുക്കാനിരുന്ന യൂത്ത് കോൺഗ്രസ് പരിപാടിയോട് കോട്ടയം ഡിസിസി ഇടഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചു.
English Summary: Muslim league against congress leaders attitude towards Shashi Tharoor