ADVERTISEMENT

ജുഗൽബന്ദിയെന്നത് ഒരു സംഗീത പരിപാടിയാണ്. ഒന്നിലേറെപ്പേർ പങ്കെടുക്കുന്ന സംഗീതലയം. അതിൽ ആരാണു മുന്നിലെന്നു പ്രവചിക്കാനാകില്ല. രാഷ്ട്രീയ പ്രവർത്തനത്തിലും ഈ രാഗലയം പലപ്പോഴും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് സംഘപരിവാറിനും ബിജെപിക്കുമിടയിൽ. അടൽ ബിഹാരി വാജ്പേയി, ലാൽ കൃഷ്ണ അഡ്വാനി എന്നീ രണ്ടു നേതാക്കൾക്ക് ആറുപതിറ്റാണ്ടോളം ഈ പ്രസ്ഥാനങ്ങളെ മുന്നോട്ടു നയിക്കാൻ കഴിഞ്ഞതിനു പിന്നിലെ സമവാക്യങ്ങളുടെ കാണാപ്പുറങ്ങളാണ് അശോക യൂണിവേഴ്സിറ്റിയിലെ രാഷ്ട്രതന്ത്രവിഭാഗം അധ്യാപകൻ വിനയ് സീതാപതി രചിച്ച ‘ജുഗൽബന്ദി’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. 

ആർഎസ്എസിന്റെ സ്ഥാപനം മുതൽ നരേന്ദ്രമോദി അധികാരത്തിലെത്തുന്നതുവരെയുള്ള കഥയാണിത്. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തളർന്നപ്പോൾ ബിജെപി മാത്രം എന്തുകൊണ്ടു മുന്നേറിയെന്ന അന്വേഷണമാണ് വിനയ് സീതാപതി ഈ പുസ്തകത്തിലൂടെ നടത്തുന്നത്. തന്റെ കണ്ടെത്തലുകൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുള്ള പാഠമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘മനോരമ ഓൺലൈൻ ദ് ഇൻസൈഡറി’ന്റെ ഇത്തവണത്തെ യാത്ര ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലൂടെയും ബിജെപി സംഘപരിവാർ രാഷ്ട്രീയത്തിന്റെയും കാണാപ്പുറങ്ങളിലൂടെയുമാണ്. 

∙ വാജ്പേയിയുടെ തിരിച്ചുവരവ് 

1986 മുതൽ ആർഎസ്എസ് നേതൃത്വത്തിന് അനഭിമതനായതിനെത്തുടർന്ന് ബിജെപിയുടെ നേതൃനിരയിൽ ഏറെക്കുറെ നിശ്ശബ്ദനായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ഉയർത്തെഴുന്നേൽപിന്റെ കഥ പറഞ്ഞുകൊണ്ടാണ് ഈ പുസ്തകം ആരംഭിക്കുന്നത്. അത് ഇപ്രകാരമാണ്.

മുംബൈയിലെ ശിവാജി പാർക്ക് മൈതാനം. 1995 നവംബർ 10. ബിജെപിയുടെ പ്ലീനറി സമ്മേളനം നടക്കുകയാണ്. 1,20,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആറുകോടി രൂപയോളം ചെലവായി. മുംബൈയിലെ ഓഹരി ദല്ലാളന്മാരുൾപ്പെടെയുള്ളവർ അതിലേക്കു വലിയ തുക സംഭാവന ചെയ്തു. അക്കാലത്ത് ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയിരുന്നത് നുസ്‌ലി വാഡിയ എന്ന വ്യാപാരിയാണ്. പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദാലി ജിന്നയുടെ ചെറുമകനായിരുന്നു അദ്ദേഹം. സമ്മേളന വേദിയിൽ വലിയ ഒരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു. പാർട്ടിയുടെ സർവശക്തനായ അധ്യക്ഷൻ എൽ.കെ.അഡ്വാനിയുടെ ചിത്രം. 1996 ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രതീക്ഷിച്ചിരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു ഈ സമ്മേളനം. ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളും ബിജെപി നേതാക്കളും മാധ്യമങ്ങളും വിശ്വസിച്ചിരുന്നത് ആ സമ്മേളനം അഡ്വാനിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്നായിരുന്നു.

സമ്മേളനം അവസാന ഘട്ടത്തോടടുക്കുകയായിരുന്നു. പെട്ടെന്ന് ചില പ്രതിനിധികളിൽനിന്ന് ഒരു ആരവമുയർന്നു. ‘അടൽ ബിഹാരി, അടൽ ബിഹാരി’. ആർഎസ്എസിന് അനഭിമതനായതിനെത്തുടർന്ന് 1986 മുതൽ പാർട്ടി നേതൃത്വത്തിൽനിന്ന് ഒറ്റപ്പെട്ടും ഒഴിഞ്ഞും നിന്നിരുന്ന അടൽ ബിഹാരി വാജ്പേയിക്കു വേണ്ടിയുള്ള വായ്ത്താരിയായിരുന്നു അത്. അക്കാലത്ത് പാർട്ടി വൃത്തങ്ങളിൽ അദ്ദേഹം ഏറെക്കുറെ വിസ്മൃതനായിക്കഴിഞ്ഞിരുന്നു. ഒരു മുഖം മാത്രമാണ് ബിജെപിയിൽ നിറഞ്ഞു നിന്നത്– അയോധ്യയിലേക്കു രഥയാത്ര നടത്തിയ എൽ.കെ. അഡ്വാനിയുടെ. അദ്ദേഹം പ്രസംഗ വേദിയിലേക്കു നീങ്ങി. സൗമ്യമായി പ്രഖ്യാപിച്ചു: ‘‘1996 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നത് അടൽ ബിഹാരി വാജ്പേയി ആയിരിക്കും. പ്രധാനമന്ത്രി സ്ഥാനാർഥിയും അദ്ദേഹം ആയിരിക്കും.’’ ഈ പ്രഖ്യാപനം ഒട്ടേറെ മുഖങ്ങളിൽ മ്ലാനത പടർത്തി. ഏറ്റവും കൂടുതൽ നിരാശരായത് സംഘപരിവാർതന്നെ. പിന്നാലെ പ്രസംഗിച്ച അടൽ ബിഹാരി വാജ്പേയി തന്റെ സ്വതസിദ്ധമായ കാവ്യാത്മക ഭാഷയിൽ പറഞ്ഞു: ‘‘ഡൽഹി ഇനിയും ഏറെ അകലെയാണ്’’. സൂഫി സന്യാസിയായിരുന്ന ഹസ്രത് നിസാമുദ്ദീനെക്കുറിച്ചുള്ള നാടകത്തിലെ‘ഡൽഹി അകലെയാണ്’ എന്ന പ്രശസ്തമായ വരികളാണ് വാജ്പേയി കടമെടുത്തത്.

PTI3_27_2015_000092B
അടൽ ബിഹാരി വാജ്പേയി (ഫയൽ ചിത്രം)

സമ്മേളനം കഴിഞ്ഞ് മുറിയിലേക്കു മടങ്ങിയ അഡ്വാനിയെ രണ്ടു യുവനേതാക്കൾ അനുഗമിച്ചിരുന്നു. ഗോവിന്ദാചാര്യയും നരേന്ദ്ര മോദിയും. വാജ്പേയിയുടെ അപ്രമാദിത്വത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് അവരെ ആർഎസ്എസ് ബിജെപിയിലേക്കു നിയോഗിച്ചത്. അസംതൃപ്തിയോടെ ഗോവിന്ദാചാര്യ ചോദിച്ചു: ‘‘ഈ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് താങ്കൾ ആർഎസ്എസിനോട് ആലോചിച്ചിരുന്നോ?’’ അഡ്വാനി തിരിച്ചു ചോദിച്ചു: ‘‘അവർ സമ്മതിക്കുമായിരുന്നോ?’’ ഗോവിന്ദാചാര്യ പിന്നീടൊന്നും പറഞ്ഞില്ല. നരേന്ദ്രമോദി മൗനം ദീക്ഷിച്ചു. പിന്നീട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു: ‘‘എന്തുകൊണ്ട് വാജ്പേയി?’’ അഡ്വാനി പറഞ്ഞു: ‘‘ഞങ്ങൾക്ക് എല്ലാ വിഭാഗങ്ങളുടെയും വോട്ടുകൾ വേണം.’’ 

1992 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർത്ത സംഭവത്തെത്തുടർന്ന് ഒട്ടേറെ തിരിച്ചടികൾ നേരിടേണ്ട വന്ന ബിജെപിക്ക് മതനിരപേക്ഷ മുഖമായ വാജ്പേയിയെ മുൻ നിർത്തി മാത്രമേ തിരഞ്ഞെടുപ്പു നേരിടാൻ കഴിയുമായിരുന്നുള്ളൂ. അഡ്വാനിയുടെ ഈ തന്ത്രം ശരിയാണെന്നു 1996 ലെ തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായി അടൽ ബിഹാരി വാജ്പേയി നേതൃത്വം നൽകിയ കൂട്ടുകക്ഷി സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വന്നു. മുംബൈ സമ്മേളനത്തിൽ വാജ്പേയിക്കു വേണ്ടി ഉയർന്ന ആരവം അഡ്വാനിയുടെ അറിവോടുകൂടിയായിരിക്കണമെന്ന് സീതാപതി പറയുന്നു.

∙ വാജ്പേയിയും അഡ്വാനിയും

ബിജെപിയുടെയും സംഘപരിവാർ രാഷ്ട്രീയത്തിന്റെ ആറു പതിറ്റാണ്ടുകളുടെ ചരിത്രമാണല്ലോ പുസ്തകം അനാവരണം ചെയ്യുന്നത്. അടൽ ബിഹാരി വാജ്പേയി, എൽ.കെ.അഡ്വാനി എന്നീ നേതാക്കൾ തമ്മിലുള്ള ഐക്യത്തിന്റെയും സമവായ രാഷ്ട്രീയത്തിന്റെയും കഥ കൂടിയാണിത്. ശ്യാമപ്രസാദ് മുഖർജി, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ കാലഘട്ടത്തിനു ശേഷമാണ് വാജ്പേയിയുടെയും അഡ്വാനിയുടെയും കെട്ടുറപ്പുള്ള പുതിയ നേതൃത്വത്തിലേക്ക് ഭാരതീയ ജനസംഘവും പിൽക്കാലത്ത് ബിജെപിയും വളർന്നത്. ബിജെപി അധികാരത്തിലേറുന്നതിനുവരെ അതു കാരണമായി. അതിനു പിന്നിലെ രസതന്ത്രമെന്താണ്? അതിനെയാണ് വിനയ് സീതാപതി ജുഗൽബന്ദിയെന്നു വിശേഷിപ്പിക്കുന്നത്. മൂപ്പിളമ മത്സരങ്ങൾ ബോധപൂർവം ഒഴിവാക്കിയാണ് അവർ മുന്നേറിയത്. വാജ്പേയിയുടെ കീഴിൽ പ്രവർത്തിക്കുന്നതിൽ അഡ്വാനിയും അഡ്വാനിയുടെ കീഴിൽ പ്രവർത്തിക്കുന്നതിൽ വാജ്പേയിയും അലോസരം പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല, രാഷ്ട്രീയപരമായ ദൗത്യങ്ങളെക്കുറിച്ച് രണ്ടുപേർക്കും കൃത്യമായ ധാരണയുമുണ്ടായിരുന്നു. രാഷ്ട്രീയ വിദ്യാർഥികൾ സൂക്ഷ്മമായി പരിശോധിക്കേണ്ട അധ്യായത്തെപ്പറ്റിയുള്ള വിവരണം ഇപ്രകാരമാണ്.:

എല്‍.കെ. അഡ്വാനി (ഫയൽ ചിത്രം)
എല്‍.കെ. അഡ്വാനി (ഫയൽ ചിത്രം)

‘ബിജെപിയുടെയും സംഘപരിവാറിന്റെയും പാർലമെന്ററി മുഖം വാജ്പേയിയും സംഘടനാ മുഖം എൽ.കെ.അഡ്വാനിയുമായിരുന്നു. ഇക്കാര്യത്തിൽ സംഘപരിവാറിന്റെ വിശേഷിച്ച് ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിലും അവർ വിജയിച്ചു. ഇംഗ്ലിഷ് സംസാരിക്കാൻ കഴിയുന്ന ഒരു നേതാവും സംഘടന നയിക്കാൻ മറ്റൊരു നേതാവും എക്കാലവും ഉണ്ടാകണമെന്നായിരുന്നു സംഘപരിവാരത്തിനുള്ളിലെ അനൗപചാരിക ധാരണ. അങ്ങനെയാണ് ദീനദയാൽ ഉപാധ്യായയെ സംഘടനാ നേതൃത്വത്തിലേക്കും ശ്യാമപ്രസാദ് മുഖർജിയെ പാർലമെന്റിലേക്കും നിയോഗിച്ചത്. ബംഗാളി സംസാരിക്കുന്ന ശ്യാമപ്രസാദ് മുഖർജിയുടെ പരിഭാഷകനായിട്ടാണ് അടൽ ബിഹാരി വാജ്പേയി ഡൽഹിയിൽ എത്തിയത്. വാജ്പേയിയുടെ വാക്ചാതുരിയായിരുന്നു അതിനു പ്രധാന കാരണം. ശ്യാമപ്രസാദ് മുഖർജിയുടെ മരണത്തെത്തുടർന്ന് 34 ാം വയസ്സിൽ വാജ്പേയി പാർലമെന്റംഗമായി. അദ്ദേഹത്തെ സഹായിക്കാനാണ് ഇംഗ്ലിഷിൽ പ്രാവീണ്യമുള്ള അഡ്വാനിയെന്ന പ്രചാരകനെ നിയോഗിച്ചത്. അക്കാലത്ത് രാജസ്ഥാനിലെ പ്രചാരകനായിരുന്നു അദ്ദേഹം. 

അടൽ ബിഹാരി വാജ്പേയി നെഹ്റുവിന്റെ ആശയങ്ങളെ പിന്തുടർന്നപ്പോൾ സർദാർ പട്ടേലിനെ അനുകരിക്കുന്ന സമീപനമാണ് അഡ്വാനി സ്വീകരിച്ചത്. ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ ആശയങ്ങളോട് വാജ്പേയി ഒരുക്കലും യോജിച്ചിരുന്നില്ല. 1980 ൽ ബിജെപി രൂപീകരിച്ചപ്പോൾ തന്റെ മാതൃക ജയപ്രകാശ് നാരായൺ ആണെന്നായിരുന്നു വാജ്പേയിയുടെ നിലപാട്. തന്റെ സ്വകാര്യ ജീവിതത്തിലോ രാഷ്ട്രീയത്തിലോ ഇടപെടാൻ വാജ്പേയി ആർഎസ്എസ് നേതൃത്വത്തെ അനുവദിച്ചതുമില്ല. ‘‘വാജ്പേയി മികച്ച പാർലമെന്റേറിയനായിരുന്നു. ആ നിലയിൽ നെഹ്റുവിന്റെ പോലും പ്രശംസ നേടാനായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ചത് പാർലമെന്റിനുള്ളിൽ നടന്നിരുന്ന ചർച്ചകളാണ്. അവയ്ക്കു പൊതുവേ ഒരു മതനിരപേക്ഷ സ്വഭാവമുണ്ടായിരുന്നു. എന്നാൽ അഡ്വാനി എന്നും പാർട്ടി കേഡർമാരോടൊപ്പമായിരുന്നു. അവരുടെ വികാരങ്ങൾക്കൊപ്പമാണ് അദ്ദേഹം നിന്നത്’’ സീതാപതി പറയുന്നു. 

പാർട്ടിക്ക് അനഭിമതനായിരുന്ന കാലത്ത് വാജ്പേയിയെ കോൺഗ്രസിലെത്തിക്കാൻ രാജീവ് ഗാന്ധി ശ്രമിച്ചിരുന്നു; ജനതാദളിലെത്താൻ വി.പി.സിങ്ങും. ഈ പ്രലോഭനങ്ങളെ ഒരു പുഞ്ചിരികൊണ്ട് അദ്ദേഹം മറികടന്നു. ‘‘ഞാൻ ഇനി എങ്ങോട്ടുപോകാനാണ്?’’ എന്നാണദ്ദേഹം ചോദിച്ചത്. അതിൽ എല്ലാമുണ്ടായിരുന്നു. രാമജന്മഭൂമിയിലേക്കു രഥയാത്രയ്ക്കൊരുങ്ങിയ അഡ്വാനിയെ ഫോണിൽ വിളിച്ച് ‘നിങ്ങൾ കടുവയുടെ പുറത്താണ് യാത്ര ചെയ്യുന്ന’തെന്നു മുന്നറിയിപ്പു നൽകിയ വാജ്പേയിയുടെ ചിത്രവും ഈ പുസ്തകത്തിലുണ്ട്. 

∙ ഒറ്റപ്പെട്ട അഡ്വാനി 

അഡ്വാ‍നിയുമായി മികച്ച ബന്ധം പുലർത്തിയെങ്കിലും 1999 മുതൽ 2004 വരെയുള്ള ബിജെപി ഭരണകാലത്ത് മന്ത്രിസഭയിലെ സഹപ്രവർത്തകനെന്ന നിലയിൽ അഡ്വാനിക്കു കാര്യമായ പരിഗണന നൽകാൻ വാജ്പേയി തയാറായില്ല. വാജ്പേയിയുടെ വീട്ടിലെ കാര്യങ്ങളുടെ നിയന്ത്രണം മരുമകൻ രഞ്ജൻ ഭട്ടാചാര്യക്കും ഓഫിസിന്റെ നിയന്ത്രണം കരുത്തനായ പ്രിൻസിപ്പൽ സെക്രട്ടറി ബ്രിജേഷ് മിശ്രയ്ക്കുമായിരുന്നു. അഡ്വാനി തന്റെ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനല്ലെന്ന് വാജ്പേയി കൃത്യമായ സൂചന നൽകിയത് 2000 ൽ ആണ്. ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വാജ്പേയിയുടെ മുട്ടിന്റെ ശസ്ത്രക്രിയ നടക്കുമ്പോൾ പ്രധാനമന്ത്രിയുടെ ചുമതല അഡ്വാനിക്കു നൽകുന്നതിനു പകരം പ്രധാനമന്ത്രിയുടെ ഓഫിസ് മുംബൈയിലേക്കു മാറ്റുകയായിരുന്നു. 

ഇത്തരത്തിലുള്ള പല പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും വാജ്പേയിയെ പരസ്യമായി തള്ളിപ്പറയാൻ അഡ്വാനി തയാറായിരുന്നില്ല. വാജ്പേയി സർക്കാർ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു സംഘപരിവാർ പ്രതീക്ഷിച്ചത്. അവർ അത് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ശക്തമായ പാക്കിസ്ഥാൻ അനുകൂല നിലപാടാണ് പ്രധാനമന്ത്രിയെന്ന നിലയിൽ വാജ്പേയി സ്വീകരിച്ചത്. കശ്മീരിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ സമീപനം സംഘപരിവാറിനോടു ചേർന്നു നിൽക്കുന്നതായിരുന്നില്ല. ഇക്കാര്യങ്ങളിൽ വാജ്പേയിക്ക് ഉറച്ച പിന്തുണ നൽകാനാണ് അഡ്വാനി ശ്രമിച്ചത്. പിൽക്കാലത്ത് അദ്ദേഹത്തെ സംഘപരിവാറിന് അനഭിമതനാക്കിയതും ഈ സമീപനങ്ങളായിരിക്കാമെന്ന് സീതാപതി വ്യക്തമാക്കുന്നു.

നരേന്ദ്ര മോദി (ഫയൽ ചിത്രം) (Photo - PIB)
നരേന്ദ്ര മോദി (ഫയൽ ചിത്രം) (Photo - PIB)

∙ നരേന്ദ്ര മോദി, അരുൺ ജെയ്റ്റ്ലി, അമിത്ഷാ

ബിജെപിയിൽ വാജ്പേയി– അഡ്വാനി യുഗം ശക്തമാകുന്ന കാലത്തു തന്നെ ഗുജറാത്തിൽ മറ്റൊരു കൂട്ടുകെട്ടു വളർന്നു വരുന്നുണ്ടായിരുന്നു. നരേന്ദ്ര മോദിയും അമിത്ഷായും തമ്മിലുള്ള സൗഹൃദമായിരുന്നു അത്. വൈകാതെതന്നെ ഡൽഹിയിൽ മറ്റൊരു സൗഹൃദം കൂടി നരേന്ദ്ര മോദിക്കു സ്വന്തമായി– അരുൺ ജെയ്റ്റ്ലി. പാർട്ടിയിലെ സർവാധിപതിയാകാൻ പിൽക്കാലത്തു നരേന്ദ്ര മോദിക്കു താങ്ങായത് ഈ സൗഹൃദങ്ങളാണ്. അതിനെപ്പറ്റി ‘ജുഗൽബന്ദി’യിലെ വിവരണം ഇപ്രകാരമാണ്:

‘1986 ൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന എൽ.കെ.അഡ്വാനി, പാർട്ടിക്ക് ഹിന്ദുത്വ ആശയങ്ങളിൽ ഊന്നിയ പുതിയൊരു മുഖം നൽകാനുള്ള ശ്രമത്തിലായിരുന്നു. അതിനായി ആർഎസ്എസ് അതിന്റെ പ്രമുഖരായ ചില പ്രചാരകരുടെ സേവനം ബിജെപിക്കു വിട്ടുകൊടുത്തു. അതിലൊരാളായിരുന്നു ശേഷാദ്രി ചാരി. മുംബൈ പ്രദേശ് ജനറൽ സെക്രട്ടറിയായ അദ്ദേഹം ഓഫിസിലിരിക്കുമ്പോൾ ഒരു യുവ പ്രചാരകൻ അവിടേക്കു വന്നു. അദ്ദേഹം ചോദിച്ചു: ‘‘ബിജെപിയുടെ സംഘടനാ സ്വഭാവം എങ്ങനെയാണ്. രാഷട്രീയത്തിൽ ഇടപെടുമ്പോൾ ഞാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?’’ ആ യുവാവാണ് പിൽക്കാലത്ത് പടിപടിയായി ഉയർന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി. ഇതേ കാലഘട്ടത്തിലാണ് എബിവിപി എന്ന വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അമിത് ഷാ ബിജെപിയുടെ താഴെത്തട്ടിലുള്ള നേതൃത്വത്തിലേക്ക് എത്തിയത്.

നരേന്ദ്ര മോദി ഒരു ഘട്ടത്തിലും വാജ്പേയിയുടെ നയങ്ങളോടു യോജിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ അനുഭാവം തീവ്രഹിന്ദുത്വത്തോടും എൽ.കെ.അഡ്വാനിയെന്ന നേതാവിനോടുമായിരുന്നു. ഹിന്ദു, മുസ്‌ലിം സമുദായങ്ങളുടെ പിന്തുണയുടെ കരുത്തിലാണ് അന്ന് കോൺഗ്രസ് ഗുജറാത്തിന്റെ ഭരണം കൈയാളിയിരുന്നത്. നരേന്ദ്ര മോദി ആ സമവാക്യത്തിൽ വിള്ളൽ വരുത്തുകയും ഹിന്ദു സമുദായത്തെ ഒപ്പം നിർത്തി മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്തുകയും ചെയ്തതോടെ കോൺഗ്രസിന് അടിതെറ്റി. 1995 ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് പിടിച്ചെടുക്കാൻ ബിജെപിയെ സഹായിച്ചത് ഈ തന്ത്രമാണ്. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽനിന്ന് എൽ.കെ.അഡ്വാനിയെ ലോക്സഭയിലെത്തിച്ചതും ഇതേ സമീപനമാണ്.

Arun Jaitley
അരുൺ ജെയ്റ്റ്ലി (ഫയൽ ചിത്രം)

1995 ൽ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോദി പിന്തുണച്ചത് കേശുഭായി പട്ടേലിനെയാണ്. അന്ന് 49 വിമത എംഎൽഎമാരുമായി മധ്യപ്രദേശിലെ ഖജുരാഹോയിലേക്കു പോയ ശങ്കർ സിങ് വഗേല വിമത സ്വരം ഉയർത്തിയപ്പോൾ അദ്ദേഹത്തെ അനുനയിപ്പിച്ചത് അടൽ ബിഹാരി വാജ്പേയിയാണ്. അന്ന് വഗേല മുന്നോട്ടുവച്ച ഏക നിബന്ധന നരേന്ദ്ര മോദിയെ ഗുജറാത്തിൽ നിന്നു മാറ്റണമെന്നതായിരുന്നു. അങ്ങനെ ജനറൽ സെക്രട്ടറി സ്ഥാനം നൽകി മോദിയെ ഡൽഹിയിലേക്ക് അയയ്ക്കാൻ അഡ്വാനി നിർബന്ധിതനായി. ഡൽഹി വാസക്കാലത്ത് ഗുജറാത്തിലെ ഓരോ രാഷട്രീയനീക്കവും അദ്ദേഹത്തെ അറിയിച്ചിരുന്നത് അമിത് ഷാ ആയിരുന്നു. ഡൽഹിയിൽവച്ച് മോദിയും അരുൺ ജെയ്റ്റ്ലിയും ഉറ്റ സുഹൃത്തുക്കളായി. പിൽക്കാലത്ത് ഒരു നിർണായക നിമിഷത്തിൽ ജയ്റ്റ്ലി നടത്തിയ ചരടുവലികളാണ് നരേന്ദ്ര മോദിയെ ബിജെപിയിലെ കരുത്തനാക്കിയത്.

∙ നരേന്ദ്ര മോദിയുടെ ഗുജറാത്ത് 

2001 ൽ ഗുജറാത്തിലെ ലത്തൂരിലുണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ ബിജെപി മുഖ്യമന്ത്രി കേശുഭായി പട്ടേലിനുണ്ടായ വീഴ്ചകളാണ് നരേന്ദ്ര മോദിയുടെ വരവിനു കളമൊരുക്കിയതെന്ന് സീതാപതി പറയുന്നു. ആ കഥ ഇങ്ങനെ:

‘അക്കാലത്ത് ഭൂകമ്പ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി എത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയുടെ അടുത്തെത്തുന്നതിൽനിന്ന് എസ്പിജി തടഞ്ഞു. പിന്നീട് സബർമതിയുൾപ്പെടെയുള്ള രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടു. എൽ.കെ.അദ്വാനി ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ സബർമതിയിൽ മാത്രം 47,000 വോട്ടിന്റെ ലീഡ് നേടിയിരുന്നു. അവിടെ 18,000 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥി തോറ്റത് നേതൃത്വത്ത ഞെട്ടിച്ചു. കേശുഭായി പട്ടേലിന്റെ മാറ്റം അനിവാര്യമായി.

പകരക്കാരനായി സ്വാഭാവികമായി നരേന്ദ്ര മോദിയുടെ പേര് ഉയർന്നു വന്നു. എൽ.കെ.അഡ്വാനിയാണ് അതിനു മുൻകൈയെടുത്തത്. ഇക്കാര്യം പ്രധാനമന്ത്രി വാജ്പേയി തന്നെ മോദിയെ അറിയിച്ചു. പിന്നീട് അഡ്വാനിയെ സന്ദർശിച്ച മോദി ഇക്കാര്യത്തിലുള്ള താൽപര്യക്കുറവ് അറിയിച്ചപ്പോൾ അദ്ദേഹം ക്ഷുഭിതനായി. ‘‘ഞങ്ങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു.ഇനി നിങ്ങൾക്ക് പിൻ വാങ്ങാനാവില്ല.’’ അഡ്വാനി പറഞ്ഞു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലേക്കു നടന്നു നീങ്ങി. എങ്കിലും ബിജെപിക്ക് കാര്യമായ നേട്ടം ഉണ്ടായില്ല. തുടർന്നു നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും പരാജയം നേരിട്ടു. രാജ്കോട്ട് നിയോജക മണ്ഡലത്തിൽനിന്ന് നരേന്ദ്രമോദി വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു.

∙ മോദിയെ പുറത്താക്കാൻ വാജ്പേയി ആഗ്രഹിച്ചു

ഹിന്ദുഭൂരിപക്ഷമുള്ള ഗുജറാത്തിൽ മുസ്‌ലിം സമുദായത്തിനു സ്വാധീനമുള്ള സ്ഥലമാണ് ഗോധ്ര. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായി പട്ടേലിന്റെ തട്ടകമായിരുന്നു അത്. അവിടെ ജില്ലാ ഗവൺമെന്റ് പ്ലീഡറായിട്ടായിരുന്നു സർദാർ പട്ടേലിന്റെ തുടക്കം. 2002 ഫെബ്രുവരി 27 ന് രാവിലെ 7.30 ന് സബർമതി എക്സ്പ്രസ് ഗോധ്ര റെയിൽവേ സ്റ്റേഷനിലെത്തി., അയോധ്യയിൽ കർസേവയ്ക്കു പോയ സംഘപരിവാർ പ്രവർത്തകരാണ് അതിന്റെ ഒരു കോച്ചിലുണ്ടായിരുന്നത്. ഈ ട്രെയിനിന്റെ ചൂളംവിളിയാണ് പിൽക്കാലത്ത് അടൽ ബിഹാരി വാജ്പേയി, എൽ.കെ. അഡ്വാനി ദ്വന്ദങ്ങളുടെ ജൈത്രയാത്ര അവസാനിപ്പിച്ച് നരേന്ദ്ര മോദിയെയും അമിത്ഷായെയും ബിജെപി നേതൃസ്ഥാനത്തു പ്രതിഷ്ഠിച്ചതെന്ന് വിനയ് സീതാപതി ചൂണ്ടിക്കാണിക്കുന്നു. ആ കഥ ഇങ്ങനെ: 

നരേന്ദ്ര മോദി
നരേന്ദ്ര മോദി (ഫയൽ ചിത്രം)

ഗോധ്രയിലെത്തിയ കർസേവകരും മുസ്‍ലിം സംഘടനാ നേതാക്കളുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. സബർമതി എക്സ്പ്രസിനു നേരെയുണ്ടായ തീവയ്പ് ഗുജറാത്തിനെ കലാപകലുഷിതമാക്കി. അതു കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദിക്ക് വീഴ്ച പറ്റിയെന്ന ആരോപണം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ആഗ്രഹിച്ചിരുന്നുവെന്നതാണ് പുസ്തകത്തിലെ സുപ്രധാനമായ ഒരു വെളിപ്പെടുത്തൽ. അതിനു പിന്നിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ:

‘2002 മാർച്ച് 20, ഗുജറാത്ത് കലാപത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പാർലമെന്റിൽ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. പ്രധാനമന്ത്രി വാജ്പേയിയുടെ മതനിരപേക്ഷ സമീപനങ്ങൾക്കു നേരെയും ചോദ്യം ഉയർന്നു. ഈ സമയത്ത് വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങിന് ഒരു ഫോൺ വന്നു. വാജ്പേയിയുടെ സെക്രട്ടറി കൂടിയായിരുന്ന ബിജെപി നേതാവ് പ്രമോദ് മഹാജനായിരുന്നു അങ്ങത്തലയ്ക്കൽ. ‘‘ഒന്നു കൈകാര്യം ചെയ്യൂ’’ എന്നദ്ദേഹം അഭ്യർഥിക്കുന്നുണ്ടായിരുന്നു. ജസ്വന്ത് സിങ് പ്രധാനമന്ത്രിയുടെ പാർലമെന്റിലെ ഓഫിസിലേക്കു പാഞ്ഞെത്തി. വാജ്പേയി തന്റെ രാജിക്കത്ത് തയാറാക്കുകയായിരുന്നു ജസ്വന്ത് സിങ് അദ്ദേഹത്തിന്റെ കൈയിൽക്കയറി പിടിച്ചു. വാജ്പേയി അദ്ദേഹത്തെ രൂക്ഷമായി നോക്കി. എങ്കിലും രാജിക്കത്ത് എഴുതുന്നതിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ജസ്വന്ത് സിങ്ങിനു കഴിഞ്ഞു. 

രാജി വയ്ക്കാനുള്ള തന്റെ തീരുമാനം പിന്നീടും വാജ്പേയി ആവർത്തിച്ചു. അതിനെതിരെ കുടുംബത്തിനുള്ളിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ഇക്കാലത്തൊരിക്കൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി തന്റെ ഓഫിസിലേക്കു വിളിച്ചു വരുത്തി. മോദി എത്തിയത് ഒരു സർവേ റിപ്പോർട്ടുമായിട്ടാണ്. ഗുജറാത്തിലെ അന്തരീക്ഷം ബിജെപിക്ക് അനുകൂലമാണെന്നും തിരഞ്ഞെടുപ്പു നടത്തിയാൽ സുഗമമായി അധികാരത്തിലെത്താമെന്നുമായിരുന്നു അതിന്റെ ഉള്ളടക്കം. എന്നാൽ ആ നിർദേശം വാജ്പേയി സ്വീകരിച്ചില്ല. വൈകാതെ ഗുജറാത്തിലെത്തിയ വാജ്പേയി കലാപത്തിനിരയായ മുസ്‌ലിം അഭയാർഥികൾ താമസിച്ചിരുന്ന ക്യാംപ് സന്ദർശിച്ചു. അതുകഴിഞ്ഞ് ഗാന്ധിനഗർ വിമാനത്താവളത്തിൽവച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചു: ‘‘മുഖ്യമന്ത്രിക്ക് എന്തു സന്ദേശമാണ് അങ്ങേക്കു നൽകാനുള്ളത്?’’വാജ്പേയി പറഞ്ഞു: ‘‘എനിക്ക് മുഖ്യമന്ത്രിയോട് ഒന്നേ പറയാനുള്ളൂ, രാജധർമം പാലിക്കുക, ഒരു രാജാവ് തന്റെ പ്രജകളോട് വിവേചനത്തോടെ പെരുമാറരുത്.’’ സമീപത്തുണ്ടായിരുന്ന നരേന്ദ്രമോദി വിശദീകരിച്ചു: ‘‘ഞങ്ങൾ അപ്രകാരം തന്നെയാണു പ്രവർത്തിക്കുന്നത്.’’ അതിനു മറുപടിയെന്നോണം വാജ്പേയി പറഞ്ഞു: ‘‘നരേന്ദ്ര മോദി അങ്ങനെതന്നെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.’’

∙ ‘രാജി വയ്ക്കാമെന്നെങ്കിലും പറയാമായിരുന്നില്ലേ?’

തനിക്കെതിരെ ആർഎസ്എസ് നിയോഗിച്ച പ്രതിയോഗിയായിട്ടാണ് എക്കാലവും വാജ്പേയി നരേന്ദ്ര മോദിയെ കണ്ടിരുന്നത്. ഗോവിന്ദാചാര്യ ഉൾപ്പെടെയുള്ള എതിരാളികളെ നിഷ്പ്രഭരാക്കുന്നതിൽ വാജ്പേയിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. നരേന്ദ്രമോദിക്കെതിരെയും ഗുജറാത്ത് കലാപത്തെ മുൻനിർത്തി ഇത്തരം ഒരു തന്ത്രം വാജ്പേയി പുറത്തെടുത്തെങ്കിലും അതു നിഷ്പ്രഭമായി. ഒരുപക്ഷേ വാജ്പേയി യുഗത്തിന് അന്ത്യം കുറിച്ചതും ഈ സംഭവമായിരിക്കാം. വാജ്പേയി യുഗം അവസാനിച്ചപ്പോൾ സ്വാഭാവികമായി എൽ.കെ.അഡ്വാനിക്കു മുന്നിലെ സാധ്യതകളും അടഞ്ഞുപോയതിന്റെ കഥ ഈ പുസ്തകത്തിൽ വായിക്കാം.

2002 ഏപ്രിൽ 11. വാജ്പേയി സിംഗപ്പൂരിലേക്കു തിരിച്ചു. തന്റെ വിശ്വസ്തനായ അന്നത്തെ കാബിനറ്റ് മന്ത്രി അരുൺ ഷൂരിയും വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു. യാത്രയിലുടനീളം വാജ്പേയി അസ്വസ്ഥനായിരുന്നു. ആ മനസ്സു വായിക്കാനറിയാമായിരുന്ന അരുൺഷൂരി പറഞ്ഞു: ‘‘സിംഗപ്പൂരിൽ എത്തിയ ഉടൻതന്നെ അഡ്വാനിയെ വിളിച്ച് മോദിയുടെ രാജി ആവശ്യപ്പെടുക.’’ വാജ്പേയി അതിനു തയാറായില്ല.

അതിനിടെയാണ് ഗോവയിൽ ബിജെപി ദേശീയ എക്സിക്യുട്ടീവ് യോഗം ചേർന്നത്. അവിടേക്കുള്ള വിമാനത്തിൽ അഡ്വാനിയും വാജ്പേയിക്കൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ബ്രിജേഷ് മിശ്ര ഇടപെട്ട് വാജ്പേയിയുടെ രണ്ടു വിശ്വസ്തരെക്കൂടി ആ യാത്രയിലുൾപ്പെടുത്തി; അരുൺ ഷൂരിയെയും ജസ്വന്ത് സിങ്ങിനെയും. അഡ്വാനിയും വാജ്പേയിയും തമ്മിൽ സംസാരിക്കാൻ സാധ്യത ഇല്ലാത്തതിനാലാണത്. ധാരാളം പത്രങ്ങൾ വിമാനത്തിലുണ്ടായിരുന്നു. നരേന്ദ്ര മോദിക്കെതിരെ ഗോവയിലുണ്ടാകാനിടയുള്ള നടപടികളെക്കുറിച്ചായിരുന്നു എല്ലാ പത്രങ്ങളിലെയും വാർത്ത. വാജ്പേയി പത്രങ്ങൾ അഡ്വാനിക്ക് അഭിമുഖമായി പിടിച്ചാണു വായിച്ചു കൊണ്ടിരുന്നത്. അഡ്വാിയും അത് ആവർത്തിച്ചു. ഇരുവരും പരസ്പരം ഒഴിവാക്കുകയായിരുന്നു. ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ സൗഹൃദം അതിന്റെ അവസാനത്തിലേക്ക് അടുക്കുകയായിരുന്നു. അരുൺ ഷൂരിയും ജസ്വന്ത് സിങ്ങും അസ്വസ്ഥരായി കുറേനേരം പരസ്പരം നോക്കിയിരുന്നു. 

ഒടുവിൽ അരുൺ ഷൂരി വാജ്പേയിയുടെ കൈയിലിരുന്ന പത്രം പിടിച്ചു വാങ്ങിക്കൊണ്ടു പറഞ്ഞു: ‘‘അങ്ങേയ്ക്ക് എപ്പോൾ വേണമെങ്കിലും പത്രം വായിക്കാമല്ലോ. അങ്ങ് അഡ്വാനിയുമായി ചർച്ച ചെയ്യാൻ മൂന്നു ദിവസമായി അഗ്രഹിക്കുന്ന ഒരു കാര്യമുണ്ടല്ലോ, അത് ഇപ്പോൾ ചെയ്യുക.’’ വാജ്പേയിയുടെ പ്രതികരണം ദീർഘമായ മൗനത്തിലൊതുങ്ങി. ‘‘രാജിവയ്ക്കാമെന്നെങ്കിലും പറയാമായിരുന്നല്ലോ’’. വാജ്പേയി മൗനം ഭഞ്ജിച്ചു പറഞ്ഞു. ‘‘മോദിയുടെ രാജി കൊണ്ടൊന്നും ഗുജറാത്തിലെ പ്രശ്നം തീരില്ല, മാത്രമല്ല, രാജി പാർട്ടി അംഗീകരിക്കുമെന്നും തോന്നുന്നില്ല.’’ അഡ്വാനി പ്രതികരിച്ചു. എങ്കിലും വാജ്പേയിയുടെ അഭിപ്രായത്തിന് എല്ലാ പരിഗണനയും ലഭിക്കുമെന്നും മോദിയുടെ രാജിക്കാര്യത്തിൽ വേണ്ടതു ചെയ്യാമെന്നും അഡ്വാനി ഉറപ്പു നൽകിയതോടെ, നീണ്ടുനിന്ന ശീതസമരത്തിന്റെ മഞ്ഞുരുകി.

∙ മോദിക്കുവേണ്ടി എഴുതിയ തിരക്കഥ

ഗോവയിലെ എക്സിക്യുട്ടീവ് യോഗം. 250 പേരാണ് പ്രതിനിധികൾ. വാജ്പേയി, അഡ്വാനി, പാർട്ടി പ്രസിഡന്റ് ജന കൃഷ്ണമൂർത്തി എന്നിവർ വേദിയിലുണ്ട്. സദസ്സിന്റെ മധ്യനിരയിൽ നരേന്ദ്ര മോദി. ഗുജറാത്ത് വിഷയങ്ങൾ അടുത്ത ദിവസം ചർച്ച ചെയ്യാമെന്നായിരുന്നു ധാരണ. പെട്ടെന്ന് നരേന്ദ്ര മോദി എഴുന്നേറ്റു. ഗുജറാത്ത് വിഷയത്തെപ്പറ്റിയും സർക്കാർ സ്വീകരിച്ച നടപടികളെപ്പറ്റിയും വിശദീകരിച്ചു. ഒടുവിൽ അദ്ദേഹം പറഞ്ഞു. ‘‘ഇതൊക്കെയാണെങ്കിലും പാർട്ടിക്ക് ഞാൻ കാരണം ഒരു ദോഷവും ഉണ്ടാകരുത്. അതുകൊണ്ട് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രി പദവി രാജിവയ്ക്കുകയാണ്.’’ അതുവരെ കാര്യങ്ങൾ മുന്നോട്ടു പോയത് വാജ്പേയി ആഗ്രഹിച്ച പ്രകാരമാണ്. എന്നാൽ പെട്ടെന്നുതന്നെ മറ്റൊരു തിരക്കഥയിലേക്കു കാര്യങ്ങൾ മാറി. സദസ്സിൽനിന്ന്, മോദി രാജിവയ്ക്കേണ്ടതില്ലെന്ന നിർദേശം ഉയർന്നു. ‘മോദി, മോദി’ വിളികൾ ഉയർന്നു. അതിനു പിന്നിലെ കഥയെന്ത്? വിനയ് സീതാപതി പറയുന്നു:

‘ഗോവ എക്സിക്യുട്ടീവിന്റെ തലേന്ന് അരുൺ ജെയ്റ്റ്ലി ഗുജറാത്തിലെത്തി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഡൽഹി വാസക്കാലത്തെ സായാഹ്ന സവാരിയിലെ സൗഹൃദം മോദിക്ക് അനുകൂലമാവുകയായിരുന്നു. അരുൺ ജെയ്റ്റ്ലിയും വെങ്കയ്യ നായിഡുവും തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് പിന്നീട് കാര്യങ്ങൾ മുന്നോട്ടു നീങ്ങിയത്. എൽ.കെ. അഡ്വാനിയുടെ അറിവോടെയാണ് ഈ തിരക്കഥ രൂപപ്പെട്ടത്. ഒടുവിൽ എക്സിക്യുട്ടീവ് അംഗങ്ങളുടെ വികാരത്തിനൊപ്പം നിൽക്കാൻ വാജ്പേയി നിർബന്ധിതനായി’.

∙ നരേന്ദ്ര മോദി യുഗം പിറക്കുന്നു

2004 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തപ്പിടിച്ച ‘ഇന്ത്യാ ഷൈനിങ്’ പ്രചാരണം പരാജയപ്പെട്ടു. അവർക്കു ഭരണം നഷ്ടമായി. അതിനു കാരണം സർക്കാരിന്റെ ഹിന്ദുത്വ വിരുദ്ധ നയങ്ങളാണെന്നായിരുന്നു ആർഎസ്എസിന്റെ വിലയിരുത്തൽ. എന്നാൽ മോദിയുടെ ഗുജറാത്ത് നയങ്ങളാണതിനു കാരണമെന്ന നിലപാടാണ് വാജേപേയി സ്വീകരിച്ചത്. അതിന്റെ പേരിൽ മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാനുള്ള വാജ്പേയിയുടെ അവസാനവട്ട ശ്രമങ്ങളും പരാജയപ്പെട്ടു.

പിന്നീട് വാജ്പേയി ആരോഗ്യ പ്രശ്നങ്ങളുടെ തടവറയിലായി. പാക്കിസ്ഥാൻ സന്ദർശിച്ച് മുഹമ്മദാലി ജിന്നയെ പ്രകീർത്തിച്ചു നടത്തിയ പ്രസ്താവനകൾ അഡ്വാനിയെ പാർട്ടിയിൽ അനഭിമതനാക്കി. അതോടെ ബിജെപിയിൽ മോദിയുഗം പിറന്നു. ബിജെപിയെന്ന പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത എൽ.കെ.അഡ്വാനിക്ക് മുൻ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആയി ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്താൻ അവസരമുണ്ടായില്ല. താൻ സ്വപ്നംകണ്ട വഴിയലല്ല പാർട്ടി നീങ്ങുന്നതെന്ന അഡ്വാനിയുടെ പ്രസ്താവനകൾ കാറ്റിൽ പറന്നു. നരേന്ദ്ര മോദിയും അമിത്ഷായുമൊന്നിച്ചുള്ള മറ്റൊരു ജുഗൽബന്ദിക്കു തുടക്കമായി.

English Summary: Insider about Atal Bihari Vajpayee and LK Advani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com