തരൂരിനെ പൊന്നാടയണിയിച്ച് സ്വീകരിച്ച് കര്‍ദിനാള്‍; മത്സ്യത്തൊഴിലാളികള്‍ ദേശവിരുദ്ധരല്ലെന്ന് തരൂര്‍

shashi-taroor-mar-george-alencheri
കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലെത്തിയ ശശി തരൂരിനെ പൊന്നാടയണിയിച്ച് സ്വീകരിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
SHARE

കൊച്ചി ∙ വിഴിഞ്ഞത്ത് തുറമുഖ പദ്ധതി നടപ്പാക്കരുത് എന്നത് ഒഴികെയുള്ള മൽസ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും ന്യായമാണെന്ന് ശശി തരൂർ എംപി. മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്ന ന്യായമായ കാര്യങ്ങൾ സർക്കാർ ചെയ്തു കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങുമ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർദിനാളുമായി വിഴിഞ്ഞം വിഷയം ചർച്ച ചെയ്തില്ലെന്നും പൊതു കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലെത്തിയ ശശി തരൂരിനെ പൊന്നാടയണിയിച്ചാണ് കര്‍ദിനാള്‍ സ്വീകരിച്ചത്. 

വിഴിഞ്ഞത്ത് സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രണ്ടു ഭാഗത്തു നിന്നുമുള്ള വിട്ടുവീഴ്ചകളാണ് വേണ്ടത്. രണ്ടു ഭാഗവും ഒത്തുതീർപ്പിനു തയാറാകണം. ഇക്കാര്യത്തിൽ സമരം ആരംഭിക്കുന്നതിനു മുമ്പു തന്നെ ആർച്ച് ബിഷപ്പിനെയും ബിഷപ്പിനെയും കണ്ടു സംസാരിച്ചു ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയെയും കണ്ടു സംസാരിച്ചതാണ്. വിഷയത്തിൽ ഇടപെടാൻ ഒരു എംപിക്ക് പരിമിതികളുണ്ട്. അധികാരമുള്ള സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ആണ് എന്തെങ്കിലും ചെയ്യേണ്ടത്. മൽസ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്ന ന്യായമായ കാര്യം സർക്കാർ ചെയ്തു കൊടുക്കുന്നില്ല എന്നതു വസ്തുതയാണ്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തതു നിരാശാജനകമാണ്. അതേസമയം പല വിഷയത്തിലും പുരോഗതി ഉണ്ടായിട്ടുണ്ടു താനും. 

മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ജനങ്ങൾ മനസിലാക്കണം. ഇവരെ വികസന വിരുദ്ധരെന്നും ദേശവിരുദ്ധരെന്നും പറയുന്നതു തെറ്റാണ്.  നമ്മളുടെ നാടിനും നാട്ടുകാർക്കും വേണ്ടി നിന്നവരാണ് അവർ. സ്വന്തം ജീവൻ പണയംവച്ച് പ്രളയകാലത്ത് ജനങ്ങളെ വീടിന്റെ മുകളിൽനിന്നു വരെ രക്ഷിച്ചത് അവരാണ്. 65000 പേരെ രക്ഷിച്ചു. അതേസമയം നമ്മൾ അവർ‌ക്കു വേണ്ടി എന്തു ചെയ്തു എന്നു ചോദിക്കാൻ അവർക്ക് അവകാശമുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ് ഭൂരിപക്ഷവും. അവർ ഓരോ കഷ്ടങ്ങൾ അനുഭവിക്കുമ്പോൾ ആവശ്യങ്ങൾ മനസിലാക്കി അനുകമ്പയോടെ സഹായം ചെയ്തു കൊടുക്കേണ്ടതു സർക്കാരിന്റെ കടമയാണ്. ചുഴലിക്കാറ്റു വന്നതു സർക്കാരിന്റെ തെറ്റല്ല, എന്നാൽ അവർക്കു ചെയ്തു കൊടുക്കേണ്ടതു ചെയ്തു എന്നു പറയാൻ നമുക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

സുധാകരനോടു പൊതുവേദിയിൽ ടി.പത്മനാഭവൻ പറഞ്ഞത് അറിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ പറഞ്ഞാണ് അറിയുന്നതെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പി.സി.ചാക്കോ സ്വാഗതം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് പോയാലല്ലേ സ്വാഗതം എന്നു പറയാനാകൂ എന്നായിരുന്നു മറുപടി. അദ്ദേത്തോടൊപ്പം എംപിയായി ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ ഇക്കാര്യത്തിൽ നേരിട്ട് എന്തെങ്കിലും പറ‍ഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. വികസനത്തിനു വേണ്ടി ജനങ്ങളെ യോജിപ്പിച്ചു കൊണ്ടുവരണം എന്നാണ് അഭിപ്രായം. വികസനം ജനങ്ങൾക്കു വേണ്ടിയാണ്. വിഴിഞ്ഞം പദ്ധതി വന്നാൽ രാജ്യത്തിനും സംസ്ഥാനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഗുണമാണ്. ജനങ്ങള്‍ക്കാണ് ഇതുവഴി ഗുണം ലഭിക്കുന്നത്. അനാവശ്യമായ തടസ്സങ്ങൾ പാടില്ല. വികസനം ജനങ്ങൾക്കു വേണ്ടതാണെന്നു മനസിലാക്കി നൽകണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Shashi Tharoor visited Mar George Alencheri 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS