ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം പ്രശ്ന പരിഹാരത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളോടു സമരസമിതിയും ലത്തീന്‍ അതിരൂപതയും ഇന്നു നിലപാട് അറിയിക്കും. രാവിലെ ലത്തീന്‍ രൂപതയിലെ വൈദികരുടെ സമ്മേളനവും തുടര്‍ന്ന് സമരസമിതിയുടെ യോഗവും നടക്കും. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളില്‍ ധാരണയായാല്‍ മന്ത്രിതല സമിതി സമരക്കാരുമായി ചര്‍ച്ചനടത്തും.

തീരശോഷണം പഠിക്കാനുളള സമിതിയില്‍ പ്രാദേശിക വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തണമെന്ന സമരസമിതി നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സമിതിയെ നിയോഗിച്ചു കഴിഞ്ഞെന്നും പ്രാദേശിക വിദഗ്ധരുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കാമെന്നുമാണു സര്‍ക്കാര്‍ നിലപാട്.

വാടക തുക 5500ല്‍നിന്ന് 8000 ആയി ഉയര്‍ത്തണമെന്ന സമരസമിതി ആവശ്യത്തോടും അനുകൂല പ്രതികരണമില്ല. അധികമായി നൽകുന്ന 2500 രൂപ അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കാമെന്നാണു നിര്‍ദേശം. ഉറപ്പുകള്‍ സമയബന്ധിതമായി പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ മോണിറ്ററിങ് സമിതിയെ വയ്ക്കാമെന്നും സമരസമിതി പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലത്തെ ചര്‍ച്ചയ്ക്കുശേഷം തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി അറിയിച്ചതോടെ സമരസമിതി കൂടിയാലോചനകള്‍ക്ക് ഇന്നു വൈകിട്ടുവരെ സമയം തേടുകയായിരുന്നു. ഏഴ് ആവശ്യങ്ങളില്‍ ആറിലും വ്യക്തമായി ഉറപ്പു ലഭിച്ചാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു പഠനമെന്ന ആവശ്യത്തില്‍നിന്നു സമരസമിതി പിന്മാറുമെന്നാണു സൂചന. ഇന്നു ചേരുന്ന വൈദികരുടെ യോഗവും സമരസമിതി യോഗവും സമവായ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ക്കു സമരസമിതിയും കൈകൊടുത്താല്‍ മന്ത്രിസഭാ ഉപസമിതി വൈകിട്ട് സമരക്കാരുമായി ചര്‍ച്ച നടത്തും.

English Summary: Compromise on Vizhinjam Port Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com