ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം നിയമസഭയിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിക്കൂറായിരുന്നു ചർച്ച. എം.വിൻസെന്റ് എംഎൽഎയാണ് വിഷയം അവതരിപ്പിച്ചത്. എം.വിൻസെന്റ്, സജി ചെറിയാൻ, രമേശ് ചെന്നിത്തല, മുഹമ്മദ് മുഹ്സിൻ, പി.കെ.കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, അനൂപ് ജേക്കബ്, തോമസ് കെ.തോമസ്, മോൻസ് ജോസഫ്, വി.ജോയി, വി.ഡി.സതീശൻ എന്നിവരാണ് ചർച്ചയിൽ സംസാരിച്ചത്.

∙ എം.വിൻസെന്റ്

വിഴിഞ്ഞത്തെ അക്രമ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എം.വിൻസെന്റ് എംഎൽഎ. അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചത് സർക്കാരാണ്. നാലുമാസമായിട്ടും സമരം ഒത്തുതീർപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാരിന്റെ പരാജയമാണ്. സമരക്കാരെ ശത്രുതാ മനോഭാവത്തോടെയാണ് സർക്കാർ കണ്ടത്.

സജി ചെറിയാൻ, എം.വിൻസെന്റ് (Screengrab: Manorama News)
സജി ചെറിയാൻ, എം.വിൻസെന്റ് (Screengrab: Manorama News)

വിഴിഞ്ഞം സമരത്തിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രിമാർ പറഞ്ഞത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാർ ഇങ്ങനെ പറയുന്നത്. ഇങ്ങനെയുള്ള പരാമർശങ്ങൾ ഉണ്ടാകേണ്ടവരാണോ മത്സ്യത്തൊഴിലാളികൾ എന്ന് എല്ലാവരും ഓർക്കണം. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികൾ ഒരു ആവശ്യവുമായി വരുമ്പോൾ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത്.

നാലു വർ‌ഷമായി വലിയതുറയിലെ സിമന്റ് ഗോഡൗണിലാണ് മത്സ്യത്തൊഴിലാളികൾ താമസിക്കുന്നത്. മന്ത്രിമാരോ എന്തിന് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരോ ഒരു ദിവസം ഗോഡൗണിൽ കഴിയുമോയെന്നു വിൻസെന്റ് ചോദിച്ചു. മുതലപ്പൊഴിയിൽ നിരവധിപേർ കടലിൽ മരിച്ചെങ്കിലും സർക്കാർ നടപടിയെടുത്തില്ല. മത്സ്യത്തൊഴിലാളികൾ മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കണമെന്ന് പറയുന്നതാണോ രാജ്യദ്രോഹം.

ചർച്ചകളുടെ അഭാവമാണ് വിഴിഞ്ഞത്തെ പ്രശ്നങ്ങൾക്ക് കാരണം. ഉമ്മൻ ചാണ്ടി സർക്കാർ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചാണ് മുന്നോട്ടുപോയത്. വിഴിഞ്ഞം പദ്ധതിയെ തകർക്കാനാണ് എൽഡിഎഫ് തുടക്കം മുതൽ ശ്രമിച്ചത്. നാല് മഞ്ഞക്കല്ലുമായി വന്ന് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്റെ വികസന നയമെന്നും എം.വിൻസെന്റ് പറഞ്ഞു.

വിഴിഞ്ഞത്തേത് ആരും കരഞ്ഞുപോകുന്ന സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഉപരോധ സമരം തുടങ്ങിയശേഷമാണ് ചർച്ചകൾ തുടങ്ങിയത്. ‘‘ഞങ്ങൾ തുറമുഖത്തിന് എതിരല്ല. സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണം. തുറമുഖ ഉദ്ഘാടനം ബഹിഷ്കരിച്ചത് സിപിഎമ്മുകാരാണ്. ഉദ്ഘാടനത്തിന് വന്നവരെ സിപിഎമ്മുകാർ കല്ലെറിഞ്ഞു. നവംബർ 26നുണ്ടായ സംഘർഷം പൊലീസ് സൃഷ്ടിച്ചതാണ്. സംഘർഷങ്ങളില്‍ ജുഡീഷ്യൽ അന്വേഷണം വേണം’’– അദ്ദേഹം ആവശ്യപ്പെട്ടു. എം.വിൻസെന്റ് വിഷയം അവതരിപ്പിക്കുന്നതിനിടെ സഭയിൽ ബഹളമുണ്ടായി. എം.വിൻസെന്റ് കരയുന്നുവെന്ന് ഭരണപക്ഷം കമന്റ് ചെയ്തു. കരയാനും ഒരു മനസ് വേണമെന്ന് എം.വിൻസെന്റ് തിരിച്ചടിച്ചു.

∙ സജി ചെറിയാൻ

വിഴിഞ്ഞം വിഷയത്തിൽ യു‌ഡിഎഫ് കുളംകലക്കി മീൻപിടിക്കുകയാണെന്ന് സജി ചെറിയാൻ എംഎൽഎ. അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിനു യുഡിഎഫ് കാലത്താണ് എല്ലാ അനുമതികളും ലഭിച്ചതെന്നു സജി ചെറിയാൻ പറഞ്ഞു. ഒരു കോർപറേറ്റ് കമ്പനിക്കു പൂർണമായി നിർമാണം കൈമാറുകയാണ് യുഡിഎഫ് ചെയ്തത്. തുറമുഖത്തിന് ജനകീയ മുഖം നൽകാൻ ശ്രമിച്ചത് എൽഡിഎഫാണ്. തീരത്തിന്റെ കണ്ണീർ ഒപ്പിയതും ഇടതു സർക്കാരാണ്. മത്സ്യത്തൊഴിലാളികളെ എന്നും സൈന്യമായി കാണുന്ന സർക്കാരാണിത്.

തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല എന്ന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. രാജ്യാന്തര തലത്തിൽ വലിയ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. എൽഡിഎഫിന്റെ കാലത്ത് വികസനം നടക്കരുതെന്നാണ് യുഡിഎഫ് നിലപാട്. ഈ തുറമുഖം വരാതിരിക്കാൻ വലിയ ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. കോടികൾ ചെലവഴിച്ച് നിർമാണം ആരംഭിച്ച തുറമുഖത്തിന്റെ നിർമാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നൽകിയിരുന്നു. പ്രധാന വിഷയമായതിനാൽ അടിയന്തരപ്രമേയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വിഴിഞ്ഞം പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളോട് സമരസമിതിയും ലത്തീന്‍ അതിരൂപതയും ഇന്ന് നിലപാട് അറിയിക്കാനിരിക്കെയാണ് വിഷയം നിയമസഭ ചർച്ച ചെയ്യുന്നത്.

രമേശ് ചെന്നിത്തല (Screengrab: Sabha TV)
രമേശ് ചെന്നിത്തല (Screengrab: Sabha TV)

∙ രമേശ് ചെന്നിത്തല

വിഴിഞ്ഞം പദ്ധതിയെ തുടക്കം മുതൽ എതിർത്തത് എൽഡിഎഫാണെന്നു രമേശ് ചെന്നിത്തല. 7000 കോടിരൂപയുടെ അഴിമതി ആരോപണമാണ് സിപിഎം യുഡിഎഫ് സർക്കാരിനെതിരെ ഉന്നയിച്ചത്. എന്നാൽ, എൽഡിഎഫ് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ യുഡിഎഫ് സർക്കാരിന് ക്ലീൻ ചിറ്റ് നൽകി. നെടുമ്പാശേരിയിൽ വിമാനത്താവളം പണിയുന്നതിനെ എതിർത്തവരാണ് സിപിഎം. ഒടുവിൽ വിമാനത്താവള കമ്പനിയുടെ ഡയറക്ടർ ബോർഡിൽ സിപിഎം നേതാക്കളെത്തി. പാർട്ടി പത്രം പറയുന്നതുപോലെ ആന്റണി രാജുവിന്റെ സഹോദരൻ തീവ്രവാദിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് എന്തുപറ്റിയെന്ന് ചോദിച്ച രമേശ് ചെന്നിത്തല, ഭരണാധികാരിയെന്ന നിലയിൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരം പരിഹരിക്കാൻ കഴിയാത്തത് ലജ്ജാകരമാണ്. 7 വർഷമായി പദ്ധതിയുടെ ഡിപിആർ തയാറാക്കിക്കഴിഞ്ഞില്ല. സമരത്തിന്റെ കാരണം ഈ വൈകലാണെന്നും അദ്ദേഹം ആരോപിച്ചു. 

∙ മുഹമ്മദ് മുഹ്സിൻ

ഉമ്മൻ ചാണ്ടി 485 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചെന്നും ആ പാക്കേജ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നും മുഹമ്മദ് മുഫ്സിൻ ചോദിച്ചു. പാക്കേജ് നടപ്പാക്കാത്തതാണ് സമരത്തിന് കാരണം. മന്ത്രി അബ്ദുറഹിമാൻ തികഞ്ഞ മതേതരവാദിയാണ്. ഐഎസ്ആർഒയ്ക്ക് സ്ഥലം കൊടുത്തവരെ മർദിച്ച് ഒതുക്കാൻ ശ്രമിക്കരുത്. കേന്ദ്ര സേനയെ വിളിക്കാനുള്ള തീരുമാനത്തെ എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

∙ പി.കെ.കുഞ്ഞാലിക്കുട്ടി

മന്ത്രി വി.അബ്ദുറഹിമാനെതിരായ പ്രസ്താവനയെ അപലപിക്കുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. കേരളം അടുത്തിടെ കേട്ട എറ്റവും മോശം പ്രസ്താവനയെന്നും വിഴിഞ്ഞം തുറമുഖം വേണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ കരഞ്ഞപ്പോൾ തീരം കണ്ണീരൊപ്പി. പക്ഷേ, അവരുടെ കണ്ണീരൊപ്പിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയസമയത്ത് മത്സ്യത്തൊഴിലാളികളുടെ ഇടപെടൽ സൂചിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ.

∙ വി.ജോയ്

തുറമുഖം സർക്കാർ ഉടമസ്ഥതയിൽ വേണമെന്ന ആവശ്യം അട്ടിമറിച്ചത് യുഡിഎഫ് എന്ന് വി.ജോയ് ആരോപിച്ചു. ഇതിനുള്ള ഗൂഢാലോചന നടന്നത് ഒരു കോൺഗ്രസ് എംപിയുടെ വസതി കേന്ദ്രീകരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തിന്റെ മറവിൽ വീണ്ടും വിമോചന സമരമെന്ന പരിപ്പ് വേവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വൈദിക്കർക്കെതിരെയും വി.ജോയ് രൂക്ഷ വിമർശനം നടത്തി. ചില വൈദികരുടെ വാക്കുകൾ തീവ്രവാദ സ്വഭാവമുള്ളതാണ്. ലത്തീൻ സഭ ഒരുവിഭാഗത്തെ ഇങ്ങനെ അഴിച്ചുവിടാമോ?. പഴയ ചരിത്രം ലത്തീൻ സഭ മറക്കാൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

എന്ത് വിടുവായത്തവും പറയുന്ന ആളാണ് കെ.സുധാകരനെന്നും വി.ജോയ് ആരോപിച്ചു.. ഇതിനെതിരെ നിയമസഭയിൽ ബഹളമുണ്ടായി. പ്രസ്താവന പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കർ അറിയിച്ചു. 

സമരസമിതി ചർച്ച ഇന്ന്

കഴിഞ്ഞ ദിവസം, ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്തിരുന്നു. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദു‍റഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്. തുടർന്ന് സർക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി വി.പി.ജോയ് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ കണ്ടു വിശദീകരിച്ചു. 

സമരസമിതി ഇന്നു യോഗം ചേർന്നശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്.പെരേര അറിയിച്ചു. സമരസമിതിയു‍ം മന്ത്രിസഭാ ഉപസമിതിയും ഇന്നു കൂടിയാലോചന നടത്തുമെന്നും ഒത്തുതീർപ്പിനുള്ള ധാരണയായാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി അക്കാര്യം പ്രഖ്യാപിക്കുമെന്നുമാണ് വിവരം. സമരസമിതി ഉന്നയിച്ച ചില ആവശ്യങ്ങളിൽ വ്യക്തത വരാത്തതിനാലാണ് ചർച്ച ഇന്നും തുടരുന്നത്.

English Summary: Kerala Assembly discuss on Vizhinjam Port Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com