ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ സർക്കാർ ഒരു അലംഭാവവും കാണിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും പദ്ധതി ഉപേക്ഷിക്കില്ല എന്നതിൽ മാത്രമേ സർക്കാരിനു കടുംപിടുത്തമുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംയമനത്തിന്റെ അതിരുവിട്ട് ഒരുനടപടിയും വിഴിഞ്ഞത്ത് സർക്കാർ സ്വീകരിച്ചിട്ടില്ല. അക്രമം ഉണ്ടായാൽ കേസ് റജിസ്റ്റർ ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യമല്ല. ആർച്ച് ബിഷപ്പിനെതിരെ കേസെടുത്തത് കോടതിയലക്ഷ്യം കാരണമാണ്. വ്യക്തികളുടെ മുഖം നോക്കിയല്ല നിയമം നടപ്പാക്കുക. പ്രകോപന പ്രസംഗങ്ങളുണ്ടായി. ആംബുലൻസും ഗർഭിണികളെയും തടഞ്ഞു. പൊലീസുകാരെ തുടർച്ചയായി ആക്രമിച്ചു. നിയമം കയ്യിലെടുക്കുന്നവരെ പൊലീസിനു നിയന്ത്രിച്ചേ മതിയാകൂ. പൊലീസിന്റെ സംയമനവും ക്ഷമയും മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സെക്രട്ടേറിയറ്റിനു മുന്നിൽ ബോട്ട് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് സമരക്കാരെ തടഞ്ഞത്. സമരത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ചിലർക്കെങ്കിലും സങ്കുചിതമായ ലക്ഷ്യങ്ങളുണ്ടായി. സമരത്തെ നയിക്കുന്നവരെ ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുറമുഖ സുരക്ഷയ്ക്കു കേന്ദ്രസേനവേണമെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന സർക്കാർ അതിനെ അനുകൂലിച്ചു എന്നാണ് പ്രചാരണം. ഇപ്പോൾതന്നെ പല സ്ഥാപനങ്ങളിലും കേന്ദ്ര സേനയുണ്ട്. 2015ൽ യുഡിഎഫ് സർക്കാർ ഒപ്പുവച്ച കരാറിൽ നിർമാതാക്കൾ ആവശ്യപ്പെടുന്ന സുരക്ഷ നൽകണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സമരം ഒത്തുതീർക്കാൻ സർ‌ക്കാർ നടപടിയെടുത്തില്ല എന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. 

സർക്കാരിനു വേണ്ടിയാണ് ഉപസമിതി സമരക്കാരുമായി ചർച്ച നടത്തിയത്. ഓഗസ്റ്റ് 16നാണ് തുറമുഖ കവാടത്തിൽ സമരം ആരംഭിക്കുന്നത്. മന്ത്രിസഭാ ഉപസമിതി 19ന് ചർച്ച നടത്തി. 24ന് വീണ്ടും ചർച്ച നടത്തി. സെപ്റ്റംബർ 5നും 23നും ചർച്ചകൾ നടന്നു. അനൗദ്യോഗിക ചർച്ചകൾ അല്ലാതെയും ഉണ്ടായി. 7 ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടു വച്ചത്. 5 ആവശ്യങ്ങൾ മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചയിൽ പരിഹരിക്കപ്പെട്ടു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ നിലപാടെടുത്തു. തീരശോഷണത്തെക്കുറിച്ച് പഠനം വേണമെന്ന സമരസമിതിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. നല്ല രീതിയിൽ ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ ആരോ ചിലർ സമരസമിതിയെ നിയന്ത്രിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടായി. വിഴിഞ്ഞം തുറമുഖത്തിനെതിരായി പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് 2014ൽ മന്ത്രി കെ.ബാബു നിയമസഭയിൽ മറുപടി പറഞ്ഞത്. അന്നു മുതൽ തന്നെ സർക്കാരിന് സംശയം ഉണ്ടായിരുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന്റെ വിഴിഞ്ഞം പുനരധിവാസ പാക്കേജ് തുക അനുവദിക്കാത്ത പാക്കേജ് ആയിരുന്നു. ബജറ്റിൽ പണം ഉൾകൊള്ളിക്കുകയോ പദ്ധതിയുടെ ഭാഗമാക്കുകയോ ചെയ്തില്ല. സർക്കാർ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് 275 ഭവനസമുച്ചയങ്ങൾ നിർമിച്ചു. മറ്റിടങ്ങളിൽ ഭവനനിർമാണത്തിനുള്ള നടപടികൾ നടക്കുന്നു. മണ്ണെണ്ണയ്ക്കു ലീറ്ററിനു 25രൂപ സബ്സിഡി നൽകുന്നുണ്ട്. മണ്ണെണ്ണ അല്ലാത്ത എൻജിൻ ഉപയോഗിക്കുമ്പോൾ ഒറ്റത്തവണ സബ്സിഡി നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സ്ഥാപനത്തിന്റെ റിപ്പോർട്ട് കിട്ടിയാൽ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Kerala assembly: Pinarayi vijayan over Vizhinjam seaport issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com